Thursday, December 27, 2007

സ്വാമിപാദം ജയിക്കണം!


ഭൂസ്വാമിമാര്‍ ഭൂമി വാങ്ങിക്കൂട്ടുന്നതറിയാതെ പാര്‍ട്ടിക്കാര്‍ ഉറങ്ങുകയാണോ?-വി.എസ്

Tuesday, December 18, 2007

എത്രയായാലുമെന്റച്ഛനല്ലേ...


കരുണാകരന്റെ ഇരുമുടിക്കെട്ടുമായി മുരളി ശബരിമലയിലേക്ക്-വാര്‍ത്ത

Sunday, December 16, 2007

ഇടിമിന്നല്‍ കയ്യൊപ്പിട്ട കാര്‍ട്ടൂണ്‍!


രാഷ്ട്രീയ കാര്‍ട്ടൂണുകളും ഇടിമിന്നലും തമ്മിലെന്ത്?

ദ്രുതഗതിയില്‍ മാറിമറിയുന്ന സംഭവങ്ങള്‍ക്കിടയില്‍ മിന്നലായി ജ്വലിച്ച് അതിവേഗം വിസ്‌മൃതിയിലേക്ക് പൊലിഞ്ഞുപോകാനാണ് പല രാഷ്ട്രീയ കാര്‍ട്ടൂണുകളുടേയും തലവിധി എന്ന് മുമ്പ് ഒരു ലേഖനത്തില്‍ സൂചിപ്പിച്ചിരുന്നു..ഇതിലപ്പുറം കാര്‍ട്ടൂണുകള്‍ക്ക് മിന്നലുമായി എന്തു ബന്ധമാണുള്ളത്?

ഈ കുസൃതിച്ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ രണ്ടരനൂറ്റാണ്ടിലധികം പിന്നോട്ടുപോകണം.ലോകത്തിലെ ആദ്യ രാഷ്ട്രീയകാര്‍ട്ടൂണ്‍ വരക്കപ്പെട്ടത് 1754മെയ്9ന് ആണ്.വരച്ചത് മഹാനായ ശാസ്ത്രജ്ഞനും കണ്ടുപിടുത്തങ്ങളുടെ ആശാനുമായിരുന്ന ബെഞ്ചമിന്‍ ഫ്രാങ്ക്‍ളിന്‍.അതേ,ഇടിമിന്നലില്‍ വൈദ്യുതിയുണ്ടെന്നു പട്ടം പറത്തി കണ്ടെത്തിയ അതേ കക്ഷി തന്നെ!

ഫ്രാങ്ക്‍ളിന്റെ കാര്‍ട്ടൂണ്‍ പക്ഷേ ഇടിമിന്നല്‍ പോലെ പെട്ടെന്ന് അസ്തമിച്ചില്ല.ഭിന്നിച്ചു നിന്നിരുന്ന വിവിധ ജനവിഭാഗങ്ങളെ ഒന്നിപ്പിക്കാനായിരുന്നു കാലങ്ങളോളം ആ കാ‍ര്‍ട്ടൂണിന്റെ നിയോഗം.

1754.വടക്കുകിഴക്കന്‍ അമേരിക്കയിലെ വിവിധ കോളനികള്‍ ബ്രിട്ടീഷ് കോളനിവാഴ്ച്ചക്കെതിരെ പോരാ‍ടിയിരുന്ന കാലം.ബ്രിട്ടീഷ് ഏകാധിപത്യത്തിനെതിരെയും മറ്റു ശത്രുക്കള്‍ക്കെതിരെയും കോളനികള്‍ ഒന്നിച്ചു നില്‍ക്കേണ്ടതുണ്ടെന്ന് തന്റെ സ്വന്തം പത്രമായ പെന്‍സില്‍‌വാനിയ ഗസറ്റില്‍ ഫ്രാങ്ക്‍ളിന്‍ മുഖപ്രസംഗമെഴുതി.ഈ മുഖപ്രസംഗത്തോടൊപ്പമാണ് കാര്‍ട്ടൂണ്‍ പ്രത്യക്ഷപ്പെട്ടത്.
വിവിധ കഷണങ്ങളായി മുറിക്കപ്പെട്ടാലും സൂര്യാസ്തമയത്തിനു മുമ്പ് ശരിയായ ക്രമത്തില്‍ ചേര്‍ത്തുവെച്ചാല്‍ ഒരു പാമ്പിന് ജീവന്‍ തിരിച്ചുകിട്ടും എന്ന് അക്കാലത്തുണ്ടായിരുന്ന അന്ധവിശ്വാസത്തെ അടിസ്ഥാനമാക്കിയായിരുന്നു ഫ്രാങ്ക്‍ളിന്റെ കാര്‍ട്ടൂണ്‍.

ജോയിന്‍ ഓര്‍ ഡൈ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച ‍കാര്‍ട്ടൂണില്‍,പാമ്പിന്റെ കഷണങ്ങളായി പ്രതീകവല്‍ക്കരിക്കുന്നത് .(NE)ന്യൂ ഇംഗ്ലണ്ട്,(NY)ന്യൂയോര്‍ക്ക്,(NJ)ന്യൂ ജേര്‍സി,(P)പെന്‍സില്‍‌വാനിയ,(M)മേരിലാന്റ്,(V)വിര്‍ജീനിയ,(NC)നോര്‍ത്ത് കരോലിന,(SC)സൌത്ത് കരോലിന എന്നീ എട്ട് കോളനികളെയാണ്.
ഫ്രാങ്ക്‍ളിന്റെ കാര്‍ട്ടൂണ്‍,ഭിന്നിച്ചുനിന്നിരുന്ന കോളനികളുടെ ഏകോപനത്തിനും ജനങ്ങളില്‍ ദേശീയവികാരമുണര്‍ത്തുന്നതിനും പ്രേരകമായി.ഒന്നിച്ചു നിന്നില്ലെങ്കില്‍ മരണമാണ് ഫലമെന്ന് അവര്‍ തിരിച്ചറിഞ്ഞു.പകര്‍പ്പവകാശനിയമങ്ങള്‍ ഇല്ലാതിരുന്നതുകൊണ്ട് ഈ കാര്‍ട്ടൂണ്‍ ഭൂഖണ്ഡത്തിലെമ്പാടുമുള്ള വിവിധ പത്രങ്ങളില്‍ പുന:പ്രസിദ്ധീകരിക്കപ്പെട്ടു.1776-ല്‍ അമേരിക്കന്‍ വിപ്ലവകാലത്തും ജനങ്ങളില്‍ ദേശീയബോധമുണര്‍ത്താനായി ജോയിന്‍ ഓര്‍ ഡൈ കാര്‍ട്ടൂണ്‍ വ്യാപകമായി ഉപയോഗിച്ചു.പലരും തങ്ങളുടെ നാടിനിണങ്ങുന്ന രീതിയില്‍ ഫ്രാങ്ക്‍ളിന്റെ കാര്‍ട്ടൂണ്‍ പരിഷ്കരിച്ചു.

1754-ല്‍ വരച്ച ഈ കാര്‍ട്ടൂണ്‍ അമേരിക്കയിലെ ആദ്യത്തെ രാഷ്ട്രീയകാര്‍ട്ടൂണ്‍ ആണ്.ഒരു രാഷ്ട്രീയ സാഹചര്യത്തെ ജനങ്ങള്‍ക്ക് സുപരിചിതമായ മറ്റൊരു ആശയവുമായി ബന്ധപ്പെടുത്തി വരച്ച ലോകത്തിലെ ആദ്യരാഷ്ട്രീയകാര്‍ട്ടൂണും ഇതാണെന്ന് കരുതപ്പെടുന്നു.

84വയസ്സുവരെയുള്ള ജീവിതത്തിനിടയില്‍ബെഞ്ചമിന്‍ ഫ്രാങ്ക്‍ളിന്‍ കൈവെക്കാത്ത മേഖലകള്‍ ഇല്ലെന്നുതന്നെ പറയാം.ഒരു പക്ഷേ ഈ ബഹുമുഖപ്രതിഭാവിലാസം കാരണമായിരിക്കാം ഫ്രാങ്ക്‍ളിനെ ഒരു കാര്‍ട്ടൂണിസ്റ്റ് എന്ന നിലയില്‍ നാമറിയാതെ പോയത്.
links
a brief history of political cartoons
the first political cartoons

Friday, December 14, 2007

Tuesday, December 11, 2007

ബുജി-4


ഫിലിം ഫെസ്റ്റിവല്‍ കാര്‍ട്ടൂണ്‍-4

Monday, December 10, 2007

ബുജി-3


ഫിലിം ഫെസ്റ്റിവല്‍ കാര്‍ട്ടൂണ്‍-3

Sunday, December 9, 2007

ബുജി-2


ഫിലിം ഫെസ്റ്റിവല്‍ കാര്‍ട്ടൂണ്‍-2

Saturday, December 8, 2007

ഫിലിം ഫെസ്റ്റിവല്‍ കാര്‍ട്ടൂണ്‍:ബുജി-1


എല്ലാ വര്‍ഷവും ഫിലിം ഫെസ്റ്റിവല്‍ വാര്‍ത്തകള്‍ക്കൊപ്പം ബുജി എന്ന പേരില്‍ ഒരു ചെറിയ കാര്‍ട്ടൂണും ചേര്‍ക്കാറുണ്ട് കൌമുദിയില്‍.ഇത്തവണ ബുജി കണ്ട കാഴ്ചകള്‍ ബ്ലോഗിലും ഇടുന്നു.

ഭക്ഷ്യമന്ത്രി!


അരിവിലവര്‍ദ്ധന:മലയാളികള്‍ക്ക് പാലും മുട്ടയും കോഴിയിറച്ചിയും കഴിച്ചാല്‍ പോരേ?-മന്ത്രി ദിവാകരന്‍

Thursday, December 6, 2007

Wednesday, December 5, 2007

മതിലുകള്‍


"The Wall"എന്ന സിനിമക്ക് അന്താരാ‍ഷ്ട്രചലച്ചിത്രോത്സവത്തില്‍ സുവര്‍ണ്ണമയൂരം.

Sunday, December 2, 2007

രാഷ്ട്രീയം കാര്‍ട്ടൂണാകുമ്പോള്‍ കാര്‍ട്ടൂണിന്റെ രാഷ്ട്രീയം!


ഇപ്പോള്‍ കാ‍ര്‍ട്ടൂണൊന്നും രാഷ്ട്രീയക്കാരെ ഏശുന്നില്ല.അതും ഒരു പരസ്യമായാണ് അവര്‍ എടുക്കുന്നത്".

പറയുന്നത്,നാലു ദശാബ്ദത്തോളം ശങ്കേര്‍സ് വീക്ക്‍ലി,ഈസ്റ്റേണ്‍ ഇക്കണോമിസ്റ്റ്,ഹിന്ദുസ്ഥാന്‍ ടൈംസ്,ഇന്ത്യന്‍ എക്സ്പ്രസ്സ് എന്നീ പ്രസിദ്ധീകരണങ്ങളിലൂടെ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നെറികേടുകള്‍ക്കെതിരെ വിമര്‍ശനത്തിന്റെ കൂരമ്പുകളെയ്ത തലമുതിര്‍ന്ന കാര്‍ട്ടൂണിസ്റ്റ് എ.ആര്‍.കേരളവര്‍മ്മ.സജീവ കാര്‍ട്ടൂണ്‍രചന മതിയാക്കി വര്‍മ്മയിപ്പോള്‍ തൃപ്പൂണിത്തുറയിലെ വസതിയില്‍ വിശ്രമജീവിതത്തിലാണ്.

വര്‍മ്മക്ക് അതു പറയാന്‍ എല്ലാ യോഗ്യതയും അനുഭവവും ഉണ്ട്. ലക്ഷക്കണക്കിന് വായനക്കാരുടെ പ്രശംസ മാത്രമല്ല.രാഷ്ട്രീയക്കാരെ ‘ഞോണ്ടിയ’കാര്‍ട്ടൂണുകളുടെ പേരില്‍ വക്കീല്‍നോട്ടീസും ജയില്‍‌വാസവും ഏറ്റുവാങ്ങേണ്ടിവന്നിട്ടുണ്ട് വര്‍മ്മക്ക്.പണ്ട്.

1978-ല്‍ ഹിന്ദ്സമാചാര്‍ പത്രത്തില്‍ വരച്ച കാര്‍ട്ടൂണിന്റെ പേരിലായിരുന്നു വക്കീല്‍‌നോട്ടീസ്.(കാര്‍ട്ടൂണ്‍ ഇതോടൊപ്പം).ഹരിയാന മുഖ്യമന്ത്രി ദേവീലാലിന്റെ സന്നിധിയില്‍ വിനീതവിധേയനായി കുമ്പിട്ടുനില്‍ക്കുന്ന തന്റെ ഹാസ്യചിത്രം എം.എല്‍.എ. ആയിരുന്ന ഭജന്‍‌ലാലിന് തീരെ പിടിച്ചില്ല.ഈ കാര്‍ട്ടൂണ്‍ കാണുന്നവര്‍ തന്നെയൊരു അപരാധിയായി കണക്കാക്കുമോ എന്നായിരുന്നു അദ്ദേഹത്തിന്റെ ഭയം.മാനനഷ്ടത്തിനു പരിഹാരമായി അഞ്ചുലക്ഷം രൂപയാണ് ഭജന്‍‌ലാല്‍ ആവശ്യപ്പെട്ടത്(വര്‍മ്മ അന്ന് അഞ്ഞൂറു രൂപ ശമ്പളം വാങ്ങിയിരുന്ന കാലം).കാര്‍ട്ടൂണിലൂടെ പോയ മാനത്തിന് രാഷ്ട്രീയനേതാവ് ചോദിച്ച വില കാര്‍ട്ടൂണിസ്റ്റിന്റെ ശമ്പളത്തിന്റെ ആയിരം മടങ്ങ്!



ഭജന്‍ലാലിന്റെ മാനം (അതുവരെ പോയതിലപ്പുറം)പോകാന്‍ തന്റെ കാര്‍ട്ടൂണില്‍ ഒന്നുമില്ലെന്ന് വര്‍മ്മ നേരിട്ട് കത്തെഴുതി.നഷ്ടപരിഹാരം നല്‍കാന്‍ താന്‍ തയ്യാറല്ലെന്നും അറിയിച്ചു.വിശദീകരണത്തില്‍ തൃപ്തനായിട്ടോ കേസു തുടര്‍ന്നാല്‍ ശേഷിച്ച മാനം കൂടി പോയേക്കുമോ എന്ന ഭയം കൊണ്ടോ ഭജന്‍ലാല്‍ നിയമയുദ്ധത്തില്‍ നിന്നും പിന്മാറുകയാണുണ്ടായത്.

മറ്റൊരിക്കല്‍,പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ സ്വഭാവശുദ്ധിയെ അവഹേളിക്കുന്ന പോസ്റ്റര്‍ തയ്യാറാക്കി എന്ന ജാമ്യമില്ലാക്കുറ്റം ചുമത്തി വര്‍മ്മയെ സര്‍ക്കാര്‍ തീഹാര്‍ ജയിലിലടച്ചു.ഈ സംഭവത്തിലും വര്‍മ്മ നിരപരാധിയായിരുന്നു.ഡല്‍ഹിയില്‍ കമ്മ്യൂണിസ്റ്റുകാര്‍ പുറത്തിറക്കിയ വിവാദപോസ്റ്ററിലെ അക്ഷരങ്ങള്‍ക്ക് വര്‍മ്മയുടെ കാര്‍ട്ടൂണിലെ അക്ഷരങ്ങളോട് നല്ല സാമ്യമുണ്ടായിരുന്നു.CROSS ROADS എന്ന കമ്മ്യൂണിസ്റ്റ് പ്രസിദ്ധീകരണത്തില്‍ കുറെക്കാലം ജോലി ചെയ്ത ചരിത്രം വര്‍മ്മക്കുണ്ടായിരുന്നതിനാല്‍ ഈ പോസ്റ്ററിനു പിന്നില്‍ വര്‍മ്മയാണെന്നുറപ്പിക്കാന്‍ കേന്ദ്ര ആഭ്യന്തരവകുപ്പിനു വേറെ തെളിവൊന്നും വേണ്ടിവന്നില്ല!അത്ര കാര്യക്ഷമമായിരുന്നു അന്നും വകുപ്പിന്റെ പ്രവര്‍ത്തനം.കൊടും കുറ്റവാളികള്‍ക്കൊപ്പം തീഹാര്‍ ജയിലിലെ ദുരിതപൂര്‍ണ്ണമായ ജയില്‍‌വാസത്തിനൊടുവില്‍ വ്യക്തമായ തെളിവുകളുടെ അഭാവത്തില്‍ സര്‍ക്കാര്‍ കേസ് പിന്‍‌വലിച്ച് വര്‍മ്മയെ മോചിപ്പിക്കുകയായിരുന്നു.

രാഷ്ട്രീയനേതാക്കളുടെ അസഹിഷ്ണുതമൂലം വര്‍മ്മയെപ്പോലൊരു കാര്‍ട്ടൂണിസ്റ്റിന് നേരിടേണ്ടിവന്ന ഇത്തരം ദുരനുഭവങ്ങള്‍ക്ക് ഒരു മറുവശമുണ്ട്(എന്തിന്റേയും മറുവശം കാണുന്നതും ഒരു കാര്‍ട്ടൂണ്‍ രീതിയാണല്ലോ).കാര്‍ട്ടൂണിലെ(പ്പോലും) വിമര്‍ശനങ്ങള്‍ തങ്ങളുടെ രാഷ്ട്രീയജീവിതത്തില്‍ കറപിടിപ്പിക്കും,അതിനെല്ലാം പൊതുജനങ്ങളോട് മറുപടി പറയേണ്ടിവരും എന്നു വിശ്വസിച്ചിരുന്ന ഒരു രാഷ്ട്രീയനേതൃത്വം പണ്ടുണ്ടായിരുന്നു എന്നതാണത്.ഇന്ദിരാഗാന്ധിക്കും ഭജന്‍ലാലിനും മുമ്പ്...രാഷ്ട്രീയ ഓന്തുകള്‍ക്കും ദിനോസറുകള്‍ക്കും മുമ്പ്.........

അത് അന്തക്കാലം.കാലക്രമേണ ഏതുവിമര്‍ശനവും പരിഹാസവും ആരോപണവും നേരിടാ‍നും അതിജീവിക്കാനും പര്യാപ്തമായ തൊലിക്കട്ടി നമ്മുടെ രാഷ്ട്രീയനേതൃത്വം ഉണ്ടാക്കിയെടുത്തു.എത്ര മൂര്‍ച്ചയുള്ള കാര്‍ട്ടൂണ്‍ പൂശിയാലും അത് ഇന്നത്തെ രാഷ്ട്രീയക്കാരെ ഏശാത്തതിന്റെ കാരണവും ഇതാവാം.ഭൂരിപക്ഷം രാഷ്ട്രീയക്കാരും സ്വയം വരക്കപ്പെടാനാന്‍,കഥാപാത്രമാക്കപ്പെടാന്‍ ആഗ്രഹിക്കുന്ന കാര്‍ട്ടൂണ്‍ ഇന്ന്, പത്രത്താളിലെ എന്റര്‍ടൈനര്‍ മാത്രമാണ്.രാഷ്ട്രീയം തന്നെ തമാശയാകുമ്പോള്‍ രാഷ്ട്രീയകാര്‍ട്ടൂണുകള്‍ക്ക് പ്രസക്തിയില്ലാതാകുന്നു എന്ന് അബു എബ്രഹാം പറഞ്ഞതോര്‍ക്കുന്നു. സമകാലിക രാഷ്ട്രീയതമാശകളെല്ലാം നമ്മുടെ ജീവിതത്തിന്റെ ഭാഗമാകുമ്പോള്‍ മഹത്തായ ഒരു കലയുടെ ചരിത്രം ഓര്‍ത്തുകൊണ്ട്(ഞാനടക്കമുള്ള)കാര്‍ട്ടൂണിസ്റ്റുകള്‍ കാര്‍ട്ട്-ഊണിസ്റ്റുകളായി വര തുടരുന്നു.

പ്രിയപ്പെട്ട വര്‍മ്മ സര്‍,രാഷ്ട്രീയം തന്നെ കാര്‍ട്ടൂണാകുന്ന കാലത്ത് രാഷ്ട്രീയകാര്‍ട്ടൂണുകള്‍ക്ക് എന്തു റോളാണ് നിര്‍വഹിക്കാണുണ്ടാകുക?ഒരു ജനപ്രിയപരസ്യത്തിന്റേതല്ലാതെ?

കരുമുര-രണ്ടു കാര്‍ട്ടൂണുകള്‍

വര:1

വര:2


പഴയ ഡി.ഐ.സിക്കാര്‍ കരുണാകരനോടൊപ്പം കോണ്‍ഗ്രസ്സിലേക്ക് മടങ്ങും‌-വാര്‍ത്ത

Saturday, December 1, 2007

കറുപ്പിലും വെളുപ്പിലും കോറിയിട്ട കറുത്ത ചരിത്രം!



ഇന്ന് കാര്‍ട്ടൂണിസ്റ്റ്അബു എബ്രഹാമിന്റെ അഞ്ചാം ചരമവാര്‍ഷികം.ഏറെ ചര്‍ച്ചചെയ്യപ്പെട്ട ഈ അബുകാര്‍ട്ടൂണ്‍ ഒരിക്കല്‍ക്കൂടി ഓര്‍ക്കാനുള്ള അവസരം.

1971-ലെ പൊതുതിരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തിയ ഇന്ദിരാഗാന്ധിയുടെ ഭരണത്തിനെതിരെ നാടൊട്ടുക്കും പ്രതിഷേധപ്രകടനങ്ങള്‍ ഉയര്‍ന്നുവന്ന സന്ദര്‍ഭം.ഗാന്ധിയന്‍ സോഷ്യലിസ്റ്റായ ജയപ്രകാശ് നാരായണന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളും കര്‍ഷകരും തൊഴിലാളിസംഘടനകളുമെല്ലാം ഒറ്റക്കെട്ടായി കേന്ദ്രഭരണത്തിനെതിരെ വിപ്ലവാഹ്വാനം നടത്തി.ഇതിനിടെ തിരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധിയോട് പരാജയപ്പെട്ട രാജ് നാരായണ്‍ നല്‍കിയ തിരഞ്ഞെടുപ്പ് ഹര്‍ജിയില്‍ 1975 ജൂണ്‍12ന് അലഹബാദ് ഹൈക്കോടതി ഇന്ദിരക്കെതിരായി വിധി പ്രഖ്യാപിച്ചു.ഭരണയന്ത്രം വ്യാപകമായി ദുരുപയോഗം ചെയ്തും വോട്ടര്‍മാര്‍ക്ക് കൈക്കൂലി നല്‍കിയും തിരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിച്ച ഇന്ദിരയുടെ തിരഞ്ഞെടുപ്പ് അസാധുവാക്കുന്നതിനൊപ്പം തുടര്‍ന്നുള്ള ആറുവര്‍ഷം പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് അയോഗ്യത കല്‍പ്പിക്കുന്നതുമായിരുന്നു വിധി.

ഇന്ത്യന്‍ രാഷ്ട്രീയചരിത്രത്തിലെ കറുത്ത നാളുകളായിരുന്നു അവ.തനിക്കു നേരെ ഉയര്‍ന്ന എല്ലാ എതിര്‍പ്പുകളേയും പാര്‍ലമെന്റിലെ മൃഗീയ ഭൂരിപക്ഷമുപയോഗിച്ച് ഏകാധിപതിയായ ഇന്ദിര നേരിട്ടുകൊണ്ടിരുന്നു.ഭരണഘടനയുടെ അന്ത:സത്തയെത്തന്നെ തകിടം മറിക്കുന്ന ഒട്ടേറെ ഭേദഗതികള്‍ നടപ്പാക്കപ്പെട്ടു.ജനപ്രാതിനിധ്യനിയമത്തിലും തിരഞ്ഞെടുപ്പ് നിയമത്തിലും വരുത്തിയ ഭേദഗതികള്‍ ഒമ്പതാം പട്ടികയില്‍ ഉള്‍പ്പെടുത്തുകവഴി കോടതിവിധിയെ മറികടന്ന ഇന്ദിര തന്റെ രാഷ്ട്രീയ എതിരാളികളെ മുഴുവന്‍ വിവിധകുറ്റങ്ങള്‍ ചുമത്തി ജയിലിലടച്ചു.1975 ജൂണ്‍26 മുതല്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടു.

മന്ത്രിസഭാംഗങ്ങളോടുപോലും ആലോചിക്കാതെ തന്നിഷ്ടപ്രകാരം പുറപ്പെടുവിച്ച അടിയന്തരാവസ്ഥാപ്രഖ്യാപനത്തില്‍ ഇന്ദിരയുടെ ഏറാന്‍‌മൂളിയായ അന്നത്തെ പ്രസിഡന്റ് ഫക്രുദ്ദീന്‍ അലി അഹമ്മദ് വീണ്ടുവിചാരമില്ലാതെ ഒപ്പുവച്ചു.(പിന്നീട് 1977-ല്‍ രാജ്യത്ത് പൊതുതിരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനമെടുക്കുന്നതുവരെ പ്രധാനമന്ത്രിയുടെ ഉപദേശപ്രക്രാരം ഓരോ ആറുമാസം കഴിയുമ്പോഴും അടിയന്തരാവസ്ഥ നീട്ടിക്കൊണ്ട് രാഷ്ട്രപതി പുതിയ ഓര്‍ഡിനന്‍സുകള്‍ ഇറക്കിക്കൊണ്ടിരുന്നു.)
ഇന്ദിര പറയുന്നിടത്ത് നേരവും കാലവും നോക്കാ‍തെ തുല്യം ചാര്‍ത്തേണ്ടിവരുന്ന രാഷ്ട്രപതിയുടെ ദുരവസ്ഥയെ 1975ഡിസംബര്‍10 ന് ഇന്ത്യന്‍ എക്സ്പ്രസ്സില്‍ വരച്ച കാര്‍ട്ടൂണിലൂടെ അബു എബ്രഹാം കണക്കിന് കളിയാക്കി.നഗ്നനായി ബാത്ത്ടബ്ബില്‍ കുളിക്കാന്‍ കിടക്കുമ്പോഴും പാതിതുറന്നിട്ട വാതിലിലൂടെ ഓര്‍ഡിനന്‍സില്‍ ഒപ്പിടുന്ന രാഷ്ട്രപതി ഇനിയും കൂടുതല്‍ ഓര്‍ഡിനന്‍സുകള്‍ ഉണ്ടെങ്കില്‍ കാത്തുനില്‍ക്കാന്‍ ആവശ്യപ്പെടുന്നതായാണ് കാര്‍ട്ടൂണില്‍ ചിത്രീകരിച്ചിരുന്നത്.

അബുവിന്റെ ഈ കാര്‍ട്ടൂണ്‍ വിമര്‍ശനം രാജ്യമൊട്ടുക്കും ഏറെ ചര്‍ച്ചചെയ്യപ്പെട്ടു.(പത്രസെന്‍സറിങ്ങിന്റെ കാലമായിരുന്നല്ലോ അത്).ഇന്നും അടിയന്തരാവസ്ഥയുടെ കരാളദിനങ്ങളുടെ ഓര്‍മ്മക്കുറിപ്പായി അബുവിന്റെ കാര്‍ട്ടൂണിലെ കറുത്തഫലിതം വിലയിരുത്തപ്പെടുന്നു.

ബാത്ത്ടബ്ബിലെ പ്രസിഡന്റിനുശേഷം ഒട്ടേറെ കാര്‍ട്ടൂണുകളില്‍ അടിയന്തരാവസ്ഥയേയും ഇന്ദിരയേയും കടുത്തവിമര്‍ശനത്തിന് വിധേയനാക്കിയ അബു അക്കാലം വരേയും ഇന്ദിരയെ ശക്തമായി പിന്തുണച്ചിരുന്നു എന്നതാണ് ഏറെ രസകരം.1972-ല്‍ ഇന്ദിരയാണ് അബുവിനെ രാജ്യസഭാംഗമായി നോമിനേറ്റ് ചെയ്തത്.1978 വരെ അബു ആ സ്ഥാനത്ത് തുടരുകയും ചെയ്തു