Sunday, December 16, 2007

ഇടിമിന്നല്‍ കയ്യൊപ്പിട്ട കാര്‍ട്ടൂണ്‍!


രാഷ്ട്രീയ കാര്‍ട്ടൂണുകളും ഇടിമിന്നലും തമ്മിലെന്ത്?

ദ്രുതഗതിയില്‍ മാറിമറിയുന്ന സംഭവങ്ങള്‍ക്കിടയില്‍ മിന്നലായി ജ്വലിച്ച് അതിവേഗം വിസ്‌മൃതിയിലേക്ക് പൊലിഞ്ഞുപോകാനാണ് പല രാഷ്ട്രീയ കാര്‍ട്ടൂണുകളുടേയും തലവിധി എന്ന് മുമ്പ് ഒരു ലേഖനത്തില്‍ സൂചിപ്പിച്ചിരുന്നു..ഇതിലപ്പുറം കാര്‍ട്ടൂണുകള്‍ക്ക് മിന്നലുമായി എന്തു ബന്ധമാണുള്ളത്?

ഈ കുസൃതിച്ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ രണ്ടരനൂറ്റാണ്ടിലധികം പിന്നോട്ടുപോകണം.ലോകത്തിലെ ആദ്യ രാഷ്ട്രീയകാര്‍ട്ടൂണ്‍ വരക്കപ്പെട്ടത് 1754മെയ്9ന് ആണ്.വരച്ചത് മഹാനായ ശാസ്ത്രജ്ഞനും കണ്ടുപിടുത്തങ്ങളുടെ ആശാനുമായിരുന്ന ബെഞ്ചമിന്‍ ഫ്രാങ്ക്‍ളിന്‍.അതേ,ഇടിമിന്നലില്‍ വൈദ്യുതിയുണ്ടെന്നു പട്ടം പറത്തി കണ്ടെത്തിയ അതേ കക്ഷി തന്നെ!

ഫ്രാങ്ക്‍ളിന്റെ കാര്‍ട്ടൂണ്‍ പക്ഷേ ഇടിമിന്നല്‍ പോലെ പെട്ടെന്ന് അസ്തമിച്ചില്ല.ഭിന്നിച്ചു നിന്നിരുന്ന വിവിധ ജനവിഭാഗങ്ങളെ ഒന്നിപ്പിക്കാനായിരുന്നു കാലങ്ങളോളം ആ കാ‍ര്‍ട്ടൂണിന്റെ നിയോഗം.

1754.വടക്കുകിഴക്കന്‍ അമേരിക്കയിലെ വിവിധ കോളനികള്‍ ബ്രിട്ടീഷ് കോളനിവാഴ്ച്ചക്കെതിരെ പോരാ‍ടിയിരുന്ന കാലം.ബ്രിട്ടീഷ് ഏകാധിപത്യത്തിനെതിരെയും മറ്റു ശത്രുക്കള്‍ക്കെതിരെയും കോളനികള്‍ ഒന്നിച്ചു നില്‍ക്കേണ്ടതുണ്ടെന്ന് തന്റെ സ്വന്തം പത്രമായ പെന്‍സില്‍‌വാനിയ ഗസറ്റില്‍ ഫ്രാങ്ക്‍ളിന്‍ മുഖപ്രസംഗമെഴുതി.ഈ മുഖപ്രസംഗത്തോടൊപ്പമാണ് കാര്‍ട്ടൂണ്‍ പ്രത്യക്ഷപ്പെട്ടത്.
വിവിധ കഷണങ്ങളായി മുറിക്കപ്പെട്ടാലും സൂര്യാസ്തമയത്തിനു മുമ്പ് ശരിയായ ക്രമത്തില്‍ ചേര്‍ത്തുവെച്ചാല്‍ ഒരു പാമ്പിന് ജീവന്‍ തിരിച്ചുകിട്ടും എന്ന് അക്കാലത്തുണ്ടായിരുന്ന അന്ധവിശ്വാസത്തെ അടിസ്ഥാനമാക്കിയായിരുന്നു ഫ്രാങ്ക്‍ളിന്റെ കാര്‍ട്ടൂണ്‍.

ജോയിന്‍ ഓര്‍ ഡൈ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച ‍കാര്‍ട്ടൂണില്‍,പാമ്പിന്റെ കഷണങ്ങളായി പ്രതീകവല്‍ക്കരിക്കുന്നത് .(NE)ന്യൂ ഇംഗ്ലണ്ട്,(NY)ന്യൂയോര്‍ക്ക്,(NJ)ന്യൂ ജേര്‍സി,(P)പെന്‍സില്‍‌വാനിയ,(M)മേരിലാന്റ്,(V)വിര്‍ജീനിയ,(NC)നോര്‍ത്ത് കരോലിന,(SC)സൌത്ത് കരോലിന എന്നീ എട്ട് കോളനികളെയാണ്.
ഫ്രാങ്ക്‍ളിന്റെ കാര്‍ട്ടൂണ്‍,ഭിന്നിച്ചുനിന്നിരുന്ന കോളനികളുടെ ഏകോപനത്തിനും ജനങ്ങളില്‍ ദേശീയവികാരമുണര്‍ത്തുന്നതിനും പ്രേരകമായി.ഒന്നിച്ചു നിന്നില്ലെങ്കില്‍ മരണമാണ് ഫലമെന്ന് അവര്‍ തിരിച്ചറിഞ്ഞു.പകര്‍പ്പവകാശനിയമങ്ങള്‍ ഇല്ലാതിരുന്നതുകൊണ്ട് ഈ കാര്‍ട്ടൂണ്‍ ഭൂഖണ്ഡത്തിലെമ്പാടുമുള്ള വിവിധ പത്രങ്ങളില്‍ പുന:പ്രസിദ്ധീകരിക്കപ്പെട്ടു.1776-ല്‍ അമേരിക്കന്‍ വിപ്ലവകാലത്തും ജനങ്ങളില്‍ ദേശീയബോധമുണര്‍ത്താനായി ജോയിന്‍ ഓര്‍ ഡൈ കാര്‍ട്ടൂണ്‍ വ്യാപകമായി ഉപയോഗിച്ചു.പലരും തങ്ങളുടെ നാടിനിണങ്ങുന്ന രീതിയില്‍ ഫ്രാങ്ക്‍ളിന്റെ കാര്‍ട്ടൂണ്‍ പരിഷ്കരിച്ചു.

1754-ല്‍ വരച്ച ഈ കാര്‍ട്ടൂണ്‍ അമേരിക്കയിലെ ആദ്യത്തെ രാഷ്ട്രീയകാര്‍ട്ടൂണ്‍ ആണ്.ഒരു രാഷ്ട്രീയ സാഹചര്യത്തെ ജനങ്ങള്‍ക്ക് സുപരിചിതമായ മറ്റൊരു ആശയവുമായി ബന്ധപ്പെടുത്തി വരച്ച ലോകത്തിലെ ആദ്യരാഷ്ട്രീയകാര്‍ട്ടൂണും ഇതാണെന്ന് കരുതപ്പെടുന്നു.

84വയസ്സുവരെയുള്ള ജീവിതത്തിനിടയില്‍ബെഞ്ചമിന്‍ ഫ്രാങ്ക്‍ളിന്‍ കൈവെക്കാത്ത മേഖലകള്‍ ഇല്ലെന്നുതന്നെ പറയാം.ഒരു പക്ഷേ ഈ ബഹുമുഖപ്രതിഭാവിലാസം കാരണമായിരിക്കാം ഫ്രാങ്ക്‍ളിനെ ഒരു കാര്‍ട്ടൂണിസ്റ്റ് എന്ന നിലയില്‍ നാമറിയാതെ പോയത്.
links
a brief history of political cartoons
the first political cartoons

13 comments:

tk sujith said...

രാഷ്ട്രീയ കാര്‍ട്ടൂണുകളും ഇടിമിന്നലും തമ്മിലെന്ത്?

ദ്രുതഗതിയില്‍ മാറിമറിയുന്ന സംഭവങ്ങള്‍ക്കിടയില്‍ മിന്നലായി ജ്വലിച്ച് അതിവേഗം വിസ്‌മൃതിയിലേക്ക് പൊലിഞ്ഞുപോകാനാണ് പല രാഷ്ട്രീയ കാര്‍ട്ടൂണുകളുടേയും തലവിധി.ഇതിലപ്പുറം കാര്‍ട്ടൂണുകള്‍ക്ക് മിന്നലുമായി എന്തു ബന്ധമാണുള്ളത്?

മൂര്‍ത്തി said...

നല്ല തലക്കെട്ട്...നന്ദി..ലേഖനത്തിന്..

Kalesh Kumar said...

ഗംഭീര ലേഖനം സുജിത്ത്!
പുള്ളിക്കാരനു ഇങ്ങനൊരു മുഖമുണ്ടെന്ന് അറിയിച്ചതിന്‍ നന്ദി!

Saha said...

പ്രിയ സുജിത്ത്,

നല്ല ലേഖനം. ബെഞ്ചമിന്‍ ഫ്രാങ്ക്ലിന്‍‌ എന്ന പ്രതിഭാശാലിയെക്കുറിച്ച് പലര്‍ക്കുമറിയാത്ത കാര്യങ്ങളും എഴുതിയതിന് നന്ദി!

myexperimentsandme said...

ഇയ്യാള്‍ക്കീപ്പണിയുമുണ്ടായിരുന്നെന്നറിയില്ലായിരുന്നു :)

നല്ല ലേഖനം. പുതിയ അറിവുകള്‍.

ഏ.ആര്‍. നജീം said...

നന്ദി, ഈ പുതിയ അറിവിന്

tk sujith said...

ആദ്യ രാഷ്ട്രീയ കാര്‍ട്ടൂണായ ജോയിന്‍ ഓര്‍ ഡൈ വരച്ചത് എതോ ഒരു ഫ്രാങ്ക്ലിന്‍ ആണെന്ന് വളരെക്കാലം മുമ്പ് ഒരു കാര്‍ട്ടൂണ്‍ പുസ്തകത്തില്‍ വായിച്ചിരുന്നു.പക്ഷേ അത് മഹാനായ ബെന്‍ ആയിരുന്നു എന്നു ഞാനും അടുത്തകാലത്താണ് മനസ്സിലാക്കിയത്.
മൂര്‍ത്തി,കലേഷ്,സഹ,വക്കാരി,നജീം... സന്തോഷം.

420 said...

gambheeram
(serikkum)

ശാലിനി said...

ഇതൊരു പുതിയ അറിവാണ്. നന്ദി.

കുറുമാന്‍ said...

നന്ദി സുജിത്ത്. ഈ വിവരങ്ങള്‍ ചൂഴ്ന്നെടുത്ത് പങ്കുവച്ചതിന്.

un said...

ഇങ്ങനെയൊരറിവ് പുതുതാണ്. നന്ദി

absolute_void(); said...

പുതിയ അറിവിന് നന്ദി.

tk sujith said...

ഹരി,ശാലിനി,കുറുമാന്‍,സെബിന്‍,പേരക്ക ഒരു പുതിയ അറിവ് ഞാന്‍ നല്‍കിയെന്നറിഞ്ഞതില്‍ സന്തോഷം.