Thursday, December 30, 2010
Friday, December 24, 2010
കരുണാകരന്‍ കഥാപാത്രമായ അവസാന കാര്‍ട്ടൂണ്‍
(കരുണാകരന്‍ കഥാപാത്രമായ അവസാനകാര്‍ട്ടൂണ്‍.ഇന്നത്തെ കേരളകൌമുദിയില്‍ നിന്ന്.)
കണ്ണിറുക്കിയുള്ള കുസൃതിച്ചിരിയായിരുന്നു ലീഡര്‍.കുറിക്കുകൊള്ളുന്നൊരു വാര്‍ത്ത മുന്നിലിരിക്കുന്ന
ലേഖകന് സമ്മാനിച്ചാവും ചിരി.ചിരിച്ചു ചിരിച്ച് ലീഡര്‍ വാര്‍ത്തകളിലെ സൂപ്പര്‍ സ്റ്റാറായി.കാര്‍ട്ടൂണുകളിലേയും.
സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങള്‍ക്കുള്ള മിനിമം ഗ്യാരണ്ടി ലീഡര്‍ കഥാപാത്രമായ കാര്‍ട്ടൂണുകള്‍ക്ക് എന്നുമുണ്ടായിരുന്നതിനാല്‍
കാര്‍ട്ടൂണിസ്റ്റുകള്‍ ഏറെ വരക്കാനിഷ്ടപ്പെടുന്ന രാഷ്ട്രീയനേതാവായി കരുണാകരന്‍.മൂന്നു തലമുറയില്‍പെട്ട കാര്‍ട്ടൂണിസ്റ്റുകളുടെ
‘ഇരയാകാന്‍’ കഴിഞ്ഞ മറ്റൊരു നേതാവുണ്ടാകില്ല കേരളത്തില്‍.
തൊണ്ണൂറു കഴിഞ്ഞൊരു മുത്തച്ഛനോടുള്ള ‘അയ്യോ പാവം ’ സമീപനമൊന്നും കാര്‍ട്ടൂണില്‍ കരുണാകരനെ ‘കരു’വാക്കുമ്പോള്‍
ഇളമുറക്കാര്‍പോലും സ്വീകരിച്ചില്ല.തക്കം കിട്ടുമ്പോഴൊക്കെ മര്‍മ്മത്തുതന്നെ കുത്തി.കുത്തിന്റെ തീവ്രത കൂടുന്തോറും വായനക്കാര്‍
ആസ്വദിച്ചു ചിരിച്ചു.പൂവായും പുഴുവായും പൂമ്പാറ്റയായും പൂവാലനായും കാര്‍ട്ടൂണിലെ കറുത്ത വരകളില്‍ ലീഡര്‍ രൂപാന്തരപ്പെട്ടു.
നിത്യേന വിമര്‍ശത്തിന്റെ ശരശയ്യയില്‍ കിടത്തുമ്പോഴും ഈ ഭീഷ്മാചാര്യനില്ലാത്ത ലോകത്തെക്കുറിച്ച് ചിന്തിക്കാന്‍ ഒരു കാര്‍ട്ടൂണിസ്റ്റിനും
ആകുമായിരുന്നില്ല.ഒരിക്കലും വിഷയദാരിദ്ര്യം നല്‍കാത്ത വിലപ്പെട്ട കനിയായിരുന്നു കരുണാകരന്‍.
ഒരു നേതാവിന്റെ ജനപ്രീതിയുടെ അളവുകോലാണ് അദ്ദേഹത്തെക്കുറിച്ചുള്ള കാര്‍ട്ടൂണുകളുടെ സ്വീകാര്യത.വാത്സല്യനിധിയായ അച്ഛന്‍,
തികഞ്ഞ ഗുരുവായൂരപ്പ ഭക്തന്‍,കര്‍മ്മകുശലനായ ഭരണാധികാരി,ആശ്രിതവത്സലനായ രക്ഷാധികാരി,എതിരാളികള്‍ക്ക് ശക്തനായ പോരാളി
എന്നിങ്ങനെ കേരളത്തിലെ ആബാലവൃദ്ധം ജനങ്ങള്‍ക്കും സുപരിചിതമായ കരുണാകരന്റെ ഓരോ ചലനങ്ങളും കാര്‍ട്ടൂണിസ്റ്റുകള്‍ മുതലാക്കി.
തന്നെക്കുറിച്ചുള്ള കാര്‍ട്ടൂണുകള്‍ ലീഡറും ഏറെ ആസ്വദിച്ചിരുന്നു.ആദ്യത്തെ കാര്‍ട്ടൂണ്‍ പ്രദര്‍ശനം വരച്ച് ഉദ്ഘാടനം ചെയ്യാന്‍ ക്ഷണിക്കുന്നതിനായി
നന്ദന്‍കോട്ടെ ‘കല്യാണി’യില്‍ ചെന്നപ്പോള്‍ ലീഡറുടെ സന്തതസഹചാരി പരമേശ്വരന്‍ പറഞ്ഞു.“പത്രം വന്നാല്‍ ലീഡര്‍ ആദ്യം നോക്കുന്നത് കാര്‍ട്ടൂണുകളാണ്.”
വര പഠിക്കാന്‍ തൃശൂരിലെത്തിയ കരുണാകരന് രാഷ്ട്രീയത്തില്‍ പലരുടേയും തലവര നിര്‍ണ്ണയിക്കാനായിരുന്നല്ലോ നിയോഗം.ഇടക്ക് കൈവിട്ടുപോയ്യ ആ വര പുറത്തെടുക്കണം എന്നായിരുന്നു.ഞങ്ങളുടെ ആഗ്രഹവും ആവശ്യവും.കാര്‍ട്ടൂണുകളിലെ സൂപ്പര്‍ കഥാപാത്രം കാര്‍ട്ടൂണിസ്റ്റാകുന്നത് കാണുന്നതിലെ കൌതുകം വേറെയും.സന്തോഷപൂര്‍വ്വം ലീഡര്‍ ക്ഷണം സ്വീകരിച്ചു.
അപൂര്‍വ്വവും അതിശയകരവും ആയിരുന്നു ആ കാഴ്ച.വി.ജെ.ടി ഹാളിലെ നിറഞ്ഞ സദസ്സിനെ സാക്ഷി നിറുത്തി,പലതവണ ലീഡറെ വരക്കാനുപയോഗിച്ച പേന
ഞാന്‍ അദ്ദേഹത്തിന് കൈമാറി.ഒരു നിമിഷം നോട്ടം സദസ്സിലേക്ക്.പിന്നെ തിരിഞ്ഞ് കാന്‍വാസില്‍ മൂന്നോ നാലോ വരകള്‍.തെളിഞ്ഞത് മുന്‍നിരയിലിരുന്ന
മലങ്കര ബിഷപ്പ് ജോസഫ് മാര്‍ തോമസിന്റെ കാര്‍ട്ടൂണ്‍ ചിത്രം.
തികഞ്ഞ പ്രൊഫഷനല്‍ കാര്‍ട്ടൂണിസ്റ്റിനെപ്പോലെ കരുണാകരന്‍ കാരിക്കേച്ചറിനു താഴെ തന്റെ കയ്യൊപ്പിട്ടു.”കൈ വിറച്ചില്ലെങ്കില്‍ ഇതിനേക്കാള്‍ ഗംഭീരമാക്കാമായിരുന്നു എന്ന് സ്വകാര്യം പറഞ്ഞു.”
ഒരു കാര്‍ട്ടൂണിസ്റ്റിനു ലഭിക്കാവുന്ന അമൂല്യനിധിയായിരുന്നു ലീഡര്‍ കാര്‍ട്ടൂണ്‍ വരച്ച് കയ്യൊപ്പിട്ട ആ കാന്‍വാസ്,അത് ഞാനിന്നും സൂക്ഷിക്കുന്നു.
ഇന്ന്,കാര്‍ട്ടൂണിസ്റ്റുകള്‍ക്ക് ശൂന്യത നല്‍കി എല്ലാ കാന്‍വാസുകളില്‍ നിന്നും ലീഡര്‍ ഒഴിഞ്ഞുപോയിരിക്കുന്നു.ലോകത്തൊരിടത്തും ‘ഇരയുടെ‘ വിയോഗത്തില്‍
‘വേട്ടക്കാര്‍’ ഇത്രമാത്രം ദു:ഖിച്ചിരിക്കില്ല.
(ഇന്ന് കേരളകൌമുദിയില്‍ പ്രസിദ്ധീകരിച്ച കുറിപ്പ്.)
Thursday, December 23, 2010
Wednesday, December 22, 2010
Monday, December 20, 2010
Wednesday, December 15, 2010
Saturday, December 4, 2010
Friday, December 3, 2010
Subscribe to:
Posts (Atom)