Sunday, October 21, 2007

13വര്‍ഷത്തെ ഇന്ത്യന്‍ രാഷ്ടീയം പ്രവചിച്ച് ചരിത്രത്തില്‍ ഇടം നേടിയ കാര്‍ട്ടൂണ്‍!


രാഷ്ട്രീയ കാര്‍ട്ടൂണുകള്‍ക്ക് അല്പായുസ്സാണെന്നാണു സങ്കല്പം.ദ്രുതഗതിയില്‍ മാറിമറിയുന്ന സംഭവവികാസങ്ങള്‍ക്കിടയില്‍ മിന്നല്‍പ്പിണറായി ജ്വലിച്ച് അതിവേഗം വിസ്മൃതിയിലേക്ക് മറയാനാണ്‍ പല രാഷ്ട്രീയകാര്‍ട്ടൂണുകളുടേയും തലവര.അസാധാരണമായ ഉള്‍ക്കാഴ്ചയോടെ സംഭവങ്ങളെ വിലയിരുത്തുന്ന ഒരു കാര്‍ട്ടൂണിസ്റ്റിനു മാത്രമേ കാലാതിവര്‍ത്തിയായ കാര്‍ട്ടൂണുകള്‍ രചിക്കാ‍നാകൂ.ചരിത്രത്തില്‍ ഇടം നേടിയ അത്തരമൊരു കാര്‍ട്ടൂണിനെക്കുറിച്ചു പറയാം.

ഇന്ത്യന്‍ കാര്‍ട്ടൂണ്‍ രംഗത്തെ കുലപതിയായ കാര്‍ട്ടൂണിസ്റ്റ് ശങ്കറും പ്രധാനമന്ത്രിയായിരുന്ന നെഹ്രുവും തമ്മിലുണ്ടായിരുന്ന ആത്മബന്ധം പ്രസിദ്ധമാണല്ലോ.1948-ല്‍ ശങ്കേര്‍സ് വീക്ക്‍ലിയുടെ ഉദ്ഘാടനച്ചടങ്ങില്‍ വെച്ച് “എന്നെ വെറുതേ വിടരുത് ശങ്കര്‍” എന്നഭ്യര്‍ത്ഥിച്ച നെഹ്രുവിനെ ശങ്കര്‍ തെല്ലും നിരാശപ്പെടുത്തിയില്ല.പൂവായും പുഴുവായും നായായും നരിയായും നെഹ്രു ശങ്കറിന്റെ കാര്‍ട്ടൂണുകളില്‍ നിറഞ്ഞുനിന്നു.

1954-64 കാലഘട്ടം.സജീവരാഷ്ട്രീയത്തില്‍ നിന്നും വിരമിക്കാനുള്ള തന്റെ തീരുമാനം തല്പരകക്ഷികളുടെ സമ്മര്‍ദ്ദത്തിനു വിധേയമായി (?)നെഹ്രു മാറ്റിവെച്ചുകൊണ്ടിരുന്ന സന്ദര്‍ഭം.നെഹ്രുവിനു ശേഷം ആര്‍ എന്ന ചോദ്യം രാഷ്ട്രീയ ഉപശാലകളില്‍ ഒളിഞ്ഞും തെളിഞ്ഞും പ്രതിധ്വനിച്ചുകൊണ്ടിരുന്നു.ഈ ചോദ്യത്തിനു 1964 മെയ്17നു ശങ്കേര്‍സ് വീക്ക്‍ലിയില്‍ വരച്ച who after nehru എന്ന കാര്‍ട്ടൂണിലൂടെ ശങ്കര്‍ ഉത്തരം നല്‍കി.ക്ഷീണിതനായി ഓടുന്ന നെഹ്രുവില്‍ നിന്നും ദീപശിഖയേറ്റുവാങ്ങാന്‍ പിന്നാലെ ഓടുന്ന ലാല്‍ ബഹാദൂര്‍ ശാസ്ത്രി,ഗുല്‍‌സരിലാല്‍ നന്ദ,ഇന്ദിരാഗാന്ധി,വി.കെ.കൃഷ്ണമേനോന്‍,മൊറാര്‍ജി ദേശായി എന്നിവരായിരുന്നു കാര്‍ട്ടൂണില്‍.

ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഗ്രഹനില കുറിച്ചിട്ട കാര്‍ട്ടൂണായിരുന്നു അത്.കാര്‍ട്ടൂണ് അച്ചടിച്ചു വന്നതിന്റെ പത്താം നാള്‍ 1964മെയ്27നു നെഹ്രു അന്തരിച്ചു.ശങ്കറിന്റെ കാര്‍ട്ടൂണില്‍ നെഹ്രുവിനു പിന്നാലെ ഓടിയിരുന്നവരില്‍ ഗുല്‍‌സരിലാല്‍ നന്ദ ഇടക്കാല പ്രധാനമന്ത്രിയായി ചുമതലയേറ്റു.13 ദിവസത്തിനു ശേഷം കാര്‍ട്ടൂണിലെ രണ്ടാം സ്ഥാനക്കാ‍രനായ ശാസ്ത്രിക്കുവേണ്ടി നന്ദ വഴിമാറി.ശാ‍സ്ത്രിക്കു ശേഷം വീണ്ടും നന്ദ,അതിനു ശേഷം ഇന്ദിരാഗാന്ധി,പിന്നാലെ മൊറാര്‍ജി ദേശായി എന്നിങ്ങനെ ശങ്കറിന്റെ കാര്‍ട്ടൂണിലെ മുന്‍‌നിരക്കാരെല്ലാം(കൃഷ്ണമേനോന്‍ ഒഴികെ) പിന്നീട് ഇന്ത്യന്‍ പ്രധാനമന്ത്രിമാരായി.അതും ശങ്കര്‍ വരച്ചിട്ട അതേ ക്രമത്തില്‍!

1964മെയ്27നു നെഹ്രു അന്തരിക്കുന്നതു മുതല്‍ 1977മാര്‍ച്ച് 24നു മൊറാര്‍ജി ദേശായി പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കുന്നതു വരെയുള്ള ഇന്ത്യന്‍ രാഷ്ട്രീയം ശങ്കര്‍ 1964മെയ്17നു വരച്ച ഈ കാര്‍ട്ടൂണിന്റെ തനിയാവര്‍ത്തനമാകുകയായിരുന്നു!

12 comments:

tk sujith said...

വര മാത്രം പോരല്ലോ.ചരിത്രത്തില്‍ ഇടം നേടിയ ചില കാര്‍ട്ടൂണുകളെക്കുറിച്ച് ഇടക്ക് എന്തെങ്കിലും കുറിക്കാം.അറിയുന്നവര്‍ക്ക് ഓര്‍മ പുതുക്കാന്‍.അറിയാത്തവര്‍ക്ക് കൌതുകത്തോടെ ഓര്‍ത്തിരിക്കാന്‍......

ദിലീപ് വിശ്വനാഥ് said...

നന്ദി.

Harold said...

ആത്മനിഷ്ഠമായ രാഷ്ട്രീയാഭിമുഖ്യങ്ങള്‍ മാറ്റി നിറുത്തി വസ്തുനിഷ്ഠമായി ഈ രംഗം നിരീക്ഷിച്ചാല്‍ മാത്രമേ കാലത്തെ അതിവര്‍ത്തിക്കുന്ന കാര്‍ട്ടൂണുകള്‍ ഉണ്ടാവൂ എന്നതിനു ഉദാഹരണം.
അഭിനന്ദനങ്ങളും ആശംസകളും പുതിയ ഉദ്യമത്തിന്.

Saha said...

സുജിത്!
ഒരു ക്രാന്തദര്‍ശികൂടിയായിരുന്നു, ശങ്കര്‍ എന്നു തെളിയിക്കുന്ന കാര്‍ട്ടൂണ്‍ തന്നെ അത്.
ഇത് പങ്കുവെച്ചതിനു നന്ദി.
വിദ്യാരംഭനാളില്‍ ഇങ്ങനെയൊരു “ഗുരുസ്മരണ” നടത്തിയ സുജിത്തിന്‍‌റെ ഔചിത്യം അസ്സലായിരിക്കുന്നു!

p ram said...

വളരെ നന്നായി ഈ കാര്‍ട്ടൂണ്‍ ബ്ലോഗില്‍ ചേര്‍ത്തത്‌. ഈ ശങ്കര്‍ കാര്‍ട്ടൂണ്‍ പലയിടത്തും കണ്ടിട്ടുണ്ടെങ്കിലും അതിന്റെ രാഷട്രീയമാനം ഇത്ര വിശദമായി മനസ്സിലാക്കുന്നത്‌ ഇപ്പോഴാണ്‌. നന്ദിയുണ്ട്‌ സുജിത്തേ.

tk sujith said...

“വരയും ചിരിയും” എന്ന ലേബലില്‍ ഇതുപോലുള്ള കൌതുകങ്ങള്‍ ഇനിയും ഇടക്കിടെ എഴുതാം...

ഗുപ്തന്‍ said...

ഈ ഇതിഹാസം ഇവിടെ ചേര്‍ത്തതിനു നന്ദി

Unknown said...

ഈ പോസ്റ്റിന് നന്ദി സുജിത്തേട്ടാ.

tk sujith said...

ഒരു പോസ്റ്റിനുള്ളില്‍ മറ്റൊരു പേജിലേക്ക് ലിങ്ക് കൊടുക്കാന്‍ 'ഇവിടെ ക്ലിക്കുക" എന്നെഴുതി സെറ്റ് ചെയ്യുന്ന വിദ്യ ആരെങ്കിലും ഒന്നു പറഞ്ഞുതരാമോ?ഇനി എഴുതുന്ന കാര്യങ്ങളില്‍ അതു പ്രയോജനപ്പെടും...

Sreejith K. said...

Hyper link ഉപയോഗിച്ചാല്‍ മതി അതിനു.

ഉദാ: <a href="http://google.com/>ഇവിടെ ക്ലിക്കുക</a> എന്നെഴുതിയാല്‍ ഇങ്ങനെ കിട്ടും.

ഇവിടെ ക്ലിക്കുക. (ഇതില്‍ ക്ലിക്ക് ചെയ്താല്‍ ഗൂഗിളിലേയ്ക്ക് പോകും)

കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ നോക്കൂ.
http://www.w3schools.com/html/html_links.asp

tk sujith said...

നന്ദി ശ്രീജിത്ത്

Anonymous said...

സുജിത്ത്, വളരെ നന്നായി. നല്ല എഴുത്തും.