Sunday, October 28, 2007
Saturday, October 27, 2007
Monday, October 22, 2007
Sunday, October 21, 2007
13വര്‍ഷത്തെ ഇന്ത്യന്‍ രാഷ്ടീയം പ്രവചിച്ച് ചരിത്രത്തില്‍ ഇടം നേടിയ കാര്‍ട്ടൂണ്‍!
രാഷ്ട്രീയ കാര്‍ട്ടൂണുകള്‍ക്ക് അല്പായുസ്സാണെന്നാണു സങ്കല്പം.ദ്രുതഗതിയില്‍ മാറിമറിയുന്ന സംഭവവികാസങ്ങള്‍ക്കിടയില്‍ മിന്നല്‍പ്പിണറായി ജ്വലിച്ച് അതിവേഗം വിസ്മൃതിയിലേക്ക് മറയാനാണ്‍ പല രാഷ്ട്രീയകാര്‍ട്ടൂണുകളുടേയും തലവര.അസാധാരണമായ ഉള്‍ക്കാഴ്ചയോടെ സംഭവങ്ങളെ വിലയിരുത്തുന്ന ഒരു കാര്‍ട്ടൂണിസ്റ്റിനു മാത്രമേ കാലാതിവര്‍ത്തിയായ കാര്‍ട്ടൂണുകള്‍ രചിക്കാനാകൂ.ചരിത്രത്തില്‍ ഇടം നേടിയ അത്തരമൊരു കാര്‍ട്ടൂണിനെക്കുറിച്ചു പറയാം.
ഇന്ത്യന്‍ കാര്‍ട്ടൂണ്‍ രംഗത്തെ കുലപതിയായ കാര്‍ട്ടൂണിസ്റ്റ് ശങ്കറും പ്രധാനമന്ത്രിയായിരുന്ന നെഹ്രുവും തമ്മിലുണ്ടായിരുന്ന ആത്മബന്ധം പ്രസിദ്ധമാണല്ലോ.1948-ല്‍ ശങ്കേര്‍സ് വീക്ക്‍ലിയുടെ ഉദ്ഘാടനച്ചടങ്ങില്‍ വെച്ച് “എന്നെ വെറുതേ വിടരുത് ശങ്കര്‍” എന്നഭ്യര്‍ത്ഥിച്ച നെഹ്രുവിനെ ശങ്കര്‍ തെല്ലും നിരാശപ്പെടുത്തിയില്ല.പൂവായും പുഴുവായും നായായും നരിയായും നെഹ്രു ശങ്കറിന്റെ കാര്‍ട്ടൂണുകളില്‍ നിറഞ്ഞുനിന്നു.
1954-64 കാലഘട്ടം.സജീവരാഷ്ട്രീയത്തില്‍ നിന്നും വിരമിക്കാനുള്ള തന്റെ തീരുമാനം തല്പരകക്ഷികളുടെ സമ്മര്‍ദ്ദത്തിനു വിധേയമായി (?)നെഹ്രു മാറ്റിവെച്ചുകൊണ്ടിരുന്ന സന്ദര്‍ഭം.നെഹ്രുവിനു ശേഷം ആര്‍ എന്ന ചോദ്യം രാഷ്ട്രീയ ഉപശാലകളില്‍ ഒളിഞ്ഞും തെളിഞ്ഞും പ്രതിധ്വനിച്ചുകൊണ്ടിരുന്നു.ഈ ചോദ്യത്തിനു 1964 മെയ്17നു ശങ്കേര്‍സ് വീക്ക്‍ലിയില്‍ വരച്ച who after nehru എന്ന കാര്‍ട്ടൂണിലൂടെ ശങ്കര്‍ ഉത്തരം നല്‍കി.ക്ഷീണിതനായി ഓടുന്ന നെഹ്രുവില്‍ നിന്നും ദീപശിഖയേറ്റുവാങ്ങാന്‍ പിന്നാലെ ഓടുന്ന ലാല്‍ ബഹാദൂര്‍ ശാസ്ത്രി,ഗുല്‍സരിലാല്‍ നന്ദ,ഇന്ദിരാഗാന്ധി,വി.കെ.കൃഷ്ണമേനോന്‍,മൊറാര്‍ജി ദേശായി എന്നിവരായിരുന്നു കാര്‍ട്ടൂണില്‍.
ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഗ്രഹനില കുറിച്ചിട്ട കാര്‍ട്ടൂണായിരുന്നു അത്.കാര്‍ട്ടൂണ് അച്ചടിച്ചു വന്നതിന്റെ പത്താം നാള്‍ 1964മെയ്27നു നെഹ്രു അന്തരിച്ചു.ശങ്കറിന്റെ കാര്‍ട്ടൂണില്‍ നെഹ്രുവിനു പിന്നാലെ ഓടിയിരുന്നവരില്‍ ഗുല്‍സരിലാല്‍ നന്ദ ഇടക്കാല പ്രധാനമന്ത്രിയായി ചുമതലയേറ്റു.13 ദിവസത്തിനു ശേഷം കാര്‍ട്ടൂണിലെ രണ്ടാം സ്ഥാനക്കാരനായ ശാസ്ത്രിക്കുവേണ്ടി നന്ദ വഴിമാറി.ശാസ്ത്രിക്കു ശേഷം വീണ്ടും നന്ദ,അതിനു ശേഷം ഇന്ദിരാഗാന്ധി,പിന്നാലെ മൊറാര്‍ജി ദേശായി എന്നിങ്ങനെ ശങ്കറിന്റെ കാര്‍ട്ടൂണിലെ മുന്‍നിരക്കാരെല്ലാം(കൃഷ്ണമേനോന്‍ ഒഴികെ) പിന്നീട് ഇന്ത്യന്‍ പ്രധാനമന്ത്രിമാരായി.അതും ശങ്കര്‍ വരച്ചിട്ട അതേ ക്രമത്തില്‍!
1964മെയ്27നു നെഹ്രു അന്തരിക്കുന്നതു മുതല്‍ 1977മാര്‍ച്ച് 24നു മൊറാര്‍ജി ദേശായി പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കുന്നതു വരെയുള്ള ഇന്ത്യന്‍ രാഷ്ട്രീയം ശങ്കര്‍ 1964മെയ്17നു വരച്ച ഈ കാര്‍ട്ടൂണിന്റെ തനിയാവര്‍ത്തനമാകുകയായിരുന്നു!
Friday, October 19, 2007
Tuesday, October 16, 2007
Sunday, October 14, 2007
Wednesday, October 10, 2007
Tuesday, October 9, 2007
Friday, October 5, 2007
Wednesday, October 3, 2007
2005ല്‍ വരച്ച ഒരു കാര്‍ട്ടൂണിനെപ്പറ്റി സിമി എഴുതിയ ആസ്വാദനക്കുറിപ്പ്
എ.കെ. ആന്റണിയുടെ "കോണ്ഗ്രസിനെ പ്രത്യയശാസ്ത്രപരമായി പുന:സംഘടിപ്പിക്കണം" എന്ന പരാമര്ശമാവാം സുജിത്തിനെ ഈ കാര്ട്ടൂണ് വരയ്ക്കാന് പ്രേരിപ്പിച്ചത്. ഉമ്മന് ചാണ്ടി മന്ത്രിസഭയുടെ ഭരണകാലത്ത്, ആന്റണിയ്ക്ക് എ.ഐ.സി.സി. നേതൃത്വത്തിലെ ചുമതലകള് ഉള്ള കാലത്തായിരുന്നു ഇത്. (2005)
കാര്ട്ടൂണ് നടക്കുന്നത് ഏതെങ്കിലും കോണ്ഗ്രസ് ഓഫീസിലാവാം. അല്ലെങ്കില് കാര്ട്ടൂണ് നടക്കുന്നത് നമ്മുടെ രാഷ്ട്രീയത്തില് / പൊതുജീവിതത്തിലും ആവാം. ഇവിടെ ചുമര്ച്ചിത്രമായി ഗാന്ധിജിയെയും നെഹ്രുവിനെയും തൂക്കിയിരിക്കുന്നത് ശ്രദ്ധിക്കുക. ഗാന്ധിജിയും നെഹറുവും ഒക്കെ ഇന്ന് ചുമരില് ചില്ലിട്ട ചിത്രങ്ങളാണ്. ആവശ്യം ഉള്ളപ്പോള് മാത്രം എടുത്ത് പ്രയോഗിക്കാനുള്ള ചിത്രങ്ങള്.
==ചുമരിലെ ചിത്രം==
ഗാന്ധിജിയുടെയും നെഹറുവിന്റെയും മുഖഭാവങ്ങള് നോക്കുക. ഇന്ന് ഗാന്ധിജി ജീവിച്ചിരുന്നെങ്കില് എല്ലാം കണ്ടുമടുത്ത നിസ്സംഗത ആയേനെ ഗാന്ധിജിയുടെ മുഖത്ത്. നെഹറു ജീവിച്ചിരുന്നെങ്കില് എല്ലാം ഒന്ന് ശരിയാക്കാന് പറ്റുമോ എന്ന് ഒന്നുകൂടെ ശ്രമിക്കാനുള്ള ആകുലതയും കാണാം. മരിക്കുന്നതുവരെ പ്രധാനമന്ത്രി ആയിരുന്നല്ലോ നെഹ്രു. (17 വര്ഷം)
കുളം, വെള്ളം: ഇതൊക്കെ നെഹ്രൂവിയന് സോഷ്യലിസം, ഗാന്ധിസം തുടങ്ങിയ ഇസങ്ങളെക്കാളും അധികാരത്തിന്റെ ചെളിവെള്ളമാണ്. (ചത്തകാലത്തിന് തളം കെട്ടിയ ചെളിക്കുണ്ടില്, ശവംനാറിപ്പുല്ലുതിന്നാവോളവും തിന്ന്, കൊഴുത്ത മെയ്യാകവേ താഴ്ത്തി കിടക്കുന്ന പോത്തിനെ കേരളത്തിലെ രാഷ്ട്രീയക്കാരനുമായി ഉപമിക്കുന്ന - ഹാ പോത്തേ, നിന്നിലഴുകിയ ഭാഗ്യമേ ഭാഗ്യം എന്ന് ആശ്ചര്യപ്പെടുന്ന, എന്.എന്. കക്കാടിന്റെ "പോത്ത്" എന്ന കവിത ഓര്ക്കുക). ഈ കാര്ട്ടൂണിലെ കാക്കകളുമായി അത് കൂട്ടിവായിക്കുക.
ഈ അധികാരത്തിന്റെ ചെളിവെള്ളത്തില് ഗാന്ധിജിയുടെയും നെഹ്രുവിന്റെയും കാലുകള് എത്ര ആഴ്ന്നിരിക്കുന്നു എന്നത് ശ്രദ്ധിക്കുക: കൊക്കുകള് സന്യസിക്കുകയാണ്. ഗാന്ധിജി ഒറ്റക്കാലേ വെള്ളത്തില് കുത്തിയിട്ടുള്ളൂ. കുത്താന് ആഗ്രഹമുണ്ടായിട്ടല്ല. എന്നാല് നെഹ്രു രണ്ടു കാലും കുത്തിയിരിക്കുന്നു! അധികാരത്തോടുള്ള ഗാന്ധിജിയുടെയും നെഹ്രുവിന്റെയും സമീപനത്തിലെ വ്യത്യാസവും ഇവിടെ കാണാം. (മുഹമ്മദാലി ജിന്നയെ ഇന്ത്യയുടെ പ്രധാനമന്ത്രി ആക്കി ഇന്ത്യയെ വിഭജിക്കുന്നത് തടയാന് ഗാന്ധിജി ശ്രമിച്ചു. നെഹ്രുവും മറ്റ് കോണ്ഗ്രസ് നേതൃത്വവും ഇതിനു എതിരായിരുന്നു, നെഹ്രുവിനു പ്രധാനമന്ത്രി ആവണം എന്നായിരുന്നു ആഗ്രഹം - സ്വാതന്ത്ര്യം അര്ത്ഥരാത്രിയില്, ലാറി കോളിന്സ്, ഡൊമിനിക് ലാപ്പിയര്).
==ചെളിക്കുളം==
ഈ കുളത്തില് കുളിക്കുന്ന കാക്കകള് ഉമ്മന് ചാണ്ടി, രമേശ് ചെന്നിത്തല, കരുണാകരന്, ആന്റണി എന്നിവരാണ്. ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം നെഹ്രുവും ഗാന്ധിജിയും കൊക്കുകള് (വെളുത്ത കൊക്കുകള്) ആണെങ്കില് ബാക്കി നാലുപേരും കറുത്ത കാക്കകള് ആണെന്നതാണ്. വെളുപ്പും കറുപ്പും നിറങ്ങളുടെ സിംബോളിസത്തെക്കുറിച
കുളത്തില് കുളിക്കുന്നവരില് ഏറ്റവും സന്തോഷത്തോടെ, ഒരു കുറ്റബോധവും ഇല്ലാതെ, ആഹ്ലാദിച്ചുല്ലസിച്ചു കുളിക്കുന്നത് കരുണാകരന് ആണെന്നു കാണാം. കേരള രാഷ്ട്രീയത്തെ ശ്രദ്ധയോടെ വീക്ഷിച്ചവര് ഇതിനെ എതിര്ക്കില്ല. അധികാരത്തിന്റെ കാര്യത്തില് ഒരു കുറ്റബോധവും ഇല്ലാതെ ഭരിച്ച ആളായിരുന്നല്ലോ കരുണാകരന്. ഉമ്മന് ചാണ്ടിയുടെ സന്തോഷത്തിനും കുറവില്ല. (ഉമ്മന് ചാണ്ടി കേരള മുഖ്യമന്ത്രി ആയിരിക്കുന കാലത്താണ് ഈ കാര്ട്ടൂണ് പുറത്തുവന്നത്). രമേശ് ചെന്നിത്തല - വെള്ളത്തില് തൊട്ടുനോക്കുന്നതേ ഉള്ളൂ. മുഖത്ത് അത്ര തെളിച്ചവും ഇല്ല. രമേശ് ചെന്നിത്തല മന്ത്രി / എം.എല്. എ ആവുന്നതിനു പകരം പാര്ട്ടി സംഘാടകനായി ആണ് കൂടുതല് പ്രവര്ത്തിച്ചിട്ടുള്ളതെന്നും ഓര്ക്കുക.
==ആന്റണിയും സ്വപ്നവും==
കേരള രാഷ്ട്രീയത്തില് പ്രത്യയശാസ്ത്ര / ആദര്ശ രാഷ്ട്രീയത്തിന്റെ പ്രതീകം ആകുവാന് ഇഷ്ടപ്പെടുന്ന രാഷ്ട്രീയ നേതാവാണ് എ.കെ. ആന്റണി. എന്നാല് വീണ്ടുവിചാരം ഇല്ലായ്മയും മുത്തങ്ങയിലെ പോലീസ് ആക്ഷന്, സ്വാശ്രയ പ്രശ്നത്തിലെ അബദ്ധങ്ങള്, തുടങ്ങിയ പല പ്രശ്നങ്ങളും കൊണ്ട് ആന്റണി ആഗ്രഹിക്കുന്ന ചിത്രം അല്ല ഇന്ന് ജനങ്ങളുടെ മനസ്സില് ആന്റണിയെക്കുറിച്ച് ഉള്ളത്. അതാണ് ആന്റണിയും കൊക്കിനു പകരം കാക്ക ആയി പോവുന്നത്. ഈ ഇമേജ് മാറ്റണം എന്ന് ആന്റണിക്ക് ആഗ്രഹം ഉണ്ടുതാനും. (ആന്റണിക്കാക്ക ചിത്രത്തില് സോപ്പുതേച്ച് വെളുക്കാന് നോക്കുന്നത് ശ്രദ്ധിക്കുക. എങ്കിലും കാക്കകുളിച്ചാല് കൊക്കാവുമോ എന്നത് വായനക്കാരന്റെ സംശയം മാത്രം) ആന്റണിയും കരുണാകരനും പുറം തിരിഞ്ഞാണു നില്ക്കുന്നത്. കേരള രാഷ്ട്രീയത്തില് എന്നും അങ്ങനെ ആയിരുന്നു താനും.
ആന്റനിയുടെ സ്വപ്നത്തിനു വല്ല കുറവും ഉണ്ടോ? നെഹറുവിനെപ്പോലെ ശാന്തമായ ജലത്തില് രണ്ടുകാലും അല്ല, ഗാന്ധിജിയെപ്പോലെ ഒറ്റക്കാലില് നില്ക്കുന്ന കൊക്ക്, അതേ ശാന്തത, തലയ്ക്കുമുകളില് ദിവ്യത്വത്തിന്റെ പ്രഭാവലയം, അതാണ് ആന്റണിയുടെ സ്വപ്നം!. സ്വപ്നം കാണുന്ന ആന്റണി രണ്ടു ചിത്രങ്ങളിലും കണ്ണും അടച്ചു നില്ക്കുകയും ചെയ്യുന്നു. എന്നാല് ആന്റണി അധികാരത്തിന്റെ ജലധാരയില് നനയുന്നും ഉണ്ടു താനും. ആന്റണി മാറിനിന്ന് സ്വപ്നം കാണുകയല്ല, ചെളിക്കുളത്തില് ഇറങ്ങിനിന്നു തന്നെ സ്വപ്നം കാണുകയാണ്.
ചുരുക്കത്തില് ഗാന്ധിസം, നെഹ്രൂവിയന് സോഷ്യലിസം, ഒക്കെ അധികാരക്കുളത്തിനെ പിടിച്ചുനിറുത്തുന്ന, നിറയ്ക്കുന്ന, നനയിക്കുന്ന ആദര്ശങ്ങള് മാത്രമാവുന്നു. എല്ലാ ഇസങ്ങളും സ്വന്തം ഇഷ്ടപ്രകാരം എടുത്തു പ്രയോഗിക്കുക കോണ്ഗ്രസിന്റെ മാത്രമല്ല, കേരളത്തിലെ കമ്യൂണിസ്റ്റു പാര്ട്ടികളുടെയും മാര്ഗ്ഗമാണ്.
==തോര്ത്ത്==
ഇവിടെ ഒരു തോര്ത്ത് തൂക്കിയിരിക്കുന്നത് ശ്രദ്ധിക്കുക. തോര്ത്തില് നിന്ന് ഒരു വെള്ളത്തുള്ളിപോലും ഇറ്റുവീഴുന്നില്ല. ആരും തോര്ത്തെടുത്ത് ഈ ചെളിവെള്ളം ഒന്ന് തൂത്തുകളഞ്ഞതായി തോന്നുന്നില്ല. കല്പ്പാന്തകാലത്തോളം തോര്ത്ത് അങ്ങനെയേ ഇരിക്കും.
(ജാമ്യം: ഇത് ഒരു ആസ്വാദനം മാത്രമാണ്. കാര്ട്ടൂണിലെ കുറവുകള്, എന്തൊക്കെ നന്നാക്കാം, എന്നൊക്കെ ഈ എഴുത്തില് ഞാന് പറയുന്നില്ല. നെഹ്രുവിന്റെ വലിയ ഫാന് അല്ലാത്ത ഞാന് നെഹ്രുവിനെയും ഗാന്ധിജിയെയും ഒരേ പുണ്യനദിയില് നിറുത്തിയതിനെ എതിര്ത്തേക്കാം. സുജിത്തിന്റെ വീക്ഷണം വേറെ ആവാം. എങ്കിലും സുജിത്തിന്റെ കാര്ട്ടൂണുകളില് ഏറ്റവും ആഴമുള്ളതായി എനിക്കുതോന്നിയത് ഇതാണ്).
simynazareth@gmail.com