എ.കെ. ആന്റണിയുടെ "കോണ്ഗ്രസിനെ പ്രത്യയശാസ്ത്രപരമായി പുന:സംഘടിപ്പിക്കണം" എന്ന പരാമര്ശമാവാം സുജിത്തിനെ ഈ കാര്ട്ടൂണ് വരയ്ക്കാന് പ്രേരിപ്പിച്ചത്. ഉമ്മന് ചാണ്ടി മന്ത്രിസഭയുടെ ഭരണകാലത്ത്, ആന്റണിയ്ക്ക് എ.ഐ.സി.സി. നേതൃത്വത്തിലെ ചുമതലകള് ഉള്ള കാലത്തായിരുന്നു ഇത്. (2005)
കാര്ട്ടൂണ് നടക്കുന്നത് ഏതെങ്കിലും കോണ്ഗ്രസ് ഓഫീസിലാവാം. അല്ലെങ്കില് കാര്ട്ടൂണ് നടക്കുന്നത് നമ്മുടെ രാഷ്ട്രീയത്തില് / പൊതുജീവിതത്തിലും ആവാം. ഇവിടെ ചുമര്ച്ചിത്രമായി ഗാന്ധിജിയെയും നെഹ്രുവിനെയും തൂക്കിയിരിക്കുന്നത് ശ്രദ്ധിക്കുക. ഗാന്ധിജിയും നെഹറുവും ഒക്കെ ഇന്ന് ചുമരില് ചില്ലിട്ട ചിത്രങ്ങളാണ്. ആവശ്യം ഉള്ളപ്പോള് മാത്രം എടുത്ത് പ്രയോഗിക്കാനുള്ള ചിത്രങ്ങള്.
==ചുമരിലെ ചിത്രം==
ഗാന്ധിജിയുടെയും നെഹറുവിന്റെയും മുഖഭാവങ്ങള് നോക്കുക. ഇന്ന് ഗാന്ധിജി ജീവിച്ചിരുന്നെങ്കില് എല്ലാം കണ്ടുമടുത്ത നിസ്സംഗത ആയേനെ ഗാന്ധിജിയുടെ മുഖത്ത്. നെഹറു ജീവിച്ചിരുന്നെങ്കില് എല്ലാം ഒന്ന് ശരിയാക്കാന് പറ്റുമോ എന്ന് ഒന്നുകൂടെ ശ്രമിക്കാനുള്ള ആകുലതയും കാണാം. മരിക്കുന്നതുവരെ പ്രധാനമന്ത്രി ആയിരുന്നല്ലോ നെഹ്രു. (17 വര്ഷം)
കുളം, വെള്ളം: ഇതൊക്കെ നെഹ്രൂവിയന് സോഷ്യലിസം, ഗാന്ധിസം തുടങ്ങിയ ഇസങ്ങളെക്കാളും അധികാരത്തിന്റെ ചെളിവെള്ളമാണ്. (ചത്തകാലത്തിന് തളം കെട്ടിയ ചെളിക്കുണ്ടില്, ശവംനാറിപ്പുല്ലുതിന്നാവോളവും തിന്ന്, കൊഴുത്ത മെയ്യാകവേ താഴ്ത്തി കിടക്കുന്ന പോത്തിനെ കേരളത്തിലെ രാഷ്ട്രീയക്കാരനുമായി ഉപമിക്കുന്ന - ഹാ പോത്തേ, നിന്നിലഴുകിയ ഭാഗ്യമേ ഭാഗ്യം എന്ന് ആശ്ചര്യപ്പെടുന്ന, എന്.എന്. കക്കാടിന്റെ "പോത്ത്" എന്ന കവിത ഓര്ക്കുക). ഈ കാര്ട്ടൂണിലെ കാക്കകളുമായി അത് കൂട്ടിവായിക്കുക.
ഈ അധികാരത്തിന്റെ ചെളിവെള്ളത്തില് ഗാന്ധിജിയുടെയും നെഹ്രുവിന്റെയും കാലുകള് എത്ര ആഴ്ന്നിരിക്കുന്നു എന്നത് ശ്രദ്ധിക്കുക: കൊക്കുകള് സന്യസിക്കുകയാണ്. ഗാന്ധിജി ഒറ്റക്കാലേ വെള്ളത്തില് കുത്തിയിട്ടുള്ളൂ. കുത്താന് ആഗ്രഹമുണ്ടായിട്ടല്ല. എന്നാല് നെഹ്രു രണ്ടു കാലും കുത്തിയിരിക്കുന്നു! അധികാരത്തോടുള്ള ഗാന്ധിജിയുടെയും നെഹ്രുവിന്റെയും സമീപനത്തിലെ വ്യത്യാസവും ഇവിടെ കാണാം. (മുഹമ്മദാലി ജിന്നയെ ഇന്ത്യയുടെ പ്രധാനമന്ത്രി ആക്കി ഇന്ത്യയെ വിഭജിക്കുന്നത് തടയാന് ഗാന്ധിജി ശ്രമിച്ചു. നെഹ്രുവും മറ്റ് കോണ്ഗ്രസ് നേതൃത്വവും ഇതിനു എതിരായിരുന്നു, നെഹ്രുവിനു പ്രധാനമന്ത്രി ആവണം എന്നായിരുന്നു ആഗ്രഹം - സ്വാതന്ത്ര്യം അര്ത്ഥരാത്രിയില്, ലാറി കോളിന്സ്, ഡൊമിനിക് ലാപ്പിയര്).
==ചെളിക്കുളം==
ഈ കുളത്തില് കുളിക്കുന്ന കാക്കകള് ഉമ്മന് ചാണ്ടി, രമേശ് ചെന്നിത്തല, കരുണാകരന്, ആന്റണി എന്നിവരാണ്. ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം നെഹ്രുവും ഗാന്ധിജിയും കൊക്കുകള് (വെളുത്ത കൊക്കുകള്) ആണെങ്കില് ബാക്കി നാലുപേരും കറുത്ത കാക്കകള് ആണെന്നതാണ്. വെളുപ്പും കറുപ്പും നിറങ്ങളുടെ സിംബോളിസത്തെക്കുറിച
കുളത്തില് കുളിക്കുന്നവരില് ഏറ്റവും സന്തോഷത്തോടെ, ഒരു കുറ്റബോധവും ഇല്ലാതെ, ആഹ്ലാദിച്ചുല്ലസിച്ചു കുളിക്കുന്നത് കരുണാകരന് ആണെന്നു കാണാം. കേരള രാഷ്ട്രീയത്തെ ശ്രദ്ധയോടെ വീക്ഷിച്ചവര് ഇതിനെ എതിര്ക്കില്ല. അധികാരത്തിന്റെ കാര്യത്തില് ഒരു കുറ്റബോധവും ഇല്ലാതെ ഭരിച്ച ആളായിരുന്നല്ലോ കരുണാകരന്. ഉമ്മന് ചാണ്ടിയുടെ സന്തോഷത്തിനും കുറവില്ല. (ഉമ്മന് ചാണ്ടി കേരള മുഖ്യമന്ത്രി ആയിരിക്കുന കാലത്താണ് ഈ കാര്ട്ടൂണ് പുറത്തുവന്നത്). രമേശ് ചെന്നിത്തല - വെള്ളത്തില് തൊട്ടുനോക്കുന്നതേ ഉള്ളൂ. മുഖത്ത് അത്ര തെളിച്ചവും ഇല്ല. രമേശ് ചെന്നിത്തല മന്ത്രി / എം.എല്. എ ആവുന്നതിനു പകരം പാര്ട്ടി സംഘാടകനായി ആണ് കൂടുതല് പ്രവര്ത്തിച്ചിട്ടുള്ളതെന്നും ഓര്ക്കുക.
==ആന്റണിയും സ്വപ്നവും==
കേരള രാഷ്ട്രീയത്തില് പ്രത്യയശാസ്ത്ര / ആദര്ശ രാഷ്ട്രീയത്തിന്റെ പ്രതീകം ആകുവാന് ഇഷ്ടപ്പെടുന്ന രാഷ്ട്രീയ നേതാവാണ് എ.കെ. ആന്റണി. എന്നാല് വീണ്ടുവിചാരം ഇല്ലായ്മയും മുത്തങ്ങയിലെ പോലീസ് ആക്ഷന്, സ്വാശ്രയ പ്രശ്നത്തിലെ അബദ്ധങ്ങള്, തുടങ്ങിയ പല പ്രശ്നങ്ങളും കൊണ്ട് ആന്റണി ആഗ്രഹിക്കുന്ന ചിത്രം അല്ല ഇന്ന് ജനങ്ങളുടെ മനസ്സില് ആന്റണിയെക്കുറിച്ച് ഉള്ളത്. അതാണ് ആന്റണിയും കൊക്കിനു പകരം കാക്ക ആയി പോവുന്നത്. ഈ ഇമേജ് മാറ്റണം എന്ന് ആന്റണിക്ക് ആഗ്രഹം ഉണ്ടുതാനും. (ആന്റണിക്കാക്ക ചിത്രത്തില് സോപ്പുതേച്ച് വെളുക്കാന് നോക്കുന്നത് ശ്രദ്ധിക്കുക. എങ്കിലും കാക്കകുളിച്ചാല് കൊക്കാവുമോ എന്നത് വായനക്കാരന്റെ സംശയം മാത്രം) ആന്റണിയും കരുണാകരനും പുറം തിരിഞ്ഞാണു നില്ക്കുന്നത്. കേരള രാഷ്ട്രീയത്തില് എന്നും അങ്ങനെ ആയിരുന്നു താനും.
ആന്റനിയുടെ സ്വപ്നത്തിനു വല്ല കുറവും ഉണ്ടോ? നെഹറുവിനെപ്പോലെ ശാന്തമായ ജലത്തില് രണ്ടുകാലും അല്ല, ഗാന്ധിജിയെപ്പോലെ ഒറ്റക്കാലില് നില്ക്കുന്ന കൊക്ക്, അതേ ശാന്തത, തലയ്ക്കുമുകളില് ദിവ്യത്വത്തിന്റെ പ്രഭാവലയം, അതാണ് ആന്റണിയുടെ സ്വപ്നം!. സ്വപ്നം കാണുന്ന ആന്റണി രണ്ടു ചിത്രങ്ങളിലും കണ്ണും അടച്ചു നില്ക്കുകയും ചെയ്യുന്നു. എന്നാല് ആന്റണി അധികാരത്തിന്റെ ജലധാരയില് നനയുന്നും ഉണ്ടു താനും. ആന്റണി മാറിനിന്ന് സ്വപ്നം കാണുകയല്ല, ചെളിക്കുളത്തില് ഇറങ്ങിനിന്നു തന്നെ സ്വപ്നം കാണുകയാണ്.
ചുരുക്കത്തില് ഗാന്ധിസം, നെഹ്രൂവിയന് സോഷ്യലിസം, ഒക്കെ അധികാരക്കുളത്തിനെ പിടിച്ചുനിറുത്തുന്ന, നിറയ്ക്കുന്ന, നനയിക്കുന്ന ആദര്ശങ്ങള് മാത്രമാവുന്നു. എല്ലാ ഇസങ്ങളും സ്വന്തം ഇഷ്ടപ്രകാരം എടുത്തു പ്രയോഗിക്കുക കോണ്ഗ്രസിന്റെ മാത്രമല്ല, കേരളത്തിലെ കമ്യൂണിസ്റ്റു പാര്ട്ടികളുടെയും മാര്ഗ്ഗമാണ്.
==തോര്ത്ത്==
ഇവിടെ ഒരു തോര്ത്ത് തൂക്കിയിരിക്കുന്നത് ശ്രദ്ധിക്കുക. തോര്ത്തില് നിന്ന് ഒരു വെള്ളത്തുള്ളിപോലും ഇറ്റുവീഴുന്നില്ല. ആരും തോര്ത്തെടുത്ത് ഈ ചെളിവെള്ളം ഒന്ന് തൂത്തുകളഞ്ഞതായി തോന്നുന്നില്ല. കല്പ്പാന്തകാലത്തോളം തോര്ത്ത് അങ്ങനെയേ ഇരിക്കും.
(ജാമ്യം: ഇത് ഒരു ആസ്വാദനം മാത്രമാണ്. കാര്ട്ടൂണിലെ കുറവുകള്, എന്തൊക്കെ നന്നാക്കാം, എന്നൊക്കെ ഈ എഴുത്തില് ഞാന് പറയുന്നില്ല. നെഹ്രുവിന്റെ വലിയ ഫാന് അല്ലാത്ത ഞാന് നെഹ്രുവിനെയും ഗാന്ധിജിയെയും ഒരേ പുണ്യനദിയില് നിറുത്തിയതിനെ എതിര്ത്തേക്കാം. സുജിത്തിന്റെ വീക്ഷണം വേറെ ആവാം. എങ്കിലും സുജിത്തിന്റെ കാര്ട്ടൂണുകളില് ഏറ്റവും ആഴമുള്ളതായി എനിക്കുതോന്നിയത് ഇതാണ്).
simynazareth@gmail.com
13 comments:
2005-ല്‍ വരച്ച ഒരു കാര്‍ട്ടൂണിനെക്കുറിച്ച് സിമി എഴുതിയ ഒരു ആസ്വാദനക്കുറിപ്പ്....
ഈ കാര്‍ട്ടൂണ്‍ വരച്ചപ്പോള്‍ ഞാന്‍ ഇത്രയൊന്നും ചിന്തിച്ചിരുന്നില്ല എന്നത് സത്യം....
കാര്ട്ടൂണ് കലക്കി, സിമിയുടെ അസ്വാദനകുറിപ്പ് അതിലേറെ കലക്കി :)
ഇത് നന്നായീ സിമീ....
ഗോപീകൃഷന്റെ കാര്‍ട്ടൂണുകളോടുള്ള ഒരു ഇഷ്ടമാണു എന്നെ സുജിത്തിന്റെ കാര്‍ട്ടൂണുകളും ശ്രദ്ധിക്കാന്‍ പ്രേരിപ്പിച്ചത്...
ഇപ്പോള്‍ സുജിത്തും എനിക്ക് പ്രിയപ്പെട്ടവന്‍ തന്നെ...
വിഷയങ്ങളെ സാധാരണക്കാര്‍ക്ക് പോലും മനസ്സിലാകുന്ന ബിംബങ്ങളുമായി കൂട്ടിയിണക്കുന്ന ശൈലിയാണു സുജിത്തിന്റേത്...
കാര്‍ട്ടൂണിസ്റ്റിനും സിമിക്കും അഭിനന്ദനങ്ങള്‍..
സിമിയുടെ കാഴ്ചപ്പാട് അതി ഗംഭീരം...
അഭിനന്ദനങ്ങള്‍ രണ്ടു പേര്‍ക്കും..:)
സിമിക്കു നന്ദി.
അന്നു ഈമെയിലില്‍ ഈ കാര്‍ട്ടൂണിനു ആസ്വാദനക്കുറിപ്പയച്ചു തരാമെന്നു പറഞ്ഞപ്പോള്‍ ഇത്രേം വിചാരിച്ചില്ല,
നന്നായിരിക്കുന്നു.
സുജിത്തിനു നല്ല ഒരംഗീകാരമായി.
ബ്ലോഗിലെ ചില്ലറ അടികള്‍ നല്ല ക്രിയേറ്റീവ് ഷെയറിംഗിനു വഴിതെളിയിക്കുന്നുണ്ടെന്നതില്‍ വളരെ സന്തോഷം.
ഒരു കാര്‍ട്ടൂണിനെ ഇത്രക്കും ഡീപ്പായി ആസ്വദിച്ചതിന്നു പ്രശംസയര്‍ഹിക്കുന്നു.
എന്റെ പെരിങ്ങോടനുമായുണ്ടായ ഒരടി ഒത്തിരിപേര്‍ നന്നായി എന്നു പറഞ്ഞ ഒരു കഥക്കു കാരണമായി. അതു പിറകെ വരുന്നുണ്ട്.
കരീം മാഷ് പറഞ്ഞതിനോട് യോജിക്കുന്നു.എന്റെ ഒരു കാര്‍ട്ടൂണിനെ ഇത്രയും ആഴത്തില്‍ ആരും വിലയിരുത്തിയിട്ടില്ല.(സിമി എഴുതിയ പല കാര്യങ്ങളും ഞാന്‍ ചിന്തിച്ചിട്ടുപോലും ഉണ്ടായിരുന്നില്ലെങ്കിലും).ഇത്രയും സൂക്ഷ്മമായി സൃഷ്ടികള്‍ വിലയിരുത്തുന്ന വായനക്കാര്‍ കലാകാരന്റെ ഉത്തരവാദിത്തം കൂട്ടുന്നു.നല്ല നിരൂപണങ്ങള്‍,വിമര്‍ശനങ്ങള്‍ എല്ലാം ഇനിയും മെച്ചപ്പെടാന്‍ സഹായിക്കും എന്നുറപ്പ്...നന്ദി സിമീ.
പലരുടേയും വീക്ഷണം വ്യത്യസ്തമായിരിക്കുമല്ലോ...സിമിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഈ കാര്‍ട്ടൂണ്‍ പക്ഷേ ഇവിടെ ആര്‍ക്കും പിടിച്ചില്ല.കേരളകൌമുദി അച്ചടിക്കാതിരുന്ന ഈ കാര്‍ട്ടൂണ്‍ പിറ്റേന്ന് ഫ്ലാഷിലാണ്‍ വന്നത്.സിമിയുടെ കുറിപ്പ് കാണും വരെ ഞാനും ഈ കാര്‍ട്ടൂണിനെ ഏറെ ഗൌനിച്ചിരുന്നില്ല എന്നതും സത്യം..
ബ്ലോഗിലെ അടികള്‍ ഇനിയും ക്രിയേറ്റീവ് ഷെയറിങ്ങിനു വഴി തെളിയിക്കട്ടെ കരീം മാഷേ..ഞാന്‍ അതിനൊരു നിമിത്തമായതില്‍ സന്തോഷം.
മലയാളത്തിലെ കാര്‍ട്ടൂണ്‍ കലയുടെ വളര്‍ച്ചക്ക് നല്ല നിരൂപണങ്ങള്‍ ഏറെ സഹായിക്കും.അത് ചെയ്യാന്‍ പ്രാപ്തരായവര് ഇല്ലാതിരുന്നിട്ടോ യോഗ്യരായവര്‍ ചെയ്യാതിരുന്നിട്ടോ ആകാം ഇതുവരെ അങ്ങനൊന്ന് ഉണ്ടായിട്ടില്ല.സിമിക്ക് അത് സാധിക്കും.ബ്ലോഗിലൂടെ അതിനൊന്ന് ശ്രമിച്ചുകൂടേ സിമീ?
സുജിത്ത് പറഞ്ഞത് വാസ്തവം. കാര്‍ട്ടൂണുകളെ കുറിച്ച് ഇത്തരം വ്യാഖ്യാനങ്ങളും, പഠനങ്ങളും, വിമര്‍ശനങ്ങളും വരണം. സിമി ദയവ് ചെയ്ത് മുന്നോട്ട് വരൂ, അതു പോലെ കഴിവുള്ള മറ്റുള്ളവരും.
സുജിത്ത് മാഷിനും സിമിയ്ക്കും അഭിനന്ദനങ്ങള്‍!
:)
സുജിത്ത്,
കാര്‍ട്ടൂണുകളെ ക്രിയാത്മകമായി വിലയിരുത്തുന്നതിനു മറ്റ് കാര്‍ട്ടൂണിസ്റ്റുകളുടെ രചനകളും തുടര്‍ച്ചയായി വായിക്കണം എന്ന് ഞാന്‍ വിശ്വസിക്കുന്നു. അത്തരം ഒരു വായന പല സാഹചര്യങ്ങള്‍ കൊണ്ടും കുറവാണ്. (ഇവിടെ മാതൃഭൂമി പത്രം പോലും കിട്ടാറില്ല. മനോരമയിലെ കാര്‍ട്ടൂണുകള്‍ ഇഷ്ടമല്ല). അതുമല്ല, വിമര്‍ശനത്തില്‍ അര്‍പ്പണബോധവും വേണം. ഇതുരണ്ടും തുടര്‍ച്ചയായി ചെയ്യുന്നതിനു പരിമിതികള്‍ ഉണ്ട്. ഞാന്‍ ഇടയ്ക്ക് ഇങ്ങനെ എന്തെങ്കിലും എഴുതി അറിയിക്കാം.
കാര്‍ട്ടൂണിസ്റ്റുകളില്‍ തുടര്‍ച്ചയായി പിന്തുടരുന്നത് ഡില്‍ബര്‍ട്ട് (സ്കോട്ട് ആഡംസ്), പിന്നീട് തിരക്കിപ്പിടിച്ച് വായിക്കുന്നത് കാല്‍വിന്‍ ആന്റ് ഹോബ്സ് (ബില്‍ വാട്ടേഴ്സണ്‍) എന്നിവ ആണ്. സ്കോട്ട് ആഡംസ് വരയ്ക്കുന്നത് കമ്പ്യൂട്ടര്‍ ഉപയോഗിച്ചാണ്. വരയെക്കാളും ആശയങ്ങളും കുറിക്കുകൊള്ളുന്ന വാക്യങ്ങളും ആണ് കൂടുതല്‍. ബില്‍ വാട്ടേഴ്സണ്‍ - കാര്‍ട്ടൂണിസ്റ്റുകളിലെ ചിത്രകാരനാണ് പുള്ളി. അതിമനോഹരമായ വരകള്‍. അതിനൊത്ത ഗഹനമായ ആശയങ്ങളും. www.transmogrifier.org എന്ന സൈറ്റില്‍ ബില്‍ വാട്ടേഴ്സണിന്റെ എല്ലാ കാര്‍ട്ടൂണുകളും കിട്ടും.
ഗോപീകൃഷ്ണന്റെ വളരെ കുറച്ച് കാര്‍ട്ടൂണുകളേ കണ്ടിട്ടുള്ളൂ - പുള്ളി വരയ്ക്കാന്‍ കമ്പ്യൂട്ടറും ഉപയോഗിക്കുന്നതായി തോന്നിയിട്ടുണ്ട്. സുജിത്തിന്റെ കാര്യത്തില്‍ അത് തോന്നിയിട്ടില്ല. അത് ഒരു ന്യൂനതയല്ല. എന്നാല്‍ പാശ്ചാത്യ മാസികകളിലെ കാര്‍ട്ടൂണുകള്‍ ശ്രദ്ധിക്കുക - ഒബ്സര്‍വര്‍ മാസികയിലെ കാര്‍ട്ടൂണുകള്‍ നല്ലതാണ്. ന്യൂയോര്‍ക്കര്‍, ന്യൂയോര്‍ക്ക് റ്റൈംസ്, ടൈംസ് മാസിക, തുടങ്ങിയവയില്‍ വരുന്ന കാര്‍ട്ടൂണുകളും നല്ലതാണ്. ഒട്ടുമിക്ക ബ്രിട്ടീഷ് പത്രങ്ങളിലെയും കാര്‍ട്ടൂണുകള്‍ നല്ലതാണ്. (ഇതെല്ലാം ഓരോ സെയിത്സ് ട്രിപ്പുകളില്‍ ഫ്ലൈറ്റില്‍ ഇരുന്ന് / വിമാനത്താവളങ്ങളില്‍ നിന്ന് മാത്രമേ കിട്ടുന്നുള്ളൂ - തുടര്‍ച്ചയായി വായിക്കാന്‍ പറ്റുന്നില്ല). രാജേന്ദ്ര പുരി ആണെന്നു തോന്നുന്നു - ഹിന്ദുസ്ഥാന്‍ ടൈംസിലെ കാര്‍ട്ടൂണുകള്‍ - അതും നല്ലതാണ്. ഇവര്‍ എല്ലാം കമ്പ്യൂട്ടര്‍ വരയ്ക്കാന്‍ ഉപയോഗിക്കുന്നുണ്ട്. ആര്‍.കെ. ലക്ഷ്മണിന്റെ കാര്യം പറയേണ്ടതില്ലല്ലോ.
ബില്‍ വാട്ടേഴ്സണിന്റെ കാര്‍ട്ടൂണുകള്‍ എല്ലാം ഡൌണ്‍ലോഡ് ചെയ്ത് വായിക്കുവാന്‍ താല്‍പ്പര്യം - രാഷ്ട്രീയ കാര്‍ട്ടൂണുകള്‍ അല്ലെങ്കിലും. ബാംഗ്ലൂര്‍ ഗംഗാറാംസില്‍ മിക്കവാറും എല്ലാ കാല്‍വിന്‍ ആന്റ് ഹോബ്സ് പുസ്തകങ്ങളും കിട്ടും. നേരത്തേ പറഞ്ഞതുപോലെ അവയില്‍ വര വളരെ നല്ലതാണ്.
സ്നേഹത്തോടെ
സിമി.
സുജിത്ത് ഇതില്‍ ഏതെങ്കിലും ഒരു ശൈലി അനുകരിക്കണം എന്നോ ഇവയില്‍ നിന്ന് ഉള്‍ക്കൊള്ളണം എന്നോ അല്ല ഉദ്ദ്യേശിച്ചത്. പാശ്ചാത്യരാജ്യങ്ങളില്‍ കാര്‍ട്ടൂണ്‍ എന്ന കലാരൂപം വളരെ വളര്‍ന്നിട്ടുണ്ട്. കമ്പ്യൂട്ടര്‍ കൊണ്ട് വരയ്ക്കുന്നു എന്ന് ഉദ്ദ്യേശിച്ചത് ആദ്യം കാന്‍വാസില്‍ വരച്ച് പിന്നീട് കമ്പ്യൂട്ടര്‍ കൊണ്ട് എന്‍ഹാന്‍സ് ചെയ്യുന്നു എന്നാണ്. പലപ്പൊഴും പുതിയ രചനാസങ്കേതങ്ങളെ പരിചയപ്പെടാന്‍ ഇത്തരം വായന സഹായിക്കും എന്നേ ഉദ്ദ്യേശിച്ചിട്ടുള്ളൂ.
സിമി,
:)
സുജിത്തിന്റെ കാര്‍ട്ടൂണിനെക്കുറിച്ചും സിമിയുടെ ആസ്വാദനക്കുറിപ്പിനെക്കുറിച്ചും എല്ല്ലാവരും പറഞ്ഞതിനോട് ഞാനും യോജിക്കുന്നു. എന്നിരുന്നാലും സുജിത്തിന്റെ വരയെക്കുറിച്ച് എനിക്കു ചിലതുപറയാനുണ്ട്. ഒരു കലാകാരന് , അത് ഏതു കലാരൂപമായിരുന്നാലും ശരി, തന്റെ മാധ്യമത്തില്‍ തനതായ ഒരു വ്യക്തിത്വം ആവശ്യമാണ്. സുജിത്തിന്റെ വരയുടെ കാര്യത്തില്‍ എനിക്കു തോന്നിയത് അദ്ദേഹം ഗോപീകൃഷ്ണന്റെ ചിത്രരചനാ രീതി അന്ധമായി അനുകരിക്കുന്നു എന്നാണ്. ഒപ്പില്ലെങ്കില്‍ ഒരു കാര്‍ട്ടൂണ്‍ സുജിത്തിന്റെയോ ഗോപീകൃഷ്ണന്റെയോ എന്നു തിരിച്ചറിയാന്‍ പറ്റാത്തവിധം സാമ്യതയുണ്ട് ഇരുവരുടെയും രചനാരീതിക്ക്. സുജിത്ത് കൌമുദിയില്‍ വരുന്നതിനു മുമ്പേ തന്നെ ഗോപീകൃഷ്ണന്‍ തനതുശൈലിയിലൂടെ വേറിട്ട കാര്‍ട്ടൂണുകള്‍ വരച്ച് പേരു നേടിക്കഴിഞ്ഞിരുന്നു.
കൌമുദിയിലെ രേഖാചിത്രകാരന്മാരും സുജിത്തിനെപ്പോലെ തന്നെ. നമ്പൂതിരിയുടെ പ്രശസ്തമായ രേഖാചിത്ര രീതിയാണവര്‍ ഒരു ഉളുപ്പുമില്ലാതെ അനുകരിക്കുകയാണവര്‍. മോണോലിസ എത്രതന്നെ അനുകരിച്ചു വരച്ചാലും അത് ഡാവിഞ്ചിയുടെതല്ലാതാവുമോ?? ഇത്രയധികം പ്രതിഭാശാലിയായ സുജിത്ത് എന്തിനു മറ്റൊരാളുടെ രചനാരീതി അനുകരിക്കണം എന്ന് എനിക്കു മനസ്സിലാകുന്നില്ല. എന്നാലും ഇതിനെക്കുറിച്ച് ഇതുവരെ ആരും പറഞ്ഞു കാണാതിരുന്നതോ എനിക്കു തീരെ മനസ്സിലാകുന്നില്ല..മദനന്‍ വരച്ച ഗണപതി ചിത്രത്തെക്കുറിച്ച് രോഷം കൊണ്ട ചിത്രകാരനും മറ്റും ഇതൊന്നും കാണാറില്ലയോ ആവോ??
Post a Comment