Friday, October 26, 2012

ആപ്പിൾ കുട്ടപ്പനാശാരിക്കു പിന്നാലെ

കുട്ടപ്പനാശാരിക്കെതിരെ പേറ്റന്റ്‌ ലംഘനത്തിനു കേസ്‌ കൊടുക്കാൻ ആപ്പിൾ കമ്പനി ഒരുങ്ങുന്നു എന്ന തമാശ കണ്ടത്‌ ഫേസ്ബുക്കിലാണ്‌. ആപ്പിളിനു പേറ്റന്റുളളതും ഐപ്പാഡ് തുറക്കാൻ ഉപയോഗിക്കുന്നതുമായ ‘സ്ലൈഡ്‌ ടു അൺലോക്ക്‌ ‘എന്ന ‘സാങ്കേതികവിദ്യ‘ അനധികൃതമായി ഉപയോഗിച്ച്‌ കക്ഷി വാതിൽ തുറക്കുന്ന ഓടാമ്പലുകൾ ഉണ്ടാക്കുന്നത്രേ. ഐപ്പാഡിനും ആപ്പിളിനും മുൻപ് സ്ലൈഡ്‌ ടു അൺലോക്ക് വിദ്യയിലൂടെ നമ്മളെത്ര വാതിലുകൾ തുറന്നിരുന്നു എന്ന് സായിപ്പിനറിയില്ലല്ലോ.
പേറ്റന്റ്‌ ലംഘനത്തിന്റെ പേരിൽ തൊട്ടതിനും പിടിച്ചതിനും സാംസങ്ങിനെ കോടതി കയറ്റുന്ന ആപ്പിളിനെപ്പോലെ കുട്ടപ്പനാശാരി കേസും കൂട്ടവുമായി ഇറങ്ങിയാൽ ആപ്പിലാകുന്നത്‌ ആപ്പിളാകും. കനം കുറഞ്ഞ മരപ്പലക കൊണ്ട്‌ ഫ്രെയിമുണ്ടാക്കി കുട്ടപ്പനാശാരിമാർ മിനുക്കിയ പഴയ സ്ലേറ്റിന്റെ ഡിസൈനിലല്ലേ ആപ്പിളിന്റെ ഐപ്പാഡ്‌ ? സ്ലേറ്റിനുപകരം ടാബ്​ലറ്റും പെൻസിലിനു പകരം സ്റ്റൈലസും വന്നപ്പോൾ പണവും പത്രാസും പേറ്റന്റുമുണ്ടെന്നതു സത്യം. പക്ഷേ പേറ്റന്റുളളവരെല്ലാം പേരന്റാകില്ല എന്നാണ് പുതുചൊല്ല്.
പേറ്റന്റെടുക്കാനാകാത്ത ഒന്നുണ്ട്‌: ഓർമ്മകൾ. പഴയ സ്ലേറ്റും പെൻസിലും വള്ളിനിക്കറിട്ട കുട്ടിക്കാലവും ഓടാമ്പൽ വലിച്ചു തുറക്കുന്ന വാതിലും എന്തിനു കുട്ടപ്പനാശാരിപോലും ഇന്ന് ഓർമ്മകളിൽ മാത്രമേയുള്ളൂ. നൊസ്റ്റാൾജിയ ഉണർത്തുന്ന സ്ലേറ്റും പെൻസിലും പുതിയ രൂപത്തിൽ പുനർജനിച്ചപ്പോൾ മഷിത്തണ്ടും മയിൽപ്പീലിയും കുപ്പിവളകളുമൊക്കെ കാലത്തിന്റെ രക്തസാക്ഷികളായി. അനിയന്ത്രിതമായ ഗതിവേഗത്തോടെ പായുന്ന സ്​മാർട്ട്‌ഫോൺ- ടാബ്‌ലറ്റ്‌ യുഗം മറ്റെന്തൊക്കെയാണ് ഓർമ്മകളുടെ റീസൈക്കിൾ ബിന്നിലേക്ക്‌ തള്ളുന്നത്? ഒരന്വേഷണം...

1. ടൈംപീസ്
ലുട്ടാപ്പിയുടെ കൊമ്പുപോലെ ഇരുവശത്തും രണ്ടു ചെറിയ കുറ്റികൾ. മഴ കിനിയുന്ന ഈറൻ പ്രഭാതങ്ങളിലേക്ക്‌ അവന്റെ നീട്ടിയൊരു അലർച്ചയുണ്ട്‌. ട്ർർണീം... പുതപ്പിനിടയിലൂടെ കൈ മാത്രം പുറത്തിട്ട്‌ കൊടുക്കും ഒരെണ്ണം ആ കൊമ്പിൽ തന്നെ. വീണ്ടും പുതപ്പിനടിയിൽ ചുരുളും. പ്രഭാതസവാരി, അതിരാവിലെയുള്ള ട്യൂഷൻ ക്ലാസ്‌, പുലർച്ചെ പുറപ്പെടുന്ന ട്രെയിൻ... കാരണം എന്തുമാകട്ടെ തലേന്നു രാത്രി കീ കൊടുക്കാൻ മറക്കാറുണ്ടായിരുന്നില്ല. കീ കൊടുക്കുന്നതും അല്ലാത്തതുമായ എല്ലാ അലാറം ക്ലോക്കുകൾക്കും മരണമണി മുഴങ്ങുമ്പോൾ മൊബൈൽ ഫോണിലല്ലാതെ അലാറം സെറ്റു ചെയ്യുന്ന ആരെങ്കിലുമുണ്ടാകുമോ ഇക്കാലത്ത്‌?

2. വാച്ച്‌
പത്താം ക്ലാസ്‌ കഴിഞ്ഞപ്പോഴാണ്‌ ആദ്യമായി വാച്ച്‌ കെട്ടുന്നത്‌. വൈൻഡ്‌ ചെയ്യുന്ന വാച്ചിനുപകരം ബട്ടൻസുപോലുളള ബാറ്ററിയിലോടുന്ന വാച്ച്‌ കെട്ടുമ്പോൾ എന്തൊരു ഗമയായിരുന്നു! ചെറിയ സൂചി എട്ടിൽ, വലിയ സൂചി പന്ത്രണ്ടിൽ ... അപ്പോൾ എട്ടുമണി എന്നു സമയം നോക്കാൻ പഠിച്ചത്‌ വെറുതേയായല്ലോ എന്ന ചിന്തയായിരുന്നു ഡിജിറ്റൽ വാച്ച്‌ കിട്ടിയപ്പോൾ. ഇന്ന് ഏതു തുക്കടാ മൊബൈലിലും ലോകത്തെവിടത്തേയും സമയമറിയാമെന്നിരിക്കെ വാച്ച്‌ എന്ന കൈവിലങ്ങ് എന്തിന്‌?

3. കാൽക്കുലേറ്റർ
പീഡാപ്പി എന്ന ഇരട്ടപ്പേരുളള അദ്ധ്യാപകനാണ്‌ പെരുക്കപ്പട്ടിക പഠിപ്പിച്ചത്‌. പതിനാറേ ഗുണം പതിനാറെത്രയാണെന്ന ചോദ്യത്തിന്‌ ഉത്തരം അരമിനിട്ട് വൈകിയാൽ കിട്ടുമായിരുന്നു നല്ല ചുട്ട പെട. അടികൊള്ളാനുള്ള മടിയാകാം, ഏത്‌ ഉറക്കത്തിലും പതിനാറുവരെ ഗുണനപ്പട്ടിക മനഃപാഠമായിരുന്നു കുട്ടികൾക്കെല്ലാം. കാൽക്കുലേറ്റർ അന്ന് എൻജിനിയറിംഗ് വിദ്യാർത്ഥികളുടെ ആർഭാടം. ഇന്ന് അര ലിറ്റർ പാലിന്‌ പതിനേഴ് രൂപ അമ്പതു പൈസ വച്ച്‌ അഞ്ചുലിറ്റർ പാലിന്റെ വിലയെത്ര എന്നു ചോദിച്ചാൽ ആ നിമിഷം എടുക്കും പോക്കറ്റിൽ നിന്ന്‌ മൊബൈലിലെ കാൽക്കുലേറ്റർ.

4. റേഡിയോ
നാലുമണിയാകാൻ കാത്തിരിക്കും. സിലോൺ റേഡിയോ പ്രക്ഷേപണം ചെയ്യുന്ന നിങ്ങളാവശ്യപ്പെട്ട ചലച്ചിത്രഗാനങ്ങൾ കേൾക്കാൻ. റേഡിയോക്കു മുന്നിൽ എത്ര തപസിരുന്നാലാണ്‌ ഇഷ്​ടപ്പെട്ട പാട്ട്‌ കേൾക്കാനാകുക. ഇപ്പോഴോ? നാട്ടിലെങ്ങും പാട്ടുനിറച്ച്‌ ടൺ കണക്കിനു ഫൺ നൽകുന്ന അനേകം എഫ്‌.എം സ്റ്റേഷനുകളും മെമ്മറികാർഡിലെ അനേകമനേകം എം പി ത്രീ ഫയലുകളുമായി ഉഗ്രൻ പാട്ടുപെട്ടിയിരിക്കുകയല്ലേ നമ്മുടെയെല്ലാം പോക്കറ്റിൽ.

5. അറ്റ്​ലസ്
ഭൂമിശാസ്ത്രപഠനത്തിന് അറ്റ്​ലസ് കൂടിയേ തീരൂ എന്ന് വാശിപിടിച്ചു വാങ്ങിയതാണാ ചിത്രപുസ്​തകം. വീടിനും സ്കൂളിനുമപ്പുറം ലോകമുണ്ടെന്ന് വരച്ചിട്ട അറ്റ്​ലസിന്റെ ഇളം‌ പച്ച താളുകളിൽ നിന്ന്
സ്​മാർട്ട്ഫോണിൽ ചൂണ്ടുവിരലിന്റെ ചലനങ്ങൾക്കനുസരിച്ച് ലോകം കൺ‌മുന്നിലെത്തിക്കുന്ന ഗൂഗിൾ മാപ്പ് ആപ്ലിക്കേഷനിലേക്കുള്ള ദൂരമെത്രയാണ്?

6. കാമറ
കോളേജ് പഠനകാലത്താണ് കാമറ തൊടുന്നത്. ഫിലിം റോളിട്ട് 36 ചിത്രങ്ങളെടുക്കാവുന്ന കാനണിന്റെ കാമറ കൈയിലെത്തുമ്പോൾ കാലം ഡിജിറ്റൽ കാമറകളിലേക്ക് ഫ്ലാഷ് മിന്നിച്ചിരുന്നു. ഫിലിം റോളുകൾ ഞൊടിയിടയിൽ പുരാവസ്തുവായി. മികച്ച ചിത്രങ്ങളും ഹൈ ഡെഫനിഷൻ വീഡിയോ‍കളും മൊബൈലിൽ എടുക്കാമെന്നിരിക്കെ വേണോ ഇനിയൊരു ഡിജിറ്റൽ കാമറ?
പിന്നെയുമെന്തൊക്കെ? വാർത്ത വായിച്ച സ്ക്രീനിൽ തന്നെ വരയ്​ക്കാനും നിറം നൽകാനും പത്രമോഫീസിലേക്ക് അയയ്ക്കാനും സൗകര്യമൊരുക്കുന്ന പുതിയ സ്ലേറ്റിന്റെ പ്രതലത്തിലെ വെർച്വൽ കീബോർഡിൽ വിരൽ തൊട്ട് ഈ വരികൾ കുറിക്കുമ്പോൾ ഓഫീസ് ബാഗിൽ നിന്ന് ഡിലീറ്റ് ആകുന്നതെന്തെല്ലാം ... ദിനപത്രങ്ങൾ, മാസികകൾ, പേപ്പർ, പെൻസിൽ, പേന, മഷിക്കുപ്പി, ഇറേസർ, സ്കെയിൽ, പോർട്ടബിൾ സ്കാനർ, കീബോർഡ്, പ്ലഗ് ആൻഡ് പ്ലേ മോഡം.....അങ്ങനെയങ്ങനെ. കറന്റ് പോയാൽ ടോർച്ചടിക്കാൻ മുതൽ ഹൃദയമിടിപ്പ് അളക്കാൻ വരെ
സ്​മാർട്ട്ഫോണുകളിലും ടാബ്‌ലറ്റുകളിലും ആപ്ലിക്കേഷനുകൾ അനുദിനം ലഭ്യമാകുമ്പോൾ ഈ പട്ടിക നീളുമെന്നുറപ്പ്.
ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ടെന്നാണല്ലോ. ഐപ്പാഡിന്റെ ഏറ്റവും വലിയ പ്രയോജനം എന്തെന്നു ചോദിച്ച ചങ്ങാതിക്കു മുന്നിൽ കുട്ടപ്പനാശാരിയെ മനസിൽ ധ്യാനിച്ച് സ്ലൈഡ് ടു അൺലോക്ക് ഐക്കണിൽ തോണ്ടി ഐപ്പാഡ് തുറന്ന് ഫ്രണ്ട് ഫേസിംഗ് കാമറ സെറ്റ് ചെയ്​ത് അതിൽ നോക്കി ഷേവ് ചെയ്യാൻ തുടങ്ങി.
പുതിയ കാലത്തിന്റെ കണ്ണാടി കണ്ടപ്പോൾ ചങ്ങാതി ഡിം!

 
ടി.കെ സുജിത്ത്‌ ആപ്പിളും കുട്ടപ്പനാശാരിയും

Saturday, September 22, 2012

അഞ്ചു കാർട്ടൂണുകൾ

സെപ്തംബർ22 സെപ്തംബർ21 സെപ്തംബർ20 സെപ്തംബർ19 സെപ്തംബർ18

Thursday, September 13, 2012

നാലു കാർട്ടൂണുകൾ

സെപ്തംബർ13 സെപ്തംബർ12 സെപ്തംബർ11 സെപ്തംബർ10