Thursday, December 27, 2007

സ്വാമിപാദം ജയിക്കണം!


ഭൂസ്വാമിമാര്‍ ഭൂമി വാങ്ങിക്കൂട്ടുന്നതറിയാതെ പാര്‍ട്ടിക്കാര്‍ ഉറങ്ങുകയാണോ?-വി.എസ്

Tuesday, December 18, 2007

എത്രയായാലുമെന്റച്ഛനല്ലേ...


കരുണാകരന്റെ ഇരുമുടിക്കെട്ടുമായി മുരളി ശബരിമലയിലേക്ക്-വാര്‍ത്ത

Sunday, December 16, 2007

ഇടിമിന്നല്‍ കയ്യൊപ്പിട്ട കാര്‍ട്ടൂണ്‍!


രാഷ്ട്രീയ കാര്‍ട്ടൂണുകളും ഇടിമിന്നലും തമ്മിലെന്ത്?

ദ്രുതഗതിയില്‍ മാറിമറിയുന്ന സംഭവങ്ങള്‍ക്കിടയില്‍ മിന്നലായി ജ്വലിച്ച് അതിവേഗം വിസ്‌മൃതിയിലേക്ക് പൊലിഞ്ഞുപോകാനാണ് പല രാഷ്ട്രീയ കാര്‍ട്ടൂണുകളുടേയും തലവിധി എന്ന് മുമ്പ് ഒരു ലേഖനത്തില്‍ സൂചിപ്പിച്ചിരുന്നു..ഇതിലപ്പുറം കാര്‍ട്ടൂണുകള്‍ക്ക് മിന്നലുമായി എന്തു ബന്ധമാണുള്ളത്?

ഈ കുസൃതിച്ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ രണ്ടരനൂറ്റാണ്ടിലധികം പിന്നോട്ടുപോകണം.ലോകത്തിലെ ആദ്യ രാഷ്ട്രീയകാര്‍ട്ടൂണ്‍ വരക്കപ്പെട്ടത് 1754മെയ്9ന് ആണ്.വരച്ചത് മഹാനായ ശാസ്ത്രജ്ഞനും കണ്ടുപിടുത്തങ്ങളുടെ ആശാനുമായിരുന്ന ബെഞ്ചമിന്‍ ഫ്രാങ്ക്‍ളിന്‍.അതേ,ഇടിമിന്നലില്‍ വൈദ്യുതിയുണ്ടെന്നു പട്ടം പറത്തി കണ്ടെത്തിയ അതേ കക്ഷി തന്നെ!

ഫ്രാങ്ക്‍ളിന്റെ കാര്‍ട്ടൂണ്‍ പക്ഷേ ഇടിമിന്നല്‍ പോലെ പെട്ടെന്ന് അസ്തമിച്ചില്ല.ഭിന്നിച്ചു നിന്നിരുന്ന വിവിധ ജനവിഭാഗങ്ങളെ ഒന്നിപ്പിക്കാനായിരുന്നു കാലങ്ങളോളം ആ കാ‍ര്‍ട്ടൂണിന്റെ നിയോഗം.

1754.വടക്കുകിഴക്കന്‍ അമേരിക്കയിലെ വിവിധ കോളനികള്‍ ബ്രിട്ടീഷ് കോളനിവാഴ്ച്ചക്കെതിരെ പോരാ‍ടിയിരുന്ന കാലം.ബ്രിട്ടീഷ് ഏകാധിപത്യത്തിനെതിരെയും മറ്റു ശത്രുക്കള്‍ക്കെതിരെയും കോളനികള്‍ ഒന്നിച്ചു നില്‍ക്കേണ്ടതുണ്ടെന്ന് തന്റെ സ്വന്തം പത്രമായ പെന്‍സില്‍‌വാനിയ ഗസറ്റില്‍ ഫ്രാങ്ക്‍ളിന്‍ മുഖപ്രസംഗമെഴുതി.ഈ മുഖപ്രസംഗത്തോടൊപ്പമാണ് കാര്‍ട്ടൂണ്‍ പ്രത്യക്ഷപ്പെട്ടത്.
വിവിധ കഷണങ്ങളായി മുറിക്കപ്പെട്ടാലും സൂര്യാസ്തമയത്തിനു മുമ്പ് ശരിയായ ക്രമത്തില്‍ ചേര്‍ത്തുവെച്ചാല്‍ ഒരു പാമ്പിന് ജീവന്‍ തിരിച്ചുകിട്ടും എന്ന് അക്കാലത്തുണ്ടായിരുന്ന അന്ധവിശ്വാസത്തെ അടിസ്ഥാനമാക്കിയായിരുന്നു ഫ്രാങ്ക്‍ളിന്റെ കാര്‍ട്ടൂണ്‍.

ജോയിന്‍ ഓര്‍ ഡൈ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച ‍കാര്‍ട്ടൂണില്‍,പാമ്പിന്റെ കഷണങ്ങളായി പ്രതീകവല്‍ക്കരിക്കുന്നത് .(NE)ന്യൂ ഇംഗ്ലണ്ട്,(NY)ന്യൂയോര്‍ക്ക്,(NJ)ന്യൂ ജേര്‍സി,(P)പെന്‍സില്‍‌വാനിയ,(M)മേരിലാന്റ്,(V)വിര്‍ജീനിയ,(NC)നോര്‍ത്ത് കരോലിന,(SC)സൌത്ത് കരോലിന എന്നീ എട്ട് കോളനികളെയാണ്.
ഫ്രാങ്ക്‍ളിന്റെ കാര്‍ട്ടൂണ്‍,ഭിന്നിച്ചുനിന്നിരുന്ന കോളനികളുടെ ഏകോപനത്തിനും ജനങ്ങളില്‍ ദേശീയവികാരമുണര്‍ത്തുന്നതിനും പ്രേരകമായി.ഒന്നിച്ചു നിന്നില്ലെങ്കില്‍ മരണമാണ് ഫലമെന്ന് അവര്‍ തിരിച്ചറിഞ്ഞു.പകര്‍പ്പവകാശനിയമങ്ങള്‍ ഇല്ലാതിരുന്നതുകൊണ്ട് ഈ കാര്‍ട്ടൂണ്‍ ഭൂഖണ്ഡത്തിലെമ്പാടുമുള്ള വിവിധ പത്രങ്ങളില്‍ പുന:പ്രസിദ്ധീകരിക്കപ്പെട്ടു.1776-ല്‍ അമേരിക്കന്‍ വിപ്ലവകാലത്തും ജനങ്ങളില്‍ ദേശീയബോധമുണര്‍ത്താനായി ജോയിന്‍ ഓര്‍ ഡൈ കാര്‍ട്ടൂണ്‍ വ്യാപകമായി ഉപയോഗിച്ചു.പലരും തങ്ങളുടെ നാടിനിണങ്ങുന്ന രീതിയില്‍ ഫ്രാങ്ക്‍ളിന്റെ കാര്‍ട്ടൂണ്‍ പരിഷ്കരിച്ചു.

1754-ല്‍ വരച്ച ഈ കാര്‍ട്ടൂണ്‍ അമേരിക്കയിലെ ആദ്യത്തെ രാഷ്ട്രീയകാര്‍ട്ടൂണ്‍ ആണ്.ഒരു രാഷ്ട്രീയ സാഹചര്യത്തെ ജനങ്ങള്‍ക്ക് സുപരിചിതമായ മറ്റൊരു ആശയവുമായി ബന്ധപ്പെടുത്തി വരച്ച ലോകത്തിലെ ആദ്യരാഷ്ട്രീയകാര്‍ട്ടൂണും ഇതാണെന്ന് കരുതപ്പെടുന്നു.

84വയസ്സുവരെയുള്ള ജീവിതത്തിനിടയില്‍ബെഞ്ചമിന്‍ ഫ്രാങ്ക്‍ളിന്‍ കൈവെക്കാത്ത മേഖലകള്‍ ഇല്ലെന്നുതന്നെ പറയാം.ഒരു പക്ഷേ ഈ ബഹുമുഖപ്രതിഭാവിലാസം കാരണമായിരിക്കാം ഫ്രാങ്ക്‍ളിനെ ഒരു കാര്‍ട്ടൂണിസ്റ്റ് എന്ന നിലയില്‍ നാമറിയാതെ പോയത്.
links
a brief history of political cartoons
the first political cartoons

Tuesday, December 11, 2007

ബുജി-4


ഫിലിം ഫെസ്റ്റിവല്‍ കാര്‍ട്ടൂണ്‍-4

Monday, December 10, 2007

ബുജി-3


ഫിലിം ഫെസ്റ്റിവല്‍ കാര്‍ട്ടൂണ്‍-3

Sunday, December 9, 2007

ബുജി-2


ഫിലിം ഫെസ്റ്റിവല്‍ കാര്‍ട്ടൂണ്‍-2

Saturday, December 8, 2007

ഫിലിം ഫെസ്റ്റിവല്‍ കാര്‍ട്ടൂണ്‍:ബുജി-1


എല്ലാ വര്‍ഷവും ഫിലിം ഫെസ്റ്റിവല്‍ വാര്‍ത്തകള്‍ക്കൊപ്പം ബുജി എന്ന പേരില്‍ ഒരു ചെറിയ കാര്‍ട്ടൂണും ചേര്‍ക്കാറുണ്ട് കൌമുദിയില്‍.ഇത്തവണ ബുജി കണ്ട കാഴ്ചകള്‍ ബ്ലോഗിലും ഇടുന്നു.

ഭക്ഷ്യമന്ത്രി!


അരിവിലവര്‍ദ്ധന:മലയാളികള്‍ക്ക് പാലും മുട്ടയും കോഴിയിറച്ചിയും കഴിച്ചാല്‍ പോരേ?-മന്ത്രി ദിവാകരന്‍

Thursday, December 6, 2007

Wednesday, December 5, 2007

മതിലുകള്‍


"The Wall"എന്ന സിനിമക്ക് അന്താരാ‍ഷ്ട്രചലച്ചിത്രോത്സവത്തില്‍ സുവര്‍ണ്ണമയൂരം.

Sunday, December 2, 2007

രാഷ്ട്രീയം കാര്‍ട്ടൂണാകുമ്പോള്‍ കാര്‍ട്ടൂണിന്റെ രാഷ്ട്രീയം!


ഇപ്പോള്‍ കാ‍ര്‍ട്ടൂണൊന്നും രാഷ്ട്രീയക്കാരെ ഏശുന്നില്ല.അതും ഒരു പരസ്യമായാണ് അവര്‍ എടുക്കുന്നത്".

പറയുന്നത്,നാലു ദശാബ്ദത്തോളം ശങ്കേര്‍സ് വീക്ക്‍ലി,ഈസ്റ്റേണ്‍ ഇക്കണോമിസ്റ്റ്,ഹിന്ദുസ്ഥാന്‍ ടൈംസ്,ഇന്ത്യന്‍ എക്സ്പ്രസ്സ് എന്നീ പ്രസിദ്ധീകരണങ്ങളിലൂടെ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നെറികേടുകള്‍ക്കെതിരെ വിമര്‍ശനത്തിന്റെ കൂരമ്പുകളെയ്ത തലമുതിര്‍ന്ന കാര്‍ട്ടൂണിസ്റ്റ് എ.ആര്‍.കേരളവര്‍മ്മ.സജീവ കാര്‍ട്ടൂണ്‍രചന മതിയാക്കി വര്‍മ്മയിപ്പോള്‍ തൃപ്പൂണിത്തുറയിലെ വസതിയില്‍ വിശ്രമജീവിതത്തിലാണ്.

വര്‍മ്മക്ക് അതു പറയാന്‍ എല്ലാ യോഗ്യതയും അനുഭവവും ഉണ്ട്. ലക്ഷക്കണക്കിന് വായനക്കാരുടെ പ്രശംസ മാത്രമല്ല.രാഷ്ട്രീയക്കാരെ ‘ഞോണ്ടിയ’കാര്‍ട്ടൂണുകളുടെ പേരില്‍ വക്കീല്‍നോട്ടീസും ജയില്‍‌വാസവും ഏറ്റുവാങ്ങേണ്ടിവന്നിട്ടുണ്ട് വര്‍മ്മക്ക്.പണ്ട്.

1978-ല്‍ ഹിന്ദ്സമാചാര്‍ പത്രത്തില്‍ വരച്ച കാര്‍ട്ടൂണിന്റെ പേരിലായിരുന്നു വക്കീല്‍‌നോട്ടീസ്.(കാര്‍ട്ടൂണ്‍ ഇതോടൊപ്പം).ഹരിയാന മുഖ്യമന്ത്രി ദേവീലാലിന്റെ സന്നിധിയില്‍ വിനീതവിധേയനായി കുമ്പിട്ടുനില്‍ക്കുന്ന തന്റെ ഹാസ്യചിത്രം എം.എല്‍.എ. ആയിരുന്ന ഭജന്‍‌ലാലിന് തീരെ പിടിച്ചില്ല.ഈ കാര്‍ട്ടൂണ്‍ കാണുന്നവര്‍ തന്നെയൊരു അപരാധിയായി കണക്കാക്കുമോ എന്നായിരുന്നു അദ്ദേഹത്തിന്റെ ഭയം.മാനനഷ്ടത്തിനു പരിഹാരമായി അഞ്ചുലക്ഷം രൂപയാണ് ഭജന്‍‌ലാല്‍ ആവശ്യപ്പെട്ടത്(വര്‍മ്മ അന്ന് അഞ്ഞൂറു രൂപ ശമ്പളം വാങ്ങിയിരുന്ന കാലം).കാര്‍ട്ടൂണിലൂടെ പോയ മാനത്തിന് രാഷ്ട്രീയനേതാവ് ചോദിച്ച വില കാര്‍ട്ടൂണിസ്റ്റിന്റെ ശമ്പളത്തിന്റെ ആയിരം മടങ്ങ്!ഭജന്‍ലാലിന്റെ മാനം (അതുവരെ പോയതിലപ്പുറം)പോകാന്‍ തന്റെ കാര്‍ട്ടൂണില്‍ ഒന്നുമില്ലെന്ന് വര്‍മ്മ നേരിട്ട് കത്തെഴുതി.നഷ്ടപരിഹാരം നല്‍കാന്‍ താന്‍ തയ്യാറല്ലെന്നും അറിയിച്ചു.വിശദീകരണത്തില്‍ തൃപ്തനായിട്ടോ കേസു തുടര്‍ന്നാല്‍ ശേഷിച്ച മാനം കൂടി പോയേക്കുമോ എന്ന ഭയം കൊണ്ടോ ഭജന്‍ലാല്‍ നിയമയുദ്ധത്തില്‍ നിന്നും പിന്മാറുകയാണുണ്ടായത്.

മറ്റൊരിക്കല്‍,പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ സ്വഭാവശുദ്ധിയെ അവഹേളിക്കുന്ന പോസ്റ്റര്‍ തയ്യാറാക്കി എന്ന ജാമ്യമില്ലാക്കുറ്റം ചുമത്തി വര്‍മ്മയെ സര്‍ക്കാര്‍ തീഹാര്‍ ജയിലിലടച്ചു.ഈ സംഭവത്തിലും വര്‍മ്മ നിരപരാധിയായിരുന്നു.ഡല്‍ഹിയില്‍ കമ്മ്യൂണിസ്റ്റുകാര്‍ പുറത്തിറക്കിയ വിവാദപോസ്റ്ററിലെ അക്ഷരങ്ങള്‍ക്ക് വര്‍മ്മയുടെ കാര്‍ട്ടൂണിലെ അക്ഷരങ്ങളോട് നല്ല സാമ്യമുണ്ടായിരുന്നു.CROSS ROADS എന്ന കമ്മ്യൂണിസ്റ്റ് പ്രസിദ്ധീകരണത്തില്‍ കുറെക്കാലം ജോലി ചെയ്ത ചരിത്രം വര്‍മ്മക്കുണ്ടായിരുന്നതിനാല്‍ ഈ പോസ്റ്ററിനു പിന്നില്‍ വര്‍മ്മയാണെന്നുറപ്പിക്കാന്‍ കേന്ദ്ര ആഭ്യന്തരവകുപ്പിനു വേറെ തെളിവൊന്നും വേണ്ടിവന്നില്ല!അത്ര കാര്യക്ഷമമായിരുന്നു അന്നും വകുപ്പിന്റെ പ്രവര്‍ത്തനം.കൊടും കുറ്റവാളികള്‍ക്കൊപ്പം തീഹാര്‍ ജയിലിലെ ദുരിതപൂര്‍ണ്ണമായ ജയില്‍‌വാസത്തിനൊടുവില്‍ വ്യക്തമായ തെളിവുകളുടെ അഭാവത്തില്‍ സര്‍ക്കാര്‍ കേസ് പിന്‍‌വലിച്ച് വര്‍മ്മയെ മോചിപ്പിക്കുകയായിരുന്നു.

രാഷ്ട്രീയനേതാക്കളുടെ അസഹിഷ്ണുതമൂലം വര്‍മ്മയെപ്പോലൊരു കാര്‍ട്ടൂണിസ്റ്റിന് നേരിടേണ്ടിവന്ന ഇത്തരം ദുരനുഭവങ്ങള്‍ക്ക് ഒരു മറുവശമുണ്ട്(എന്തിന്റേയും മറുവശം കാണുന്നതും ഒരു കാര്‍ട്ടൂണ്‍ രീതിയാണല്ലോ).കാര്‍ട്ടൂണിലെ(പ്പോലും) വിമര്‍ശനങ്ങള്‍ തങ്ങളുടെ രാഷ്ട്രീയജീവിതത്തില്‍ കറപിടിപ്പിക്കും,അതിനെല്ലാം പൊതുജനങ്ങളോട് മറുപടി പറയേണ്ടിവരും എന്നു വിശ്വസിച്ചിരുന്ന ഒരു രാഷ്ട്രീയനേതൃത്വം പണ്ടുണ്ടായിരുന്നു എന്നതാണത്.ഇന്ദിരാഗാന്ധിക്കും ഭജന്‍ലാലിനും മുമ്പ്...രാഷ്ട്രീയ ഓന്തുകള്‍ക്കും ദിനോസറുകള്‍ക്കും മുമ്പ്.........

അത് അന്തക്കാലം.കാലക്രമേണ ഏതുവിമര്‍ശനവും പരിഹാസവും ആരോപണവും നേരിടാ‍നും അതിജീവിക്കാനും പര്യാപ്തമായ തൊലിക്കട്ടി നമ്മുടെ രാഷ്ട്രീയനേതൃത്വം ഉണ്ടാക്കിയെടുത്തു.എത്ര മൂര്‍ച്ചയുള്ള കാര്‍ട്ടൂണ്‍ പൂശിയാലും അത് ഇന്നത്തെ രാഷ്ട്രീയക്കാരെ ഏശാത്തതിന്റെ കാരണവും ഇതാവാം.ഭൂരിപക്ഷം രാഷ്ട്രീയക്കാരും സ്വയം വരക്കപ്പെടാനാന്‍,കഥാപാത്രമാക്കപ്പെടാന്‍ ആഗ്രഹിക്കുന്ന കാര്‍ട്ടൂണ്‍ ഇന്ന്, പത്രത്താളിലെ എന്റര്‍ടൈനര്‍ മാത്രമാണ്.രാഷ്ട്രീയം തന്നെ തമാശയാകുമ്പോള്‍ രാഷ്ട്രീയകാര്‍ട്ടൂണുകള്‍ക്ക് പ്രസക്തിയില്ലാതാകുന്നു എന്ന് അബു എബ്രഹാം പറഞ്ഞതോര്‍ക്കുന്നു. സമകാലിക രാഷ്ട്രീയതമാശകളെല്ലാം നമ്മുടെ ജീവിതത്തിന്റെ ഭാഗമാകുമ്പോള്‍ മഹത്തായ ഒരു കലയുടെ ചരിത്രം ഓര്‍ത്തുകൊണ്ട്(ഞാനടക്കമുള്ള)കാര്‍ട്ടൂണിസ്റ്റുകള്‍ കാര്‍ട്ട്-ഊണിസ്റ്റുകളായി വര തുടരുന്നു.

പ്രിയപ്പെട്ട വര്‍മ്മ സര്‍,രാഷ്ട്രീയം തന്നെ കാര്‍ട്ടൂണാകുന്ന കാലത്ത് രാഷ്ട്രീയകാര്‍ട്ടൂണുകള്‍ക്ക് എന്തു റോളാണ് നിര്‍വഹിക്കാണുണ്ടാകുക?ഒരു ജനപ്രിയപരസ്യത്തിന്റേതല്ലാതെ?

കരുമുര-രണ്ടു കാര്‍ട്ടൂണുകള്‍

വര:1

വര:2


പഴയ ഡി.ഐ.സിക്കാര്‍ കരുണാകരനോടൊപ്പം കോണ്‍ഗ്രസ്സിലേക്ക് മടങ്ങും‌-വാര്‍ത്ത

Saturday, December 1, 2007

കറുപ്പിലും വെളുപ്പിലും കോറിയിട്ട കറുത്ത ചരിത്രം!ഇന്ന് കാര്‍ട്ടൂണിസ്റ്റ്അബു എബ്രഹാമിന്റെ അഞ്ചാം ചരമവാര്‍ഷികം.ഏറെ ചര്‍ച്ചചെയ്യപ്പെട്ട ഈ അബുകാര്‍ട്ടൂണ്‍ ഒരിക്കല്‍ക്കൂടി ഓര്‍ക്കാനുള്ള അവസരം.

1971-ലെ പൊതുതിരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തിയ ഇന്ദിരാഗാന്ധിയുടെ ഭരണത്തിനെതിരെ നാടൊട്ടുക്കും പ്രതിഷേധപ്രകടനങ്ങള്‍ ഉയര്‍ന്നുവന്ന സന്ദര്‍ഭം.ഗാന്ധിയന്‍ സോഷ്യലിസ്റ്റായ ജയപ്രകാശ് നാരായണന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളും കര്‍ഷകരും തൊഴിലാളിസംഘടനകളുമെല്ലാം ഒറ്റക്കെട്ടായി കേന്ദ്രഭരണത്തിനെതിരെ വിപ്ലവാഹ്വാനം നടത്തി.ഇതിനിടെ തിരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധിയോട് പരാജയപ്പെട്ട രാജ് നാരായണ്‍ നല്‍കിയ തിരഞ്ഞെടുപ്പ് ഹര്‍ജിയില്‍ 1975 ജൂണ്‍12ന് അലഹബാദ് ഹൈക്കോടതി ഇന്ദിരക്കെതിരായി വിധി പ്രഖ്യാപിച്ചു.ഭരണയന്ത്രം വ്യാപകമായി ദുരുപയോഗം ചെയ്തും വോട്ടര്‍മാര്‍ക്ക് കൈക്കൂലി നല്‍കിയും തിരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിച്ച ഇന്ദിരയുടെ തിരഞ്ഞെടുപ്പ് അസാധുവാക്കുന്നതിനൊപ്പം തുടര്‍ന്നുള്ള ആറുവര്‍ഷം പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് അയോഗ്യത കല്‍പ്പിക്കുന്നതുമായിരുന്നു വിധി.

ഇന്ത്യന്‍ രാഷ്ട്രീയചരിത്രത്തിലെ കറുത്ത നാളുകളായിരുന്നു അവ.തനിക്കു നേരെ ഉയര്‍ന്ന എല്ലാ എതിര്‍പ്പുകളേയും പാര്‍ലമെന്റിലെ മൃഗീയ ഭൂരിപക്ഷമുപയോഗിച്ച് ഏകാധിപതിയായ ഇന്ദിര നേരിട്ടുകൊണ്ടിരുന്നു.ഭരണഘടനയുടെ അന്ത:സത്തയെത്തന്നെ തകിടം മറിക്കുന്ന ഒട്ടേറെ ഭേദഗതികള്‍ നടപ്പാക്കപ്പെട്ടു.ജനപ്രാതിനിധ്യനിയമത്തിലും തിരഞ്ഞെടുപ്പ് നിയമത്തിലും വരുത്തിയ ഭേദഗതികള്‍ ഒമ്പതാം പട്ടികയില്‍ ഉള്‍പ്പെടുത്തുകവഴി കോടതിവിധിയെ മറികടന്ന ഇന്ദിര തന്റെ രാഷ്ട്രീയ എതിരാളികളെ മുഴുവന്‍ വിവിധകുറ്റങ്ങള്‍ ചുമത്തി ജയിലിലടച്ചു.1975 ജൂണ്‍26 മുതല്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടു.

മന്ത്രിസഭാംഗങ്ങളോടുപോലും ആലോചിക്കാതെ തന്നിഷ്ടപ്രകാരം പുറപ്പെടുവിച്ച അടിയന്തരാവസ്ഥാപ്രഖ്യാപനത്തില്‍ ഇന്ദിരയുടെ ഏറാന്‍‌മൂളിയായ അന്നത്തെ പ്രസിഡന്റ് ഫക്രുദ്ദീന്‍ അലി അഹമ്മദ് വീണ്ടുവിചാരമില്ലാതെ ഒപ്പുവച്ചു.(പിന്നീട് 1977-ല്‍ രാജ്യത്ത് പൊതുതിരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനമെടുക്കുന്നതുവരെ പ്രധാനമന്ത്രിയുടെ ഉപദേശപ്രക്രാരം ഓരോ ആറുമാസം കഴിയുമ്പോഴും അടിയന്തരാവസ്ഥ നീട്ടിക്കൊണ്ട് രാഷ്ട്രപതി പുതിയ ഓര്‍ഡിനന്‍സുകള്‍ ഇറക്കിക്കൊണ്ടിരുന്നു.)
ഇന്ദിര പറയുന്നിടത്ത് നേരവും കാലവും നോക്കാ‍തെ തുല്യം ചാര്‍ത്തേണ്ടിവരുന്ന രാഷ്ട്രപതിയുടെ ദുരവസ്ഥയെ 1975ഡിസംബര്‍10 ന് ഇന്ത്യന്‍ എക്സ്പ്രസ്സില്‍ വരച്ച കാര്‍ട്ടൂണിലൂടെ അബു എബ്രഹാം കണക്കിന് കളിയാക്കി.നഗ്നനായി ബാത്ത്ടബ്ബില്‍ കുളിക്കാന്‍ കിടക്കുമ്പോഴും പാതിതുറന്നിട്ട വാതിലിലൂടെ ഓര്‍ഡിനന്‍സില്‍ ഒപ്പിടുന്ന രാഷ്ട്രപതി ഇനിയും കൂടുതല്‍ ഓര്‍ഡിനന്‍സുകള്‍ ഉണ്ടെങ്കില്‍ കാത്തുനില്‍ക്കാന്‍ ആവശ്യപ്പെടുന്നതായാണ് കാര്‍ട്ടൂണില്‍ ചിത്രീകരിച്ചിരുന്നത്.

അബുവിന്റെ ഈ കാര്‍ട്ടൂണ്‍ വിമര്‍ശനം രാജ്യമൊട്ടുക്കും ഏറെ ചര്‍ച്ചചെയ്യപ്പെട്ടു.(പത്രസെന്‍സറിങ്ങിന്റെ കാലമായിരുന്നല്ലോ അത്).ഇന്നും അടിയന്തരാവസ്ഥയുടെ കരാളദിനങ്ങളുടെ ഓര്‍മ്മക്കുറിപ്പായി അബുവിന്റെ കാര്‍ട്ടൂണിലെ കറുത്തഫലിതം വിലയിരുത്തപ്പെടുന്നു.

ബാത്ത്ടബ്ബിലെ പ്രസിഡന്റിനുശേഷം ഒട്ടേറെ കാര്‍ട്ടൂണുകളില്‍ അടിയന്തരാവസ്ഥയേയും ഇന്ദിരയേയും കടുത്തവിമര്‍ശനത്തിന് വിധേയനാക്കിയ അബു അക്കാലം വരേയും ഇന്ദിരയെ ശക്തമായി പിന്തുണച്ചിരുന്നു എന്നതാണ് ഏറെ രസകരം.1972-ല്‍ ഇന്ദിരയാണ് അബുവിനെ രാജ്യസഭാംഗമായി നോമിനേറ്റ് ചെയ്തത്.1978 വരെ അബു ആ സ്ഥാനത്ത് തുടരുകയും ചെയ്തു

Thursday, November 29, 2007

കണ്ണുതുറക്കാത്ത ദൈവങ്ങളേ....


കോണ്‍ഗ്രസ്സിനെ ശക്തിപ്പെടുത്താനുള്ളവര്‍ വേഗം സ്ഥലം കാലിയാക്കണം-മുരളി

Monday, November 19, 2007

പ്രായം നമ്മില്‍ മോഹം നല്‍കി....


കോണ്‍ഗ്രസ്സിലേക്ക് യുവാക്കളെ ആകര്‍ഷിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് രാഹുല്‍ ഗാ‍ന്ധി

Sunday, November 18, 2007

കരുണ്‍ജിറാവ് സ്പീക്കിങ്ങ്...


രാഹുല്‍ ഗാന്ധിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം-വാര്‍ത്ത

ചുവന്ന തെരുവ്


ആണവോര്‍ജ്ജ ഏജന്‍സിയുമായി ചര്‍ച്ചയാകാം,കരാര്‍ നടപ്പാക്കാന്‍ പാടില്ല-സി.പി.എം

Thursday, November 15, 2007

ഉദരനിമിത്തം.....


ആണവോര്‍ജ്ജ ഏജന്‍സിയുമായി ചര്‍ച്ചയാകാമെന്ന് ഇടതുപക്ഷം

Wednesday, November 7, 2007

പിണറായീധരന്‍


ഞാന്‍ ഇടതുമുന്നണിയില്‍ പോകുമെന്നു പ്രചരിപ്പിക്കുന്നവര്‍ നികൃഷ്ടജീവികള്‍-മുരളി

Friday, November 2, 2007

മാലിന്യകേരളം


മാലിന്യമുക്തകേരളം യാഥാര്‍ത്ഥ്യമാക്കും-മുഖ്യമന്ത്രി

Sunday, October 28, 2007

മദാമ്മത്തൊട്ടില്‍


കോണ്‍ഗ്രസ്സിലേക്കുള്ള തിരിച്ചുവരവ്-ഇനി മുന്‍‌കൈയെടുക്കേണ്ടത് ഹൈക്കമാന്റ്:കരുണാകരന്‍

ഹര്ത്താലുകള്‍ ഉണ്ടാകുന്നത്......

Sunday, October 21, 2007

13വര്‍ഷത്തെ ഇന്ത്യന്‍ രാഷ്ടീയം പ്രവചിച്ച് ചരിത്രത്തില്‍ ഇടം നേടിയ കാര്‍ട്ടൂണ്‍!


രാഷ്ട്രീയ കാര്‍ട്ടൂണുകള്‍ക്ക് അല്പായുസ്സാണെന്നാണു സങ്കല്പം.ദ്രുതഗതിയില്‍ മാറിമറിയുന്ന സംഭവവികാസങ്ങള്‍ക്കിടയില്‍ മിന്നല്‍പ്പിണറായി ജ്വലിച്ച് അതിവേഗം വിസ്മൃതിയിലേക്ക് മറയാനാണ്‍ പല രാഷ്ട്രീയകാര്‍ട്ടൂണുകളുടേയും തലവര.അസാധാരണമായ ഉള്‍ക്കാഴ്ചയോടെ സംഭവങ്ങളെ വിലയിരുത്തുന്ന ഒരു കാര്‍ട്ടൂണിസ്റ്റിനു മാത്രമേ കാലാതിവര്‍ത്തിയായ കാര്‍ട്ടൂണുകള്‍ രചിക്കാ‍നാകൂ.ചരിത്രത്തില്‍ ഇടം നേടിയ അത്തരമൊരു കാര്‍ട്ടൂണിനെക്കുറിച്ചു പറയാം.

ഇന്ത്യന്‍ കാര്‍ട്ടൂണ്‍ രംഗത്തെ കുലപതിയായ കാര്‍ട്ടൂണിസ്റ്റ് ശങ്കറും പ്രധാനമന്ത്രിയായിരുന്ന നെഹ്രുവും തമ്മിലുണ്ടായിരുന്ന ആത്മബന്ധം പ്രസിദ്ധമാണല്ലോ.1948-ല്‍ ശങ്കേര്‍സ് വീക്ക്‍ലിയുടെ ഉദ്ഘാടനച്ചടങ്ങില്‍ വെച്ച് “എന്നെ വെറുതേ വിടരുത് ശങ്കര്‍” എന്നഭ്യര്‍ത്ഥിച്ച നെഹ്രുവിനെ ശങ്കര്‍ തെല്ലും നിരാശപ്പെടുത്തിയില്ല.പൂവായും പുഴുവായും നായായും നരിയായും നെഹ്രു ശങ്കറിന്റെ കാര്‍ട്ടൂണുകളില്‍ നിറഞ്ഞുനിന്നു.

1954-64 കാലഘട്ടം.സജീവരാഷ്ട്രീയത്തില്‍ നിന്നും വിരമിക്കാനുള്ള തന്റെ തീരുമാനം തല്പരകക്ഷികളുടെ സമ്മര്‍ദ്ദത്തിനു വിധേയമായി (?)നെഹ്രു മാറ്റിവെച്ചുകൊണ്ടിരുന്ന സന്ദര്‍ഭം.നെഹ്രുവിനു ശേഷം ആര്‍ എന്ന ചോദ്യം രാഷ്ട്രീയ ഉപശാലകളില്‍ ഒളിഞ്ഞും തെളിഞ്ഞും പ്രതിധ്വനിച്ചുകൊണ്ടിരുന്നു.ഈ ചോദ്യത്തിനു 1964 മെയ്17നു ശങ്കേര്‍സ് വീക്ക്‍ലിയില്‍ വരച്ച who after nehru എന്ന കാര്‍ട്ടൂണിലൂടെ ശങ്കര്‍ ഉത്തരം നല്‍കി.ക്ഷീണിതനായി ഓടുന്ന നെഹ്രുവില്‍ നിന്നും ദീപശിഖയേറ്റുവാങ്ങാന്‍ പിന്നാലെ ഓടുന്ന ലാല്‍ ബഹാദൂര്‍ ശാസ്ത്രി,ഗുല്‍‌സരിലാല്‍ നന്ദ,ഇന്ദിരാഗാന്ധി,വി.കെ.കൃഷ്ണമേനോന്‍,മൊറാര്‍ജി ദേശായി എന്നിവരായിരുന്നു കാര്‍ട്ടൂണില്‍.

ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഗ്രഹനില കുറിച്ചിട്ട കാര്‍ട്ടൂണായിരുന്നു അത്.കാര്‍ട്ടൂണ് അച്ചടിച്ചു വന്നതിന്റെ പത്താം നാള്‍ 1964മെയ്27നു നെഹ്രു അന്തരിച്ചു.ശങ്കറിന്റെ കാര്‍ട്ടൂണില്‍ നെഹ്രുവിനു പിന്നാലെ ഓടിയിരുന്നവരില്‍ ഗുല്‍‌സരിലാല്‍ നന്ദ ഇടക്കാല പ്രധാനമന്ത്രിയായി ചുമതലയേറ്റു.13 ദിവസത്തിനു ശേഷം കാര്‍ട്ടൂണിലെ രണ്ടാം സ്ഥാനക്കാ‍രനായ ശാസ്ത്രിക്കുവേണ്ടി നന്ദ വഴിമാറി.ശാ‍സ്ത്രിക്കു ശേഷം വീണ്ടും നന്ദ,അതിനു ശേഷം ഇന്ദിരാഗാന്ധി,പിന്നാലെ മൊറാര്‍ജി ദേശായി എന്നിങ്ങനെ ശങ്കറിന്റെ കാര്‍ട്ടൂണിലെ മുന്‍‌നിരക്കാരെല്ലാം(കൃഷ്ണമേനോന്‍ ഒഴികെ) പിന്നീട് ഇന്ത്യന്‍ പ്രധാനമന്ത്രിമാരായി.അതും ശങ്കര്‍ വരച്ചിട്ട അതേ ക്രമത്തില്‍!

1964മെയ്27നു നെഹ്രു അന്തരിക്കുന്നതു മുതല്‍ 1977മാര്‍ച്ച് 24നു മൊറാര്‍ജി ദേശായി പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കുന്നതു വരെയുള്ള ഇന്ത്യന്‍ രാഷ്ട്രീയം ശങ്കര്‍ 1964മെയ്17നു വരച്ച ഈ കാര്‍ട്ടൂണിന്റെ തനിയാവര്‍ത്തനമാകുകയായിരുന്നു!

Tuesday, October 16, 2007

പള്ളിവാളും കാല്‍ച്ചിലമ്പും


രഹസ്യമായി പിന്തുണ തേടിയവര്‍ പരസ്യമായി അധിക്ഷേപിക്കുന്നത് കാപട്യം-ക്രൈസ്തവ സഭ

Tuesday, October 9, 2007

പഴയ ആകാശം പഴയ ഭൂമിബഹിരാകാശ ഇന്‍സ്റ്റിട്ട്യൂട്ടിനു‍ സര്‍ക്കാര്‍ ഭൂമി നല്‍കണമെന്ന് എല്‍.ഡി.എഫ് നിര്‍ദ്ദേശം.

Wednesday, October 3, 2007

2005ല്‍ വരച്ച ഒരു കാര്‍ട്ടൂണിനെപ്പറ്റി സിമി എഴുതിയ ആസ്വാദനക്കുറിപ്പ്


എ.കെ. ആന്റണിയുടെ "കോണ്ഗ്രസിനെ പ്രത്യയശാസ്ത്രപരമായി പുന:സംഘടിപ്പിക്കണം" എന്ന പരാമര്ശമാവാം സുജിത്തിനെ ഈ കാര്ട്ടൂണ് വരയ്ക്കാന് പ്രേരിപ്പിച്ചത്. ഉമ്മന് ചാണ്ടി മന്ത്രിസഭയുടെ ഭരണകാലത്ത്, ആന്റണിയ്ക്ക് എ.ഐ.സി.സി. നേതൃത്വത്തിലെ ചുമതലകള് ഉള്ള കാലത്തായിരുന്നു ഇത്. (2005)

കാര്ട്ടൂണ് നടക്കുന്നത് ഏതെങ്കിലും കോണ്ഗ്രസ് ഓഫീസിലാവാം. അല്ലെങ്കില് കാര്ട്ടൂണ് നടക്കുന്നത് നമ്മുടെ രാഷ്ട്രീയത്തില് / പൊതുജീവിതത്തിലും ആവാം. ഇവിടെ ചുമര്ച്ചിത്രമായി ഗാന്ധിജിയെയും നെഹ്രുവിനെയും തൂക്കിയിരിക്കുന്നത് ശ്രദ്ധിക്കുക. ഗാന്ധിജിയും നെഹറുവും ഒക്കെ ഇന്ന് ചുമരില് ചില്ലിട്ട ചിത്രങ്ങളാണ്. ആവശ്യം ഉള്ളപ്പോള് മാത്രം എടുത്ത് പ്രയോഗിക്കാനുള്ള ചിത്രങ്ങള്.

==ചുമരിലെ ചിത്രം==

ഗാന്ധിജിയുടെയും നെഹറുവിന്റെയും മുഖഭാവങ്ങള് നോക്കുക. ഇന്ന് ഗാന്ധിജി ജീവിച്ചിരുന്നെങ്കില് എല്ലാം കണ്ടുമടുത്ത നിസ്സംഗത ആയേനെ ഗാന്ധിജിയുടെ മുഖത്ത്. നെഹറു ജീവിച്ചിരുന്നെങ്കില് എല്ലാം ഒന്ന് ശരിയാക്കാന് പറ്റുമോ എന്ന് ഒന്നുകൂടെ ശ്രമിക്കാനുള്ള ആകുലതയും കാണാം. മരിക്കുന്നതുവരെ പ്രധാനമന്ത്രി ആയിരുന്നല്ലോ നെഹ്രു. (17 വര്ഷം)

കുളം, വെള്ളം: ഇതൊക്കെ നെഹ്രൂവിയന് സോഷ്യലിസം, ഗാന്ധിസം തുടങ്ങിയ ഇസങ്ങളെക്കാളും അധികാരത്തിന്റെ ചെളിവെള്ളമാണ്. (ചത്തകാലത്തിന് തളം കെട്ടിയ ചെളിക്കുണ്ടില്, ശവംനാറിപ്പുല്ലുതിന്നാവോളവും തിന്ന്, കൊഴുത്ത മെയ്യാകവേ താഴ്ത്തി കിടക്കുന്ന പോത്തിനെ കേരളത്തിലെ രാഷ്ട്രീയക്കാരനുമായി ഉപമിക്കുന്ന - ഹാ പോത്തേ, നിന്നിലഴുകിയ ഭാഗ്യമേ ഭാഗ്യം എന്ന് ആശ്ചര്യപ്പെടുന്ന, എന്.എന്. കക്കാടിന്റെ "പോത്ത്" എന്ന കവിത ഓര്ക്കുക). ഈ കാര്ട്ടൂണിലെ കാക്കകളുമായി അത് കൂട്ടിവായിക്കുക.

ഈ അധികാരത്തിന്റെ ചെളിവെള്ളത്തില് ഗാന്ധിജിയുടെയും നെഹ്രുവിന്റെയും കാലുകള് എത്ര ആഴ്ന്നിരിക്കുന്നു എന്നത് ശ്രദ്ധിക്കുക: കൊക്കുകള് സന്യസിക്കുകയാണ്. ഗാന്ധിജി ഒറ്റക്കാലേ വെള്ളത്തില് കുത്തിയിട്ടുള്ളൂ. കുത്താന് ആഗ്രഹമുണ്ടായിട്ടല്ല. എന്നാല് നെഹ്രു രണ്ടു കാലും കുത്തിയിരിക്കുന്നു! അധികാരത്തോടുള്ള ഗാന്ധിജിയുടെയും നെഹ്രുവിന്റെയും സമീപനത്തിലെ വ്യത്യാസവും ഇവിടെ കാണാം. (മുഹമ്മദാലി ജിന്നയെ ഇന്ത്യയുടെ പ്രധാനമന്ത്രി ആക്കി ഇന്ത്യയെ വിഭജിക്കുന്നത് തടയാന് ഗാന്ധിജി ശ്രമിച്ചു. നെഹ്രുവും മറ്റ് കോണ്ഗ്രസ് നേതൃത്വവും ഇതിനു എതിരായിരുന്നു, നെഹ്രുവിനു പ്രധാനമന്ത്രി ആവണം എന്നായിരുന്നു ആഗ്രഹം - സ്വാതന്ത്ര്യം അര്ത്ഥരാത്രിയില്, ലാറി കോളിന്സ്, ഡൊമിനിക് ലാപ്പിയര്).

==ചെളിക്കുളം==
ഈ കുളത്തില് കുളിക്കുന്ന കാക്കകള് ഉമ്മന് ചാണ്ടി, രമേശ് ചെന്നിത്തല, കരുണാകരന്, ആന്റണി എന്നിവരാണ്. ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം നെഹ്രുവും ഗാന്ധിജിയും കൊക്കുകള് (വെളുത്ത കൊക്കുകള്) ആണെങ്കില് ബാക്കി നാലുപേരും കറുത്ത കാക്കകള് ആണെന്നതാണ്. വെളുപ്പും കറുപ്പും നിറങ്ങളുടെ സിംബോളിസത്തെക്കുറിച്ച് പറയേണ്ടതില്ലല്ലോ. (ഹിച്ച്കോക്കിന്റെ സൈക്കോ എന്ന സിനിമ വളരെ നല്ലതാണ്. ഇതില് നായിക ജോലിചെയ്യുന്ന കമ്പനിയില് നിന്നും പണവും മോഷ്ടിച്ചുകൊണ്ട് മുങ്ങും. മുങ്ങുന്നതു വരെ നായികയുടെ പേഴ്സിന്റെ നിറം വെളുപ്പാണ്. ജോലിചെയ്യുന്ന കമ്പനിയില് നിന്ന് പണം മോഷ്ടിച്ചു കഴിയുമ്പോള് മുതല് ചിത്രത്തില് പേഴ്സിന്റെ നിറം കറുപ്പ്!).

കുളത്തില് കുളിക്കുന്നവരില് ഏറ്റവും സന്തോഷത്തോടെ, ഒരു കുറ്റബോധവും ഇല്ലാതെ, ആഹ്ലാദിച്ചുല്ലസിച്ചു കുളിക്കുന്നത് കരുണാകരന് ആണെന്നു കാണാം. കേരള രാഷ്ട്രീയത്തെ ശ്രദ്ധയോടെ വീക്ഷിച്ചവര് ഇതിനെ എതിര്ക്കില്ല. അധികാരത്തിന്റെ കാര്യത്തില് ഒരു കുറ്റബോധവും ഇല്ലാതെ ഭരിച്ച ആളായിരുന്നല്ലോ കരുണാകരന്. ഉമ്മന് ചാണ്ടിയുടെ സന്തോഷത്തിനും കുറവില്ല. (ഉമ്മന് ചാണ്ടി കേരള മുഖ്യമന്ത്രി ആയിരിക്കുന കാലത്താണ് ഈ കാര്ട്ടൂണ് പുറത്തുവന്നത്). രമേശ് ചെന്നിത്തല - വെള്ളത്തില് തൊട്ടുനോക്കുന്നതേ ഉള്ളൂ. മുഖത്ത് അത്ര തെളിച്ചവും ഇല്ല. രമേശ് ചെന്നിത്തല മന്ത്രി / എം.എല്. എ ആവുന്നതിനു പകരം പാര്ട്ടി സംഘാടകനായി ആണ് കൂടുതല് പ്രവര്ത്തിച്ചിട്ടുള്ളതെന്നും ഓര്ക്കുക.

==ആന്റണിയും സ്വപ്നവും==
കേരള രാഷ്ട്രീയത്തില് പ്രത്യയശാസ്ത്ര / ആദര്ശ രാഷ്ട്രീയത്തിന്റെ പ്രതീകം ആകുവാന് ഇഷ്ടപ്പെടുന്ന രാഷ്ട്രീയ നേതാവാണ് എ.കെ. ആന്റണി. എന്നാല് വീണ്ടുവിചാരം ഇല്ലായ്മയും മുത്തങ്ങയിലെ പോലീസ് ആക്ഷന്, സ്വാശ്രയ പ്രശ്നത്തിലെ അബദ്ധങ്ങള്, തുടങ്ങിയ പല പ്രശ്നങ്ങളും കൊണ്ട് ആന്റണി ആഗ്രഹിക്കുന്ന ചിത്രം അല്ല ഇന്ന് ജനങ്ങളുടെ മനസ്സില് ആന്റണിയെക്കുറിച്ച് ഉള്ളത്. അതാണ് ആന്റണിയും കൊക്കിനു പകരം കാക്ക ആയി പോവുന്നത്. ഈ ഇമേജ് മാറ്റണം എന്ന് ആന്റണിക്ക് ആഗ്രഹം ഉണ്ടുതാനും. (ആന്റണിക്കാക്ക ചിത്രത്തില് സോപ്പുതേച്ച് വെളുക്കാന് നോക്കുന്നത് ശ്രദ്ധിക്കുക. എങ്കിലും കാക്കകുളിച്ചാല് കൊക്കാവുമോ എന്നത് വായനക്കാരന്റെ സംശയം മാത്രം) ആന്റണിയും കരുണാകരനും പുറം തിരിഞ്ഞാണു നില്ക്കുന്നത്. കേരള രാഷ്ട്രീയത്തില് എന്നും അങ്ങനെ ആയിരുന്നു താനും.

ആന്റനിയുടെ സ്വപ്നത്തിനു വല്ല കുറവും ഉണ്ടോ? നെഹറുവിനെപ്പോലെ ശാന്തമായ ജലത്തില് രണ്ടുകാലും അല്ല, ഗാന്ധിജിയെപ്പോലെ ഒറ്റക്കാലില് നില്ക്കുന്ന കൊക്ക്, അതേ ശാന്തത, തലയ്ക്കുമുകളില് ദിവ്യത്വത്തിന്റെ പ്രഭാവലയം, അതാണ് ആന്റണിയുടെ സ്വപ്നം!. സ്വപ്നം കാണുന്ന ആന്റണി രണ്ടു ചിത്രങ്ങളിലും കണ്ണും അടച്ചു നില്ക്കുകയും ചെയ്യുന്നു. എന്നാല് ആന്റണി അധികാരത്തിന്റെ ജലധാരയില് നനയുന്നും ഉണ്ടു താനും. ആന്റണി മാറിനിന്ന് സ്വപ്നം കാണുകയല്ല, ചെളിക്കുളത്തില് ഇറങ്ങിനിന്നു തന്നെ സ്വപ്നം കാണുകയാണ്.

ചുരുക്കത്തില് ഗാന്ധിസം, നെഹ്രൂവിയന് സോഷ്യലിസം, ഒക്കെ അധികാരക്കുളത്തിനെ പിടിച്ചുനിറുത്തുന്ന, നിറയ്ക്കുന്ന, നനയിക്കുന്ന ആദര്ശങ്ങള് മാത്രമാവുന്നു. എല്ലാ ഇസങ്ങളും സ്വന്തം ഇഷ്ടപ്രകാരം എടുത്തു പ്രയോഗിക്കുക കോണ്ഗ്രസിന്റെ മാത്രമല്ല, കേരളത്തിലെ കമ്യൂണിസ്റ്റു പാര്ട്ടികളുടെയും മാര്ഗ്ഗമാണ്.

==തോര്ത്ത്==

ഇവിടെ ഒരു തോര്ത്ത് തൂക്കിയിരിക്കുന്നത് ശ്രദ്ധിക്കുക. തോര്ത്തില് നിന്ന് ഒരു വെള്ളത്തുള്ളിപോലും ഇറ്റുവീഴുന്നില്ല. ആരും തോര്ത്തെടുത്ത് ഈ ചെളിവെള്ളം ഒന്ന് തൂത്തുകളഞ്ഞതായി തോന്നുന്നില്ല. കല്പ്പാന്തകാലത്തോളം തോര്ത്ത് അങ്ങനെയേ ഇരിക്കും.

(ജാമ്യം: ഇത് ഒരു ആസ്വാദനം മാത്രമാണ്. കാര്ട്ടൂണിലെ കുറവുകള്, എന്തൊക്കെ നന്നാക്കാം, എന്നൊക്കെ ഈ എഴുത്തില് ഞാന് പറയുന്നില്ല. നെഹ്രുവിന്റെ വലിയ ഫാന് അല്ലാത്ത ഞാന് നെഹ്രുവിനെയും ഗാന്ധിജിയെയും ഒരേ പുണ്യനദിയില് നിറുത്തിയതിനെ എതിര്ത്തേക്കാം. സുജിത്തിന്റെ വീക്ഷണം വേറെ ആവാം. എങ്കിലും സുജിത്തിന്റെ കാര്ട്ടൂണുകളില് ഏറ്റവും ആഴമുള്ളതായി എനിക്കുതോന്നിയത് ഇതാണ്).

simynazareth@gmail.com

കാലമിനിയുമുരുളും................

Thursday, September 20, 2007

വിളനാശം


വിള നശിച്ചവരേയും വീട് നഷ്ടപ്പെട്ടവരേയും പുനരധിവസിപ്പിക്കും-മുഖ്യമന്ത്രി