Monday, February 23, 2009

ഒരു കാര്‍ട്ടൂണിന്റെ പിറവി ഇങ്ങനെ

ഒരു കാര്‍ട്ടൂണിനുള്ള ആശയം മനസ്സില്‍ രൂപപ്പെട്ട് പത്രത്തില്‍ അച്ചടിക്കുന്നതിനിടയിലുള്ള വിവിധ ഘട്ടങ്ങളെക്കുറിച്ച് എഴുതിക്കൂടെ എന്ന് മുമ്പൊരിക്കല്‍ ആരോ ചോദിച്ചിരുന്നു.ഈ ഞായറാഴ്ച വേറൊന്നും ചെയ്യാനില്ലാത്തതുകൊണ്ട് അങ്ങനെയൊരു ശ്രമം ആകാം എന്നു കരുതി.തിങ്കളാഴ്‌ചയിലെ പത്രത്തിലേക്ക് വരച്ച കാര്‍ട്ടൂണിന്റെ പിറവി ഇങ്ങനെ.

ദിവസേനയുള്ള പോക്കറ്റ് കാര്‍ട്ടൂണിനായുള്ള തിരച്ചിലാണ് രാവിലെമുതലുള്ള പത്രവായന.
ഇന്നത്തെ മാതൃഭൂമിയില്‍ കണ്ട ഈ വാര്‍ത്തയിലാണ് ഒരു കാര്‍ട്ടൂണിനുള്ള സ്കോപ്പ് കണ്ടത്.


ജയരാജന്‍ സഖാവ് ഉദ്ദേശിച്ചത് കോണ്‍‌ഗ്രസ്സിനേയും കടവൂരിനേയും ആണെങ്കിലും സി.ബി.ഐ ക്കു നേരെയുള്ള ഒരു
പോര്‍‌വിളിയായാണ് ഈ വാര്‍ത്ത മനസ്സില്‍ കത്തിയത്.പോടാ പുല്ലേ എന്നതിനപ്പുറം കടുത്ത വാക്കുകള്‍ സി.ബി.ഐ ക്കെതിരെ പ്രയോഗിക്കാനും മടിയില്ല എന്ന് സഖാവ് വ്യക്തമാക്കുന്നുമുണ്ടല്ലോ.

ഓസ്കാര്‍അവാര്‍ഡ് പ്രഖ്യാപനം കാത്ത് ‘സ്ലം ഡോഗ്’ എന്ന വാര്‍ത്തയും ഇന്നാണല്ലോ കണ്ടത്.


സ്വാഭാവികമായും തിങ്കളാഴ്‌ച പത്രങ്ങളിലെല്ലാം സ്ലം ഡോഗ് നിറഞ്ഞുനില്ക്കും.ജയരാജന്റെ പട്ടിയെ സ്ലം ഡോഗുമായി ബന്ധിപ്പിക്കാന്‍ ഇനിയെന്തിന് ആലോചിക്കണം?

ഇനി വേണ്ടത് പോക്കറ്റ് കാര്‍ട്ടൂണിനുള്ള ഒരു കമന്റ് ആണ്.ഓസ്കാറില്‍ സ്ലം ഡോഗ് മില്ല്യണയറാകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. പക്ഷേ ലാവലിന്‍ കേസില്‍ ‘മില്ല്യണയറിനെ‘ തൊടാന്‍ ജയരാജന്‍ വിരട്ടിയോടിക്കുന്ന “സ്ലം ഡോഗി“നാകുമോ എന്നു കണ്ടറിയണം.കുരക്കും പട്ടി കടിക്കില്ല എന്നാണല്ലോ.ഈ ആശയങ്ങള്‍ വരുന്ന ഒരു കമന്റ് ആയാല്‍ കൊള്ളാം.

‘പട്ടികള്‍ കുരക്കട്ടെ,സാര്‍ത്ഥവാഹകസംഘം മുന്നോട്ട്’ എന്ന പ്രസിദ്ധമായ വാചകം ഓര്‍മ്മ വന്നു.സി.ബി.ഐ യെ ‘രാഷ്ട്രീയമായി നേരിട്ട്‘ നവകേരളമാര്‍ച്ച് മുന്നോട്ട് പോകുകയാണല്ലോ.

അങ്ങനെ കമന്റ് കിട്ടി.‘സ്ലം ഡോഗ്‌സ് കുരക്കട്ടെ..മില്ല്യണയേഴ്സ് മുന്നോട്ട്!‘.

പിണറായിയും ജയരാജനും സി.ബി.ഐ എന്ന പട്ടിക്കു നേരെ കല്ലെറിയുന്ന ചിത്രവും വരച്ചാല്‍ നാളത്തെ പോക്കറ്റ് കാര്‍ട്ടൂണ്‍ ആയി.

അല്ലാ.ഇതെന്തിന്പോക്കറ്റില്‍ ഒതുക്കണം എന്നായി അപ്പോള്‍ ചിന്ത.കുറച്ചുകൂടി നല്ലൊരു വിഷ്വല്‍ ഉണ്ടാക്കാമെങ്കില്‍ ഇതിനെ ഒരു ഡിസ്‌പ്ലേ കാര്‍ട്ടൂണ്‍ ആക്കിക്കൂടെ?പോക്കറ്റ് കാര്‍ട്ടൂണിന് ഏറ്റവും പുതിയ വാര്‍ത്തകളില്‍ നിന്ന് മറ്റൊരു വിഷയം കണ്ടെത്താം.

കുതിച്ചുപായുന്ന കാറിനു കുറുകെ ചാടി അപകടമുണ്ടാക്കുന്ന തെരുവുനായ്ക്കളെ ഓര്‍മ്മവന്നു.കാറില്‍ ‘മില്ല്യണയര്‍‘ ആണെങ്കിലും ചുമ്മാ കുരച്ചുചാടുന്ന സ്ലം ഡോഗ്‌സ്!

അതുമതി.എല്ലാവര്‍ക്കും സുപരിചിതമായ ഒരു വിഷ്വല്‍.

ഈ കാര്‍ട്ടൂണില്‍ വി.എസ് കൂടി വേണം എന്നു തോന്നി.എന്തായിരിക്കും ഈ ചിത്രത്തില്‍ ആശാന്റെ റോള്‍?ഓസ്കാര്‍ അവാര്‍ഡുമായി ബന്ധപ്പെട്ടാണല്ലോ കാര്‍ട്ടൂണ്‍,ഒരു മിന്നല്‍ പോലെ ഓസ്കാര്‍ അവാര്‍ഡ് ശില്പം മനസ്സില്‍.ലാവ്‌ലിന്‍ കേസില്‍ സി.ബി.ഐ ക്കു നല്‍കാന്‍ വി.എസ്സിന്റെ മനസ്സിലെങ്കിലും ഒരു അവാര്‍ഡ് ഉണ്ടാകില്ലേ?തല്‍ക്കാലം മൌനവ്രതത്തിലാണെങ്കിലും...

മില്ല്യണയേഴ്സിന്റെ കാറിടിച്ചു കരയുന്ന സി.ബി.ഐ സ്ലം ഡോഗിനു മുന്നില്‍ ഓസ്കാര്‍ പ്രതിമയായി അച്ചുതാനന്ദന്‍.അതുറപ്പിച്ചു.

കാര്‍ട്ടൂണിന് ഒരു പശ്ചാത്തലം വേണമല്ലോ.ഏതു റോഡിലാണ് ഈ അപകടം നടക്കുന്നത്?എന്തിനു സംശയം... മുഖ്യമന്ത്രിയുടെ ‘പ്രതിമ’ സെക്രട്ടേറിയറ്റിനു മുന്നിലലാതെ എവിടെയാണുണ്ടാകുക..?

അല്ലാ, അവിടെ ഇപ്പോഴേ ഒരു പ്രതിമ ഉണ്ടല്ലോ.അഴിമതിക്കെതിരെ വാളുയര്‍ത്തിയ....മഹാനായ ഒരു ഭരണാധികാരിയുടെ..കഴിഞ്ഞയാഴ്‌ചയല്ലേ എം.എം ഹസ്സനോ മറ്റോ വേലുത്തമ്പിയുടെ പ്രതിമക്കു പകരം വി.എസ്സിന്റെ “പ്രതിമ” അവിടെ സ്ഥാപിക്കണം എന്നു പറഞ്ഞത്..

ഭരണത്തിന്റെ ആസ്ഥാനത്തെ,ആ സ്ഥാനത്തുതന്നെ വേണം വാളു വെച്ചു നില്ക്കുന്ന(മറ്റേ അര്‍ത്ഥത്തിലല്ല)മുഖ്യമന്ത്രിയുടെ പ്രതിമ സ്ഥാപിക്കാമെന്നു കരുതി.
* * * *
ഇത്രയും മനസ്സില്‍ നടക്കുന്ന കാര്യം.ഇങ്ങനെ പൂര്‍ണ്ണമായ ഒരു വിഷ്വല്‍ മനസ്സില്‍ വരച്ചതിനുശേഷമാണ് പെന്‍‌സില്‍ സ്കെച്ച് ചെയ്യുന്നത്.


പിന്നീട് കാലിഗ്രാഫിപേനകൊണ്ട് പെന്‍‌സില്‍ സ്കെച്ചിനുമുകളിലൂടെ വരക്കുന്നു.ഓസ്കാര്‍ അവാര്‍ഡ് ശില്പം റഫര്‍ ചെയ്ത് ശരിയായി വരക്കുന്നു.



കാര്‍ട്ടൂണ്‍ പൂര്‍ത്തിയാക്കി പെന്‍‌സില്‍ സ്കെച്ചും അനാവശ്യവരകളും വാക്കുകളും മായ്‌ച്ചുകളയുന്നു.ഈ കാര്‍ട്ടൂണിലേക്കു നയിച്ച ജയരാജന്റെ പ്രസ്താവന കാര്‍ട്ടൂണിന് അധികപ്പറ്റാണെന്നു കണ്ട് അത് ഒഴിവാക്കുന്നു.


പൂര്‍ത്തിയാക്കിയ കാര്‍ട്ടൂണ്‍ ഓഫീസിലേക്ക്..(ഞായറാഴ്‌ച വീട്ടിലിരുന്നു വരച്ച ഈ കാര്‍ട്ടൂണ്‍ ഓഫീസിലേക്ക് മെയില്‍ ചെയ്യുകയായിരുന്നു.ഓഫീസില്‍ ചീഫ് എഡിറ്റര്‍ കണ്ടതിനു ശേഷമാണ് കാര്‍ട്ടൂണ്‍ അച്ചടിക്കുന്നത്.)


തിങ്കളാഴ്‌ച വായനക്കാരുടെ മുന്നിലെത്തിയ കാര്‍ട്ടൂണ്‍.

സ്ലം ഡോഗ് മില്ല്യണയര്‍-കാര്‍ട്ടൂണ്‍


ഒരു കാര്‍ട്ടൂണ്‍ ആശയമായി മനസ്സില്‍ രൂപപ്പെട്ട് പത്രത്തില്‍ പ്രസിദ്ധീകരിക്കുന്നതുവരെയുള്ള വിവിധ ഘട്ടങ്ങളെക്കുറിച്ച് എഴുതിക്കൂടേ എന്നു ഈ ബ്ലോഗില്‍ മുമ്പ് ആരോ ചോദിച്ചിരുന്നു.ഞായറാഴ്‌ച വരച്ച് ഇന്നത്തെ പത്രത്തില്‍ അച്ചടിച്ച ഈ കാര്‍ട്ടൂണിന്റെ പിറവിയെക്കുറിച്ച് ഇവിടെ

Saturday, February 21, 2009

സംസ്ഥാന ബജറ്റ് കാര്‍ട്ടൂണുകള്‍

സാമ്പത്തികമാന്ദ്യത്തിന്റെ ചരിത്രം തകഴിയുടെ ‘കയറില്‍’ ഉണ്ടെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി