Sunday, December 2, 2007

രാഷ്ട്രീയം കാര്‍ട്ടൂണാകുമ്പോള്‍ കാര്‍ട്ടൂണിന്റെ രാഷ്ട്രീയം!


ഇപ്പോള്‍ കാ‍ര്‍ട്ടൂണൊന്നും രാഷ്ട്രീയക്കാരെ ഏശുന്നില്ല.അതും ഒരു പരസ്യമായാണ് അവര്‍ എടുക്കുന്നത്".

പറയുന്നത്,നാലു ദശാബ്ദത്തോളം ശങ്കേര്‍സ് വീക്ക്‍ലി,ഈസ്റ്റേണ്‍ ഇക്കണോമിസ്റ്റ്,ഹിന്ദുസ്ഥാന്‍ ടൈംസ്,ഇന്ത്യന്‍ എക്സ്പ്രസ്സ് എന്നീ പ്രസിദ്ധീകരണങ്ങളിലൂടെ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നെറികേടുകള്‍ക്കെതിരെ വിമര്‍ശനത്തിന്റെ കൂരമ്പുകളെയ്ത തലമുതിര്‍ന്ന കാര്‍ട്ടൂണിസ്റ്റ് എ.ആര്‍.കേരളവര്‍മ്മ.സജീവ കാര്‍ട്ടൂണ്‍രചന മതിയാക്കി വര്‍മ്മയിപ്പോള്‍ തൃപ്പൂണിത്തുറയിലെ വസതിയില്‍ വിശ്രമജീവിതത്തിലാണ്.

വര്‍മ്മക്ക് അതു പറയാന്‍ എല്ലാ യോഗ്യതയും അനുഭവവും ഉണ്ട്. ലക്ഷക്കണക്കിന് വായനക്കാരുടെ പ്രശംസ മാത്രമല്ല.രാഷ്ട്രീയക്കാരെ ‘ഞോണ്ടിയ’കാര്‍ട്ടൂണുകളുടെ പേരില്‍ വക്കീല്‍നോട്ടീസും ജയില്‍‌വാസവും ഏറ്റുവാങ്ങേണ്ടിവന്നിട്ടുണ്ട് വര്‍മ്മക്ക്.പണ്ട്.

1978-ല്‍ ഹിന്ദ്സമാചാര്‍ പത്രത്തില്‍ വരച്ച കാര്‍ട്ടൂണിന്റെ പേരിലായിരുന്നു വക്കീല്‍‌നോട്ടീസ്.(കാര്‍ട്ടൂണ്‍ ഇതോടൊപ്പം).ഹരിയാന മുഖ്യമന്ത്രി ദേവീലാലിന്റെ സന്നിധിയില്‍ വിനീതവിധേയനായി കുമ്പിട്ടുനില്‍ക്കുന്ന തന്റെ ഹാസ്യചിത്രം എം.എല്‍.എ. ആയിരുന്ന ഭജന്‍‌ലാലിന് തീരെ പിടിച്ചില്ല.ഈ കാര്‍ട്ടൂണ്‍ കാണുന്നവര്‍ തന്നെയൊരു അപരാധിയായി കണക്കാക്കുമോ എന്നായിരുന്നു അദ്ദേഹത്തിന്റെ ഭയം.മാനനഷ്ടത്തിനു പരിഹാരമായി അഞ്ചുലക്ഷം രൂപയാണ് ഭജന്‍‌ലാല്‍ ആവശ്യപ്പെട്ടത്(വര്‍മ്മ അന്ന് അഞ്ഞൂറു രൂപ ശമ്പളം വാങ്ങിയിരുന്ന കാലം).കാര്‍ട്ടൂണിലൂടെ പോയ മാനത്തിന് രാഷ്ട്രീയനേതാവ് ചോദിച്ച വില കാര്‍ട്ടൂണിസ്റ്റിന്റെ ശമ്പളത്തിന്റെ ആയിരം മടങ്ങ്!



ഭജന്‍ലാലിന്റെ മാനം (അതുവരെ പോയതിലപ്പുറം)പോകാന്‍ തന്റെ കാര്‍ട്ടൂണില്‍ ഒന്നുമില്ലെന്ന് വര്‍മ്മ നേരിട്ട് കത്തെഴുതി.നഷ്ടപരിഹാരം നല്‍കാന്‍ താന്‍ തയ്യാറല്ലെന്നും അറിയിച്ചു.വിശദീകരണത്തില്‍ തൃപ്തനായിട്ടോ കേസു തുടര്‍ന്നാല്‍ ശേഷിച്ച മാനം കൂടി പോയേക്കുമോ എന്ന ഭയം കൊണ്ടോ ഭജന്‍ലാല്‍ നിയമയുദ്ധത്തില്‍ നിന്നും പിന്മാറുകയാണുണ്ടായത്.

മറ്റൊരിക്കല്‍,പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ സ്വഭാവശുദ്ധിയെ അവഹേളിക്കുന്ന പോസ്റ്റര്‍ തയ്യാറാക്കി എന്ന ജാമ്യമില്ലാക്കുറ്റം ചുമത്തി വര്‍മ്മയെ സര്‍ക്കാര്‍ തീഹാര്‍ ജയിലിലടച്ചു.ഈ സംഭവത്തിലും വര്‍മ്മ നിരപരാധിയായിരുന്നു.ഡല്‍ഹിയില്‍ കമ്മ്യൂണിസ്റ്റുകാര്‍ പുറത്തിറക്കിയ വിവാദപോസ്റ്ററിലെ അക്ഷരങ്ങള്‍ക്ക് വര്‍മ്മയുടെ കാര്‍ട്ടൂണിലെ അക്ഷരങ്ങളോട് നല്ല സാമ്യമുണ്ടായിരുന്നു.CROSS ROADS എന്ന കമ്മ്യൂണിസ്റ്റ് പ്രസിദ്ധീകരണത്തില്‍ കുറെക്കാലം ജോലി ചെയ്ത ചരിത്രം വര്‍മ്മക്കുണ്ടായിരുന്നതിനാല്‍ ഈ പോസ്റ്ററിനു പിന്നില്‍ വര്‍മ്മയാണെന്നുറപ്പിക്കാന്‍ കേന്ദ്ര ആഭ്യന്തരവകുപ്പിനു വേറെ തെളിവൊന്നും വേണ്ടിവന്നില്ല!അത്ര കാര്യക്ഷമമായിരുന്നു അന്നും വകുപ്പിന്റെ പ്രവര്‍ത്തനം.കൊടും കുറ്റവാളികള്‍ക്കൊപ്പം തീഹാര്‍ ജയിലിലെ ദുരിതപൂര്‍ണ്ണമായ ജയില്‍‌വാസത്തിനൊടുവില്‍ വ്യക്തമായ തെളിവുകളുടെ അഭാവത്തില്‍ സര്‍ക്കാര്‍ കേസ് പിന്‍‌വലിച്ച് വര്‍മ്മയെ മോചിപ്പിക്കുകയായിരുന്നു.

രാഷ്ട്രീയനേതാക്കളുടെ അസഹിഷ്ണുതമൂലം വര്‍മ്മയെപ്പോലൊരു കാര്‍ട്ടൂണിസ്റ്റിന് നേരിടേണ്ടിവന്ന ഇത്തരം ദുരനുഭവങ്ങള്‍ക്ക് ഒരു മറുവശമുണ്ട്(എന്തിന്റേയും മറുവശം കാണുന്നതും ഒരു കാര്‍ട്ടൂണ്‍ രീതിയാണല്ലോ).കാര്‍ട്ടൂണിലെ(പ്പോലും) വിമര്‍ശനങ്ങള്‍ തങ്ങളുടെ രാഷ്ട്രീയജീവിതത്തില്‍ കറപിടിപ്പിക്കും,അതിനെല്ലാം പൊതുജനങ്ങളോട് മറുപടി പറയേണ്ടിവരും എന്നു വിശ്വസിച്ചിരുന്ന ഒരു രാഷ്ട്രീയനേതൃത്വം പണ്ടുണ്ടായിരുന്നു എന്നതാണത്.ഇന്ദിരാഗാന്ധിക്കും ഭജന്‍ലാലിനും മുമ്പ്...രാഷ്ട്രീയ ഓന്തുകള്‍ക്കും ദിനോസറുകള്‍ക്കും മുമ്പ്.........

അത് അന്തക്കാലം.കാലക്രമേണ ഏതുവിമര്‍ശനവും പരിഹാസവും ആരോപണവും നേരിടാ‍നും അതിജീവിക്കാനും പര്യാപ്തമായ തൊലിക്കട്ടി നമ്മുടെ രാഷ്ട്രീയനേതൃത്വം ഉണ്ടാക്കിയെടുത്തു.എത്ര മൂര്‍ച്ചയുള്ള കാര്‍ട്ടൂണ്‍ പൂശിയാലും അത് ഇന്നത്തെ രാഷ്ട്രീയക്കാരെ ഏശാത്തതിന്റെ കാരണവും ഇതാവാം.ഭൂരിപക്ഷം രാഷ്ട്രീയക്കാരും സ്വയം വരക്കപ്പെടാനാന്‍,കഥാപാത്രമാക്കപ്പെടാന്‍ ആഗ്രഹിക്കുന്ന കാര്‍ട്ടൂണ്‍ ഇന്ന്, പത്രത്താളിലെ എന്റര്‍ടൈനര്‍ മാത്രമാണ്.രാഷ്ട്രീയം തന്നെ തമാശയാകുമ്പോള്‍ രാഷ്ട്രീയകാര്‍ട്ടൂണുകള്‍ക്ക് പ്രസക്തിയില്ലാതാകുന്നു എന്ന് അബു എബ്രഹാം പറഞ്ഞതോര്‍ക്കുന്നു. സമകാലിക രാഷ്ട്രീയതമാശകളെല്ലാം നമ്മുടെ ജീവിതത്തിന്റെ ഭാഗമാകുമ്പോള്‍ മഹത്തായ ഒരു കലയുടെ ചരിത്രം ഓര്‍ത്തുകൊണ്ട്(ഞാനടക്കമുള്ള)കാര്‍ട്ടൂണിസ്റ്റുകള്‍ കാര്‍ട്ട്-ഊണിസ്റ്റുകളായി വര തുടരുന്നു.

പ്രിയപ്പെട്ട വര്‍മ്മ സര്‍,രാഷ്ട്രീയം തന്നെ കാര്‍ട്ടൂണാകുന്ന കാലത്ത് രാഷ്ട്രീയകാര്‍ട്ടൂണുകള്‍ക്ക് എന്തു റോളാണ് നിര്‍വഹിക്കാണുണ്ടാകുക?ഒരു ജനപ്രിയപരസ്യത്തിന്റേതല്ലാതെ?

4 comments:

tk sujith said...

രാഷ്ട്രീയനേതാക്കളുടെ അസഹിഷ്ണുതമൂലം വര്‍മ്മയെപ്പോലൊരു കാര്‍ട്ടൂണിസ്റ്റിന് നേരിടേണ്ടിവന്ന ഇത്തരം ദുരനുഭവങ്ങള്‍ക്ക് ഒരു മറുവശമുണ്ട്(എന്തിന്റേയും മറുവശം കാണുന്നതും ഒരു കാര്‍ട്ടൂണ്‍ രീതിയാണല്ലോ).കാര്‍ട്ടൂണിലെ(പ്പോലും) വിമര്‍ശനങ്ങള്‍ തങ്ങളുടെ രാഷ്ട്രീയജീവിതത്തില്‍ കറപിടിപ്പിക്കും,അതിനെല്ലാം പൊതുജനങ്ങളോട് മറുപടി പറയേണ്ടിവരും എന്നു വിശ്വസിച്ചിരുന്ന ഒരു രാഷ്ട്രീയനേതൃത്വം പണ്ടുണ്ടായിരുന്നു എന്നതാണത്.ഇന്ദിരാഗാന്ധിക്കും ഭജന്‍ലാലിനും മുമ്പ്...രാഷ്ട്രീയ ഓന്തുകള്‍ക്കും ദിനോസറുകള്‍ക്കും മുമ്പ്.........

Haree said...

നാണമില്ലാത്തവരുടാസനത്തിലൊരാലു മുളച്ചാലതുമവര്‍ക്കൊരു തണല്... :)
--

ദിലീപ് വിശ്വനാഥ് said...

വളരെ നന്നായി സുജിത്.

Unknown said...

മലമ്പനി നിരോധനത്തിനായി D. D. T. അടിച്ചാല്‍‍ ആദ്യമാദ്യം കൊതുകുകള്‍ ചാവും. - ചുരുങ്ങിയതു് ചത്തതുപോലെ കിടക്കുകയെങ്കിലും ചെയ്യും. പിന്നെപ്പിന്നെ കൊതുകുകള്‍ D. D. T. തിന്നു് ജീവിക്കാന്‍ തുടങ്ങും! രാഷ്ട്രീയത്തിലെ കൊതുകുകളുടെ അവസ്ഥയും മറ്റൊന്നല്ല.