Sunday, January 6, 2008

സജിത്ത്കുമാറിന്റെ കാര്‍ട്ടൂണുകള്‍


കാര്‍ട്ടൂണിന്റെ മലയാളിപ്പെരുമ ദേശീയ-അന്തര്‍ദ്ദേശീയതലങ്ങളില്‍ ഉയര്‍ത്തിപ്പിടിച്ച എത്രയെത്ര പ്രതിഭാധനന്മാര്‍...ശങ്കര്‍,അബു,വിജയന്‍,കുട്ടി,സാമുവല്‍,യേശുദാസന്‍,ഉണ്ണി,അജിത് നൈനാന്‍ അങ്ങനെയങ്ങനെ....

ഡല്‍ഹിയായിരുന്നു എക്കാലവും കാര്‍ട്ടൂണിസ്റ്റുകളുടെ സ്വപ്നഭൂമി.മേല്‍പ്പറഞ്ഞ മലയാളികളെല്ലാം പ്രശസ്തരായത് അവരുടെ ഡല്‍ഹിനാളുകളില്‍ വരച്ച ഇംഗ്ലീഷ് കാര്‍ട്ടൂണുകളിലൂടെയായിരുന്നു എന്നത് ചരിത്രം.

ഡല്‍ഹിയിലിരുന്ന് കാര്‍ട്ടൂണിന്റെ ചെറുപ്പം തേടുകയാണ് ഔട്ട്‌ലുക്ക് മണി എന്ന പ്രസിദ്ധീകരണത്തിന്റെ കാര്‍ട്ടൂണിസ്റ്റ് സജിത്ത്കുമാര്‍.വരയിലെ പുതിയ വരപ്രസാദം.

ചിത്രീകരണത്തിലെ മികവാണ് സജിത്തിനെ ശ്രദ്ധേയനാക്കുന്നത്.ഒറ്റനോട്ടത്തില്‍തന്നെ ഏതൊരു വായനക്കാരനേയും കീഴ്പ്പെടുത്തുന്ന ശക്തമായ,മിഴിവാര്‍ന്ന,മൂര്‍ച്ചയുള്ള വരകള്‍.

കീഴ്പ്പെട്ടു.ഞാനും.2004 ജനുവരി21ന്, കാര്‍ട്ടൂണിസ്റ്റും ഹാസസാഹിത്യകാരനുമായ സുകുമാറിനു പകരക്കാരനായി അദ്ദേഹം തന്നെ ആവശ്യപ്പെട്ടതനുസരിച്ച് കേരളസര്‍വ്വകലാശാലാ യുവജനോത്സവത്തിലെ കാര്‍ട്ടൂണ്‍ മത്സരത്തിന് വിധികര്‍ത്താവായി ചെന്നതായിരുന്നു ഞാന്‍.അമ്പതോളം എന്ട്രികളില്‍ നിന്നും ഒരു കാര്‍ട്ടൂണ്‍ ഒന്നാം സ്ഥാനത്തേക്ക് മാറ്റിവക്കാന്‍ അന്നത്തെ മൂന്നു വിധികര്‍ത്താക്കള്‍ക്കും രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല.ചിത്രീകരണമികവുകൊണ്ടും ആശയസമ്പന്നതകൊണ്ടും മറ്റ് കാര്‍ട്ടൂണുകളേക്കാള്‍ ഏറെ മുന്നിലായിരുന്നു ആ രചന.

മത്സരത്തിലെ ഒരു എന്‍‌ട്രി നമ്പര്‍ എന്നതില്‍ നിന്ന് ആ കാര്‍ട്ടൂണിസ്റ്റിനെക്കുറിച്ച് പിറ്റേന്ന് പത്രത്തിലൂടെയാണ് കൂടുതല്‍ അറിഞ്ഞത്.പി.പി.സജിത്ത്കുമാര്‍,കണ്ണൂരുകാരന്‍,കാര്യവട്ടം കാമ്പസ്സിലെ ജേര്‍ണലിസം വിദ്യാര്‍ത്ഥി.

കേരളകൌമുദി ഒരു ചിത്രകാരനെ തേടിയിരുന്ന സമയം.ഈ മിടുക്കനെ ഉപയോഗപ്പെടുത്തിയാലോ എന്ന നിര്‍ദ്ദേശം സ്വീകരിക്കപ്പെട്ടു.അങ്ങനെ സജിത്ത് കേരളകൌമുദിയിലെത്തി.ഫ്രീലാന്‍സറായി.

സജിത്തിന് അന്നും ഇംഗ്ലീഷ് കാര്‍ട്ടൂണുകളോടായിരുന്നു പ്രിയം.വരക്കുന്നതെല്ലാം ദേശീയരാഷ്ട്രീയം.കരുണാകരനെ ചുറ്റിപ്പറ്റിയുള്ള കേരളത്തിലെ കാര്‍ട്ടൂണിങ്ങിനോട് സജിത്ത് മുഖം തിരിച്ചു.

സജിത്തിന്റെ കാരിക്കേച്ചറുകള്‍ രചനാശൈലിയിലെ മികവുകൊണ്ടും വ്യത്യസ്തതകൊണ്ടും ഏറെ ശ്രദ്ധ നേടി.ജേര്‍ണലിസം പൂര്‍ത്തിയാക്കിയതിനുശേഷം ഇന്ത്യന്‍ എക്സ്പ്രസ്സിലേക്കും പിന്നീട് ഔട്ട്‌ലുക്കിലേക്കും സജിത്ത് വളര്‍ന്നു.

കാര്‍ട്ടൂണിലും വായനയിലും ചിലപ്പോള്‍ സജിത്ത് എനിക്ക് വഴികാട്ടിയായി.തകര്‍ച്ചയുടെ വക്കില്‍ നിന്നും പലപ്പോഴും എന്നെ ആത്മവിശ്വാസത്തിന്റെ തീരത്തടുപ്പിച്ചു.

പിന്നീടെന്നോ,നാട്ടില്‍ വന്നപ്പോള്‍ അവന്‍ എന്നോട് ചോദിച്ചു.

'സുജിത്തേട്ടാ,നമ്മള്‍ ആദ്യം കണ്ടത് എവിടെ വച്ചാണെന്ന് ഓര്‍മ്മയുണ്ടൊ?"

"കേരളകൌമുദിയില്‍'.എനിക്കു സംശയമുണ്ടായിരുന്നില്ല.

അല്ല...മനോരമയില്‍.....അവന്‍ പറഞ്ഞു.

ഞാന്‍ അമ്പരന്നു.മനോരമ 1999-ല്‍ ലോകസഭാതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടത്തിയ കാര്‍ട്ടൂണ്‍ മത്സരത്തിന്റെ സമ്മാനദാനച്ചടങ്ങ് 2000 ജനുവരി29ന് കോട്ടയത്ത് നടന്നത് അവന്‍ എന്നെ ഓര്‍മ്മിപ്പിച്ചു.അന്ന് അവന്‍ അവിടെ ഉണ്ടായിരുന്നെന്നോ?എവിടെ?മത്സരവിജയത്തിന്റെ ലഹരിയില്‍ മുതിര്‍ന്ന കാര്ട്ടൂണിസ്റ്റുകളോട് ചേര്‍ന്ന് നില്‍ക്കുമ്പോള്‍ ഞാന്‍ മറ്റാരേയും ഗൌനിച്ചിരുന്നില്ലല്ലോ.മനോരമ ക്യാമ്പസ്‌‌ലൈനില്‍ പ്രസിദ്ധീകരിച്ച അന്നത്തെ ഫോട്ടോ നോക്കാന്‍ അവന്‍ പറഞ്ഞു.അതാ അവന്‍.എന്റെ തൊട്ടുപിറകില്‍!എത്രതവണ ഈ ഫോട്ടോ നോക്കിയിരിക്കുന്നു.അന്നെല്ലാം ഞാന്‍ എന്നെ മാത്രമല്ലേ കണ്ടിരുന്നുള്ളൂ....




എന്തിനിതെല്ലാം ഇപ്പോള്‍ കുറിക്കുന്നു എന്നല്ലേ?വരയിലും വരിയിലും പതിന്മടങ്ങ് മൂര്‍ച്ചയോടെയെങ്കിലും സജിത്ത് ഇപ്പോഴും പിന്നില്‍ പതുങ്ങി നില്‍പ്പാണ്.ഇവിടെ ഈ ബൂലോകത്തും.ഈ മിടുമിടുക്കന്‍ നാണംകുണുങ്ങിയെ കൈപിടിച്ച് ബൂലോകസമക്ഷം ഹാജരാക്കേണ്ട ചുമതല എനിക്കല്ലാതെ മറ്റാര്‍ക്കാണുള്ളത്?

ഇത് എന്റെ അവകാശവാദം തന്നെയാണ്.സജിത്ത്കുമാര്‍ എന്ന,നാളെയുടെ കാര്‍ട്ടൂണിസ്റ്റിന്റെ വളര്‍ച്ചയുടെ ഒരു താഴ്ന്ന പടവില്‍ ഒരുചെറുകൈത്താങ്ങായി ഉണ്ടാകാനായി എന്ന അഭിമാനത്തിന്റെ ഏറ്റുപറച്ചില്‍.

ഈ ദീര്‍ഘദൂരചിരിമിസൈല്‍ കത്തിയുയരട്ടെ.ലോകത്തിന്റെ നെറുകയിലേക്ക്!

17 comments:

tk sujith said...

ഞാന്‍ അമ്പരന്നു.മനോരമ 1999-ല്‍ നടത്തിയ കാര്‍ട്ടൂണ്‍ മത്സരത്തിന്റെ സമ്മാനദാനച്ചടങ്ങ് അവന്‍ എന്നെ ഓര്‍മ്മിപ്പിച്ചു.അന്ന് അവന്‍ അവിടെ ഉണ്ടായിരുന്നെന്നോ?എവിടെ?മത്സരവിജയത്തിന്റെ ലഹരിയില്‍ മുതിര്‍ന്ന കാര്ട്ടൂണിസ്റ്റുകളോട് ചേര്‍ന്ന് നില്‍ക്കുമ്പോള്‍ ഞാന്‍ മറ്റാരേയും ഗൌനിച്ചിരുന്നില്ലല്ലോ.മനോരമ ക്യാമ്പസ്‌‌ലൈനില്‍ പ്രസിദ്ധീകരിച്ച അന്നത്തെ ഫോട്ടോ നോക്കാന്‍ അവന്‍ പറഞ്ഞു.അതാ അവന്‍.എന്റെ തൊട്ടുപിറകില്‍!എത്രതവണ ഈ ഫോട്ടോ നോക്കിയിരിക്കുന്നു.അന്നെല്ലാം ഞാന്‍ എന്നെ മാത്രമല്ലേ കണ്ടിരുന്നുള്ളൂ....

Satheesh said...

അതി മനോഹരമായ introduction! ഇങ്ങനെയൊരാളെ പരിചയപ്പെടുത്തിയതിന്‍ നന്ദി. ആ ബ്ലോഗ് ഇപ്പഴാണ്‍ കാണുന്നത്. ബാക്കി അവിടെ പറയാം!

Satheesh said...

അല്ലാ പറയാന്‍ മറന്നു- നാലുദിവസമായി പുതിയ കാര്‍ട്ടൂണ്‍ ഒന്നും കാണുന്നില്ലല്ലോ ഇവിടെ....നാളെയും കാണുന്നില്ലെങ്കില്‍ ഞങ്ങള്‍ കേസ് കൊടുക്കും!

Ziya said...

മനോഹരമായ പരിചയപ്പെടുത്തല്‍...
എഴുത്തിന്റെ ഭംഗി ഒന്നു വേറെ തന്നെ.
ഇങ്ങനെ പ്രതിഭാധനനായ ഒരു കാര്‍ട്ടൂണിസ്റ്റിനെ നന്നായി അവതരിപ്പിച്ചതിനു നന്ദി...

un said...

നന്ദി. ഈ പരിചയപ്പെടുത്തലിന്. സുജിത്,സജിത്,സജ്ജീവ് കാര്‍ട്ടൂണിസ്റ്റുകളുടെ പേരിലെ യാദൃശ്ചികതയും കൊള്ളാം!

absolute_void(); said...

സുജിത്ത്,

നന്നായി. ഞാന്‍ മുമ്പൊരു പോസ്റ്റില്‍ സജിത്തിനെ കുറിച്ചു് പരാമര്‍ശിച്ചുപോയിരുന്നു. ഹൈപ്പര്‍‌ലിങ്കു് വഴി ആരെങ്കിലും അവിടെ എത്തിപ്പെടുമെന്നു് നിനച്ചെങ്കിലും ഒന്നുമുണ്ടായില്ല. പിന്നെ ഞാന്‍ എന്റെ ബ്ലോഗിന്റെ സൈഡ് പാനലില്‍ എന്റെ ഇഷ്ടബ്ലോഗുകള്‍ ലിസ്റ്റ് ചെയ്തകൂട്ടത്തില്‍ cartoons of sajithkumar എന്നും എഴുതിത്തൂക്കിയിരുന്നു. അതുകൊണ്ടൊന്നും സാധിക്കാത്ത കാര്യമാണു് സുജിത്തു് ഈ ഒറ്റ പോസ്റ്റ് കൊണ്ടു് ചെയ്തതു്. അറിയപ്പെടാന്‍ പോകുന്ന ഒരു ഇന്ത്യന്‍ കാര്‍ട്ടൂണിസ്റ്റിനെ, അതും ഒരു പയ്യനെ, ഇങ്ങനെ മുന്നോട്ടുപിടിച്ചുനിര്‍ത്താന്‍ കാണിച്ച ഈ ആര്‍ജ്ജവം പ്രശംസിക്കപ്പെടേണ്ടതാണു്.

സുജിത്തു് സചിപ്പിച്ചതുപോലെ തികച്ചും അന്തര്‍മുഖനായ ഒരു പയ്യനാണു് സജിത്തു്. വളരെ കണ്‍ഫ്യൂസ്‌ഡ് ആയ ഒരു ചെറുപ്പക്കാരന്‍. തിരുവനന്തപുരത്തു് കൌമുദിയില്‍ ഞങ്ങള്‍ ഒരേ സമയം ഉണ്ടായിരുന്നു. സുജിത്തിനെ കൂടാതെ മലയാളത്തില്‍ സെല്‍ഫ് ഗോള്‍ എന്ന ബ്ലോഗെഴുതുന്ന കേരള കൌമുദിയുടെ സ്പോര്‍ട്സ് റിപ്പോര്‍ട്ടര്‍ സനില്‍ ഷാ, ഡിങ്കനൊക്കെ എടുത്തിട്ടു കുടഞ്ഞ കലാകൊമുദിയിലെ ആ ലേഖനം എഴുതാന്‍ നിര്‍ബന്ധിതനായ മനോജ്, പിന്നെ ഞാനും. ഇത്രയേയുള്ളൂ സജിത്തിന്റെ കേരള കൌമുദി സൌഹൃദങ്ങള്‍. എല്ലാവരുടേയും പ്രിയപ്പെട്ടവനാകുക സജിത്തിന്റെ രീതിയല്ല. തന്നിലേക്കു തന്നെ ഒതുങ്ങിക്കൂടി ഒരു വശത്തുകൂടെ അങ്ങുപോകുന്ന പ്രകൃതം.

സജിത്തിനെ ബൂലോഗത്തിനു് പരിചയപ്പെടുത്തിയതിനു് സുജിത്തിനു് ഒരായിരം നന്ദി.

tk sujith said...

സതീഷ്,സിയ,പേരക്ക ഞാന്‍ പരിചയപ്പെടുത്തിയില്ലെങ്കിലും സജിത്തിനെ ലോകം അറിയുന്ന ഒരു നാള്‍ വരും.ബൂലോഗത്ത് ഒളിച്ചു കഴിയാന്‍ ഇനി ഏറെനാള്‍ സജിത്തിന് ആകില്ലെന്നുറപ്പ്.

പലപ്പോഴും അത്ഭുതപ്പെട്ടിട്ടുണ്ട്.പത്രമാപ്പീസിന്റെ ഒരു മൂലക്കിരുന്ന് ആരോടും മിണ്ടാതെ വരയില്‍ മാത്രം മുഴുകുന്ന സജിത്തിനെക്കണ്ട്,ആ വരകളുടെ ഒഴുക്ക് കണ്ട്.പത്തുമിനിറ്റുകൊണ്ട് പണി തീര്‍ക്കുന്ന എനിക്ക് വീണ്ടും വീണ്ടും ചിത്രങ്ങള്‍ മാറ്റി മാറ്റി വരക്കുന്ന സജിത്ത് അത്ഭുതമാകാതിരിക്കുന്നതെങ്ങനെ?

സെബിന്‍,നമ്മളൊക്കെ വെറും വഴിവിളക്കുകള്‍.മുന്നോട്ടുള്ള സജിത്തിന്റെ പാതയില്‍ ഒരു തിരിവെട്ടം.അതാകാന്‍ സാധിക്കുന്നതില്‍ സന്തോഷം. അഭിമാനം.

Anonymous said...

നല്ല പരിചയപ്പെടുത്തല്‍.. നന്ദി.

Anonymous said...

നല്ല പരിചയപ്പെടുത്തല്‍.. നന്ദി.

ദിലീപ് വിശ്വനാഥ് said...

നന്ദി. ഈ പരിചയപ്പെടുത്തലിന്.

sajithkumar said...

sujithettta..ethu bhayangara eruttadiyayi poyi...eppoyitha ee kaserrennu veenilanne ullu....;nilamparishai!

ഇടിവാള്‍ said...

സുജിത്തിനു നന്ദിയും, സജിത്തിനു എല്ലാ ആശംസകളും..സജിത്തിന്റ് ബ്ലോഗ് ഇന്നാണു കണ്ടത്.
രണ്ടു പേരുടെ വരകളും അതി മനോഹരം..

asdfasdf asfdasdf said...

പരിചയപ്പെടുത്തിയതിനു നന്ദി.
രണ്ടു പേരുടെയും വരകള്‍ ഒന്നിനൊന്നു മെച്ചം.

[ nardnahc hsemus ] said...

സുജിത്,
സ്നേഹത്തിന്റെയും സൌഹൃദത്തിന്റെയും അടിവരയിട്ട ആത്മാര്‍ത്ഥമായ പരിചയപ്പെടുത്തല്‍. നന്ദി!

സജിത്,
കമ്പ്യൂട്ടര്‍ കളറിംഗ് യുഗമാണെങ്കിലും സജിത്തിന്റെ കളറിംഗില്‍ അതിന്റെ അതിപ്രസരം തോന്നുന്നു.. ഒരു പരിധിവരെ അത് അനാവശ്യമായി കണ്ണുകളെ ക്ഷണിയ്ക്കുകയും ചെയ്യുന്നു..

കളറിംഗ് കാര്‍ട്ടൂണുകളെക്കാള്‍ കൂടുതല്‍ ഗ്രേയിഷ്, ബ്ലാക്ക്&വൈറ്റ് കൂടുതല്‍ തെളിഞ്ഞു നില്‍ക്കുന്നതായി തോന്നി...

നന്മകള്‍ നേരുന്നു!

[ nardnahc hsemus ] said...

സോറി, വിട്ടുപോയി, ഞാനുദ്ദേശ്ശിച്ചത്, ബാക് ഗ്രൌണ്ട് കളറിംഗിനെക്കുറീച്ചാണ്!:)

tk sujith said...

സതീഷ്,സിയ,പേരക്ക,ഗുപ്തന്‍,
വാല്‍മീകീ,ഇടിവാള്‍,കുട്ടന്‍മേനോന്‍,
സുമേഷ് ചന്ദ്രന്‍,സെബിന്‍...
സജിത്തിന്റെ കാര്യം ഇനി നിങ്ങള്‍ ഏറ്റല്ലോ അല്ലേ?

സജിത്തേ,ധീരതയോടെ വരച്ചോളൂ,ലക്ഷം ലക്ഷം പിന്നാലെ...

ഏ.ആര്‍. നജീം said...

മറിക്കുന്നതിനിടെ അത് വരച്ചവരുടെ പേരുപോലും ശ്രദ്ധിക്കാതെ പോകുന്ന , യേശുദാസനും , അബുവിനും, ശങ്കറിനും ശേഷം ഇന്ന് കാര്‍‌ട്ടൂണിസ്റ്റ് കള്‍ക്ക് അര്‍ഹിക്കുന്ന പ്രാധാന്യം പോലും കിട്ടുന്നുണ്ടോ എന്ന് സംശയമുള്ള ഈ സമയത്ത് നല്ലൊരു കലാകാരനേ സമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കാന്‍ താങ്കള്‍ കാണിച്ച ശ്രമം അഭിനന്ദനീയം തന്നെ..

സജിതിനെ ബ്ലോഗിലേക്ക് എത്തിച്ചെങ്കിലും ഒരു മലയാളം ബ്ലോഗ് തുടങ്ങി അതില്‍ അദ്ദേഹത്തിന്റെ കാര്‍ട്ടൂണുകള്‍ പോസ്റ്റ് ചെയ്തിരുന്നുവെങ്കില്‍ അഗ്രിഗേറ്ററുകള്‍ അതെടുത്ത് നമ്മളെയും കാണിച്ചു തരുമല്ലോ...